കട്ടപ്പനയിൽ എട്ട് വയസുകാരിയെ തല്ലി പരിക്കേൽപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

എട്ട് വയസുള്ള പെൺകുട്ടിയെ മർദ്ദിച്ച കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ഉപ്പുതറ പത്തേക്കർ കുന്നേൽ അനീഷാണ് അറസ്റ്റിലായത്. അറസ്റ്റിലായ അനീഷിനെ കോടതി റിമാൻഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്കയച്ചു. മൂന്ന് പെണ്മക്കളോടൊപ്പം താമസിക്കുന്ന യുവതിയുടെ എട്ടു വയസുകാരിയായ മൂത്ത മകളെയാണ് അനീഷ് ചൂരൽ വടി കൊണ്ട് ദയയില്ലാതെ തല്ലിയത്. തളർവാതം പിടിച്ച് കിടപ്പിലായ ഭർത്താവിൽ നിന്നും യുവതി മൂന്ന് പെണ്മക്കൾക്കൊപ്പം മാറി താമസിക്കുകയാണ്. ഭാര്യയുമായി പിണങ്ങി കഴിയുന്ന അനീഷ് കഴിഞ്ഞ ഒരു വർഷമായി ഇവർക്കൊപ്പമാണ് താമസം. കുട്ടിയെ അനീഷ് ഉപദ്രവിക്കുന്നത് കണ്ടിട്ടും അമ്മ അയാളെ തടയുകയോ അധികൃതരെ അറിയിക്കുകയോ ചെയ്തില്ല. അമ്മക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.അനീഷ് യുവതിയുടെയും മക്കളുടെയും കൂടെ താമസിക്കുന്നത് പല തവണ എതിർത്തിരുന്നുവെന്ന് ഭർത്താവിന്‍റെ ബന്ധുക്കൾ അറിയിച്ചു. അമ്മയുടെ സുഹൃത്തായ അനീഷിന്‍റെ മർദ്ദനമേറ്റ കുട്ടിയെ അച്ഛന്‍റെ സഹോദരി കൂട്ടിക്കൊണ്ടു പോയി. അനീഷ് വീട്ടിൽ വരുന്ന കാര്യം അച്ഛനെ അറിയിക്കുമെന്ന് കുട്ടി പറഞ്ഞതിനെ തുടർന്നായിരുന്നു മർദ്ദനം. കുട്ടിയെ അനീഷ് തല്ലിയതായി അച്ഛന്‍റെ സഹോദരിയാണ് പോലീസിൽ പരാതി നൽകിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: