സെപ്റ്റംബറോടെ രണ്ടാം വിള കൃഷിക്ക്   ജലസേചനം ലക്ഷ്യമിട്ട് പഴശ്ശി പദ്ധതി

പഴശ്ശി ജലസേചന പദ്ധതിയിലൂടെ ഈ വര്‍ഷം സെപ്റ്റംബറോടെ രണ്ടാം വിള കൃഷിക്കുള്ള ജലസേചനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി കനാല്‍ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സജീവമായി. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് രൂപം കൊടുത്ത, ജില്ലയിലെ ഏക ജലസേചന പദ്ധതിയായ പഴശ്ശി പദ്ധതിയുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി സര്‍ക്കാര്‍ 2018ലെ ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തുകയും 7.50 കോടി രൂപയുടെ ആക്ഷന്‍ പ്ലാന്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഭരണാനുമതി ലഭിച്ച 7.50 കോടി രൂപയുടെ 13 പ്രവൃത്തികളില്‍ 11 എണ്ണം ഇ-ടെന്‍ഡര്‍ ചെയ്തു. ഒന്ന് സാങ്കേതികാനുമതിക്കായി ചീഫ് എഞ്ചിനീയര്‍ക്ക് അയച്ചിട്ടുണ്ട്. 12 പ്രവൃത്തികള്‍ പഴശ്ശി ഇറിഗേഷനും ഒന്ന് ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗവുമാണ് നടത്തുന്നത്. പ്രധാന കനാലിലൂടെയും ശാഖാ കനാലിലൂടെയും ജലവിതരണം പുനരാരംഭിക്കാന്‍ ഉതകുന്ന സിവില്‍, മെക്കാനിക്കല്‍ പ്രവൃത്തികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

2018 ആഗസ്റ്റിലെ പ്രളയത്തില്‍ തകര്‍ന്ന കനാല്‍ സ്ട്രക്ചറുകളുടെ പുനര്‍നിര്‍മ്മാണത്തിനാവശ്യമായ പ്രവൃത്തികളും കൂടി ഉള്‍പ്പെടുത്തിയാണ് പുനരുജ്ജീവന പ്രവര്‍ത്തനത്തിനുള്ള പദ്ധതികള്‍ തയാറാക്കിയത്. കനാലുകളിലെ കാടും മണ്ണും ചെളിയും മറ്റും വൃത്തിയാക്കുന്ന പ്രവൃത്തി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2018-19, 2019-20 വര്‍ഷങ്ങളില്‍ നടത്താന്‍ ബന്ധപ്പെട്ട ബ്ലോക്ക് തലങ്ങളില്‍ കര്‍മപരിപാടികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.

ലോകബാങ്ക് സഹായത്തോടെ 7.16 കോടി രൂപയുടെ ഡ്രിപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴശ്ശി ബാരേജ് ബലപ്പെടുത്തുന്ന പ്രവൃത്തികളും അതോടൊപ്പം പഴശ്ശി റിസര്‍വോയര്‍ പ്രദേശം സംരക്ഷിച്ചുനിര്‍ത്തുന്ന പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. 7.50 മെഗാ വാട്ട് ശേഷിയുള്ള മിനി ജലവൈദ്യുത പദ്ധതിക്ക് പഴശ്ശി ബാരേജില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്.

പഴശ്ശി പദ്ധതിയിലൂടെ കഴിഞ്ഞ 10 വര്‍ഷത്തിന് മുമ്പു വരെ നല്ല തോതില്‍ ജലവിതരണം നടത്തിയിരുന്നു. എന്നാല്‍ ബാരേജിന്റെ തകരാറിലായ ഷട്ടറുകളിലൂടെയുള്ള ചോര്‍ച്ച കാരണം പിന്നീട് ജലവിതരണം തടസ്സപ്പെട്ടു. 2012ലെ വെള്ളപ്പൊക്കത്തില്‍ പദ്ധതിയുടെ പ്രധാന കനാലിന്റെ തുടക്കത്തില്‍ ഉണ്ടായ പിളര്‍പ്പ് മൂലവും ജലവിതരണം മുടങ്ങി. തകരാറിലായ ഷട്ടറുകള്‍ മുഴുവന്‍ പുനഃസ്ഥാപിച്ച് 2016ല്‍ പൂര്‍ണ സംഭരണ ശേഷി വരെ വെള്ളം സംഭരിക്കാന്‍ സാധിച്ചിരുന്നു. 2018 ആഗസ്റ്റിലെ ഉരുള്‍പൊട്ടലിലും പ്രളയത്തിലും പദ്ധതിയുടെ ചില കനാല്‍ സ്ട്രക്ചറുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: