കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ച വീട്ടുകാർക്കെതിരേ കേസ്

 

കൂത്തുപറമ്പ്: മാങ്ങാട്ടിടം കണ്ടേരിയിൽ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം ആരോഗ്യപ്രവർത്തകരെയോ പോലീസിനെയോ പഞ്ചായത്തിലോ അറിയിക്കാതെ വീട്ടുകാർ സംസ്കരിച്ചു. വാർധക്യസഹജമായ അസുഖത്താൽ തിങ്കളാഴ്ച തൊക്കിലങ്ങാടിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയ്ക്ക് വിധേയമായപ്പോൾ നടത്തിയ പരിശോധനയിലാണ് വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ആസ്പത്രി അധികൃതർ രോഗിയെ അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ കൂടെയുള്ളവർ വിസമ്മതിക്കുകയും ആരോഗ്യപ്രവർത്തകരെയോ പഞ്ചായത്ത് അധികൃതരെയോ അറിയിക്കാതെ രോഗിയുമായി വീട്ടിലേക്ക് മടങ്ങുകയുമായിരുന്നത്രേ. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇവർ ചൊവ്വാഴ്ച മരിച്ചു. മരണശേഷവും കോവിഡ് ബാധിച്ചാണ് മരിച്ചത് എന്ന വിവരം നാട്ടുകാരെയോ അധികൃതരെയോ അറിയിക്കാതെ ചടങ്ങുകൾ നടത്തി സംസ്കരിക്കുകയും ചെയ്തു. ചടങ്ങുകൾ കഴിഞ്ഞതിനുശേഷമാണ് ജില്ലാ സെന്റർ വഴി ആരോഗ്യവകുപ്പിന് കോവിഡ് ബാധിതയുടെ വിവരങ്ങൾ ലഭിക്കുന്നത്. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തുന്നതിനുമുൻപ്‌ സംസ്കാരച്ചടങ്ങുൾപ്പെടെ കഴിഞ്ഞിരുന്നു.

തുടർന്ന് ആരോഗ്യപ്രവർത്തകരും പഞ്ചായത്തധികൃതരും വയോധിക കോവിഡ് ബാധിച്ച മരിച്ചതാണെന്ന വിവരം കൂത്തുപറമ്പ് പോലീസിൽ അറിയിക്കുകയായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച വിവരം മറച്ചുവെച്ച് ശവസംസ്കാരം നടത്തിയതിന് വീട്ടുക്കാർക്കെതിരേ പകർച്ചവ്യാധിനിയന്ത്രണ നിയമപ്രകാരം പോലീസ് കേസെടുത്തു. ചടങ്ങിൽ പങ്കെടുത്തവരെ അധികൃതർ ഇടപെട്ട് നിരീക്ഷണത്തിലാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: