ലീഗ്-കോണ്‍ഗ്രസ് അനുരഞ്ജന നീക്കം കൊളച്ചേരിയില്‍ തട്ടി പൊളിഞ്ഞു…

ലീഗ്-കോണ്‍ഗ്രസ് അനുരഞ്ജന നീക്കം കൊളച്ചേരിയില്‍ തട്ടി പൊളിഞ്ഞു…
കണ്ണൂര്‍: കൊളച്ചേരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ട് വരണമെന്ന മുസ്ലിം ലീഗിന്റെ അന്ത്യശാസനം കോണ്‍ഗ്രസിനെ കുഴക്കുന്നു. അനുരഞ്ജന നീക്കങ്ങളെല്ലാം പഞ്ചായത്തിലെ കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ തളളി.  മുസ്ലിം ലീഗിന് പ്രസിഡണ്ട് സ്ഥാനം ലഭിക്കുന്ന രീതിയിലുള്ള ഒരു നീക്കത്തോടും യോജിക്കില്ലെനാണ് രണ്ട് സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങളുടെ നിലപാട്. ഭൂരിപക്ഷം ഉണ്ടായിട്ടും ഭരണത്തില്‍ നിന്ന് പുറത്ത് നില്‍ക്കേണ്ട അവസ്ഥയിലാണ് കൊളച്ചേരിയില്‍ മുസ്ലീം ലീഗ്. കോണ്‍ഗ്രസിന് വൈസ് പ്രസിഡണ്ട് സ്ഥാനമുണ്ട്താനും. ഈ പ്രശ്‌നം പരിഹരിക്കാതെ ജില്ലയിലെ ഒരു യു.ഡി.എഫ് പരിപാടിയുമായും സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ജില്ലാ ലീഗ് നേതൃത്വം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കം ഇല്ലെന്നും നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസ്സനും പ്രശ്‌നത്തില്‍ ഇടപെട്ടിടന്നു. അവിശ്വാസം കൊണ്ട് വരുന്നതിന് മുന്‍കൈ എടുക്കാമെന്ന ഉറപ്പും കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കി. എന്നാല്‍ ലീഗമായുള്ള ഒരു ധാരണക്കും തയ്യാറല്ലെന്ന നിലപാടിലാണ് കൊളച്ചേരി പത്തായത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും അണികളും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ലീഗ് ശ്രമിച്ചതായ പരാതിയാണ് പ്രാദേശിക നേതാക്കള്‍ക്കുള്ളത്. കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളാണ് പഞ്ചായത്തില്‍ ഉള്ളത്. ഇതില്‍ എം. അനന്തന്‍ മാസ്റ്റര്‍ വൈസ് പ്രസിഡണ്ടാണ്. ലീഗമായി ധാരണയാകുന്നതില്‍ അനന്തന്‍ മാസ്റ്റര്‍ക്ക് വലീയ എതിര്‍പ്പില്ല. എന്നാല്‍ കോടിപ്പൊയില്‍ വാര്‍ഡ് അംഗവും ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണുമായ പി. നബീസയും പള്ളിപ്പറമ്പ് വാര്‍ഡ് അംഗവും ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണുമായ ഷറഫുന്നീസയും കോണ്‍ഗ്രസിന്റെ അനുരഞ്ജന നീക്കത്തോട് യോജിക്കുന്നില്ല. ലീഗുമായി ഇനി ധാരണയില്ലെന്നും അവിശ്വാസ പ്രമേയം കൊണ്ട് വന്നാല്‍ അനുകൂലിക്കില്ലെന്നും ഷറഫുന്നീസ .  പാര്‍ട്ടി എന്ത് നടപടി എടുത്താലും നിലപാട് മാറ്റില്ല . ഇത് എന്റെയും പി.നബീസയുടെയും ഉറച്ച തീരുമാനമാണെന്നും ഷറഫുന്നീസ പറഞ്ഞു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ് കോടിപ്പൊയിലും പള്ളി പറമ്പും. ഇവിടെ പിടിമുറുക്കാനുള്ള ലീഗ് ശ്രമത്തെ ചെറുത്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ വാര്‍ഡ് തലത്തില്‍ ശക്തമായ ലീഗ് വിരുദ്ധ വികാരവും നിലനില്‍ക്കുന്നുണ്ട്.  ഇത് മനസ്സിലാക്കിയാണ് ഡി.സി.സി നേതൃത്വം കരുതലോടെ നീങ്ങുന്നതും. വാര്‍ഡ് അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടായാല്‍ അത് പാര്‍ട്ടിയെ ബാധിക്കുമെന്ന് ഉറപ്പ്. ഇക്കാര്യം ബൂത്ത്, മണ്ഡലം, ബ്ലോക്ക് കമ്മറ്റികള്‍ മേല്‍ഘടകത്തെ അറിയിച്ചിട്ടുണ്ട്. ലീഗ് അംഗമായിരുന്ന പ്രസിഡണ്ട് കെ.സി.പി. ഫൗസിയ രാജി വെച്ചതോടെയാണ് പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനം ശിഥിലമായത്. ലീഗ് വിമതയായ കെ.എം.പി സറീന രണ്ട് കോണ്‍ഗ്രസ് അംഗങ്ങളുടെയും സി.പി.എം അംഗങ്ങളുടെയും പിന്തുണയിലാണ് പ്രസിഡണ്ടായത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിപ്പ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയും യു.ഡി എഫിന് വിനയായി. കൊളച്ചേരി പഞ്ചായത്തില്‍ മാത്രമൊതുങ്ങിയിരുന്ന വിഷയം ലീഗ് ജില്ലാ അടിസ്ഥാനത്തില്‍ ഉയര്‍ത്തി കൊണ്ട് വന്നതോടെയാണ് കോണ്‍ഗ്രസിന് തലവേദനയായത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ലീഗ് പരസ്യ നിലപാട് എടുക്കുകയും ചെയ്തു. കെ.സുധാകരന്‍ നേരിട്ട് ഇടപെട്ടിട്ടും അനുരഞ്ജനത്തിന്  തയ്യാറാകാത്ത പഞ്ചായത്ത് അംഗങ്ങളെ എങ്ങനെ കൂടെ നിര്‍ത്തുമെന്നത് കോണ്‍ഗ്രസില്‍ വലീയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രണ്ട് വാര്‍ഡ് അംഗങ്ങളെ തഴഞ്ഞും കോണ്‍ഗ്രസ് ലീഗിനെ ഒപ്പം നിര്‍ത്തുമോ എന്നാണ് ഇനി അറിയാനുള്ളത്‌

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: