കണ്ണൂര്‍ വിമാനത്താവളത്തില്‍ എ സി ലോഫ്‌ളോര്‍ ബസ് സര്‍വീസ് ആരംഭിച്ചു

 

കണ്ണൂര്‍ വിമാനത്താവളത്തില്‍ ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ എ സി ലോഫ്‌ളോര്‍ സര്‍ക്കുലര്‍ ബസ് സര്‍വീസിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഉത്തരമലബാറിന്റെ വികസനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബസ് സര്‍വീസ് ആരംഭിക്കുന്നതെന്നും ചുരുങ്ങിയ ചെലവില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചും എത്തിച്ചേരാന്‍ ഈ സേവനം ഫലപ്രദമാണെന്നും മന്ത്രി  പറഞ്ഞു.
തലശ്ശേരി, കണ്ണൂര്‍ ഡിപ്പോകളില്‍ നിന്ന് ഒരോ ബസ് വീതമാണ്  സര്‍വീസ് നടത്തുന്നത്. കണ്ണൂര്‍, തലശ്ശേരി റെയില്‍വേ സ്റ്റേഷനുകളിലേക്കാണ് സര്‍വീസ് നടത്തുക. ഒരു ദിവസം നാല് ട്രിപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്.  വിമാനങ്ങള്‍ എത്തിച്ചേരുന്ന സമയം അനുസരിച്ചും യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചും ട്രിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കും. എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. 200 രൂപയാണ് ചാര്‍ജായി നിശ്ചയിച്ചിട്ടുള്ളത്.
എയര്‍പോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ വ്യവസായ – കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനായി. മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അനിതാ വേണു ഫ്‌ളാഗ് ഓഫ് ചെയ്തു. കോഴിക്കോട് നോര്‍ത്ത് സോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി വി  രാജേന്ദ്രന്‍, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, എയര്‍പോര്‍ട്ട് എം ഡി വി തുളസിദാസ്, കെഎസ്ആര്‍ടിസി ബോര്‍ഡ് അംഗങ്ങളായ ടി കെ രാജന്‍, സി എം ശിവരാമന്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ യൂസഫ്, ഇരിട്ടി നഗരസഭ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: