റെഡ് സോണ്‍ പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ മാത്രം, ബാക്കി എല്ലാം കോൾ സെന്റർ വഴി: നടപടികൾ ശക്തം

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ റെഡ്, ഓറഞ്ച് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന 12 തദ്ദേശ സ്ഥാപനങ്ങളില്‍ പോലിസ് നടപടികള്‍ കര്‍ശനമാക്കുമെന്ന് ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്ര വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരേ നടപടിയെടുക്കും.

റെഡ് സോണ്‍ പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള ഒരു വ്യാപാര സ്ഥാപനവും തുറന്നു പ്രവര്‍ത്തിക്കില്ല. അവശ്യ സാധനങ്ങളെല്ലാം തദ്ദേശ സ്ഥാപനതല കോള്‍ സെന്റര്‍ വഴി വീടുകളിലെത്തിക്കും. ഇതിന് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും. ഇവിടങ്ങളില്‍ റേഷന്‍ കടകള്‍, മറ്റ് സിവില്‍ സപ്ലൈസ് ഷോപ്പുകള്‍, ബാങ്കുകള്‍, മല്‍സ്യ-മാംസ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ അടച്ചിടും. റെഡ് സോണ്‍ പ്രദേശങ്ങളില്‍ ആളുകളുടെ സഞ്ചാരം കര്‍ശനമായി നിയന്ത്രിക്കും. ആളുകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങുന്നതും ഒരുമിച്ചു കൂടുന്നതും കര്‍ശനമായി തടയും. ഈ പ്രദേശങ്ങളിലേക്ക് പുറമെ നിന്നുള്ള ആളുകള്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. ഇവിടങ്ങളിലെ മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍ തുടങ്ങി പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരുടെ ആരോഗ്യനില ആശാ വര്‍ക്കര്‍മാര്‍ ദിനേന വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കെതിരേ കേസെടുത്ത് അഞ്ചരക്കണ്ടിയിലെ പ്രത്യേക കോവിഡ് ആശുപത്രിയിലേക്കോ കൊറോണ കെയര്‍ സെന്ററിലേക്കോ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ മറ്റിടങ്ങളില്‍ ലോക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി, പാട്യം, കതിരൂര്‍, കോട്ടയം മലബാര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളാണ് റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. തലശ്ശേരി, പാനൂര്‍ മുനിസിപ്പാലിറ്റികള്‍, ന്യൂമാഹി, മൊകേരി, പന്ന്യന്നൂര്‍, ചിറ്റാരിപ്പറമ്പ്, ചൊക്ലി, നടുവില്‍ പഞ്ചായത്തുകള്‍ എന്നിവയാണ് ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ യെല്ലോ സോണിലാണ്.


ഓറഞ്ച് സോണുകളില്‍ മെഡിക്കല്‍ ഷോപ്പുകള്‍, റേഷന്‍ കടകള്‍, ബാങ്കുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. അതേസമയം, അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ഏതൊക്കെ പ്രദേശങ്ങളില്‍, എത്ര കടകള്‍, എത്രസമയം തുറന്നു പ്രവര്‍ത്തിക്കണമെന്നതിനെ കുറിച്ച് തദ്ദേശ സ്ഥാപനതലത്തിലുള്ള സേഫ്റ്റി കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കൂടുതല്‍ പോസിറ്റീവ് കേസുകളുള്ളതും കൂടുതല്‍ പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതുമായ വാര്‍ഡുകളില്‍ നിയന്ത്രണം കര്‍ക്കശമാക്കുകയും മറ്റിടങ്ങളില്‍ നിയന്ത്രണത്തിന് വിധേയമായി കടകള്‍ തുറക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടങ്ങളില്‍ അവലംബിക്കുക. മല്‍സ്യ-മാംസ മാര്‍ക്കറ്റുകള്‍ തുറക്കുന്ന കാര്യത്തിലും തദ്ദേശ സ്ഥാപനതല കമ്മിറ്റിയാണ് തീരുമാനമെടുക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: