വൈജ്ഞാനിക കേരളത്തെ മൂലധനമാക്കി നവകേരളം സൃഷ്ടിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ,
കണ്ണൂർ ഗവ. എഞ്ചിനിയറിംഗ് കോളേജിൽ തൊഴിൽ മേള തുടങ്ങി

വൈജ്ഞാനിക കേരളത്തെ മൂലധനമാക്കി നവകേരള സൃഷ്ടിക്കാണ് തൊഴിൽ മേളകളിലൂടെ കേരള സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കണ്ണൂർ ഗവ. എഞ്ചിനിയറിംഗ് കോളേജിൽ കേരള നോളജ് എക്കോണമിമിഷന്റെ നേതൃത്വത്തിൽ കെഡിസ്‌ക് സംഘടിപ്പിച്ച തൊഴിൽ മേള ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലാദ്യമായി കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങളോടൊപ്പം തൊഴിലന്വേഷണം, തൊഴിൽ പരിശീലനം, നൈപുണ്യവികസനം, തൊഴിൽ ദായകരെ ബന്ധപ്പെടുത്തൽ തുടങ്ങിയ സമഗ്രമായ നടപടികളുമായി ഒരു സർക്കാർ മുന്നിട്ടിറങ്ങുന്ന ബദൽ പദ്ധതിയാണ് ഇത്തരം തൊഴിൽ മേളകൾ. തൊഴിലന്വേഷകരെ സർക്കാരിന്റെ തന്നെ വിവിധ ഏജൻസികളെ ഉപയോഗപ്പെടുത്തി തൊഴിൽ നേടാൻ പ്രാപ്തരാക്കുന്നു. ഇതിന് പ്രാദേശിക സർക്കാരുകൾക്ക് ചുമതല നൽകുകയാണ്. ആയിരം പേരിൽ അഞ്ച് പേർക്ക് എന്ന തോതിൽ ഒരു ലക്ഷം സംരംഭക പ്രവർത്തനങ്ങളാണ് ആരംഭിക്കുക. ഇതിന് സഹകരണ ബാങ്കുകളുടെ സാമ്പത്തിക ശേഷി ഉപയോഗപെടുത്തും. സുസ്ഥിര പദ്ധതികളാവും നടപ്പിലാക്കുക-മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 100 ദിന പരിപാടിയുടെ ഭാഗമായി ആയിരം പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ആരംഭിച്ച തൊഴിൽ മേളയിൽ 1300 തൊഴിലന്വേഷകരും 51 കമ്പനികളും പങ്കെടുത്തു ഇതിൽ 11 കമ്പനികൾ ഓൺലൈനായാണ് പങ്കെടുത്തത്. ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡി ഡബ്ല്യൂ എം എസ്) സംവിധാനം വഴിയാണ് തൊഴിലന്വേഷകർ അവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തേടുന്നത്. അസാപ്, കെയ്‌സ്, ഡിജറ്റൽ യൂണിവേഴ്‌സിറ്റി കേരള, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് തൊഴിൽ മേള സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, വൈസ് ചെയർപേഴ്‌സൺ വി സതീദേവി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി പ്രേമരാജൻ മാസ്റ്റർ, കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, കൗൺസിലർമാരായ പ്രകാശൻ കൊയിലേരിയൻ, സി ബാലകൃഷ്ണൻ, കെ സത്യൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ കെ രമേശൻ, കോളജിലെ പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ.മഹേഷ്, കെ കെ ഇ എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എം സലീം, ഡി ഐ സി ജനറൽ മാനേജർ ടി ഒ ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: