നാറാത്ത് പഞ്ചായത്ത് ഓഫിസില്‍ നാടകീയ രംഗങ്ങള്‍;
യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് മെംബര്‍മാര്‍ എല്‍ഡിഎഫ് അംഗങ്ങളെ പൂട്ടിയിട്ടു,,അറസ്റ്റ്

കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്ത് ഓഫിസില്‍ പ്രതിപക്ഷ പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്കും അറസറ്റിലും കലാശിച്ചു. ഭരണസമിതി യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് മെംബര്‍മാര്‍ എല്‍ഡിഎഫ് അംഗങ്ങളെ ഉള്‍പ്പെടെയുള്ളവരുടെ യോഗഹാള്‍ പുറത്തുനിന്ന് പൂട്ടിയിടുകയും കുത്തിയിരുന്ന് ഉപരോധിക്കുകയും ചെയ്തതാണ് സംഘര്‍ഷാവസ്ഥയ്ക്കു കാരണമായത്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിപക്ഷ മെംബര്‍മാരോട് അവഗണന കാട്ടുന്നതായി നേരത്തേ യുഡിഎഫ് മെംബര്‍മാര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ വാര്‍ഡുകളോട് വികസനകാര്യത്തില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് നേരത്തെയും കോണ്‍ഗ്രസ്, മുസ് ലിം ലീഗ് മെംബര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. ഇന്ന് യോഗം തുടങ്ങിയപ്പോള്‍ പ്രസിഡന്റ് കെ രമേശന്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്ന് ആരോപിച്ചാണ് സൈഫുദ്ദീന്‍ നാറാത്ത്, മുഹമ്മദലി ആറാംപീടിക എന്നിവരുടെ നേതൃത്വത്തില്‍ അഞ്ച് വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ ഭരണസമിതി യോഗം ബഹിഷ്‌കരിച്ചത്. തുടര്‍ന്ന് പുറത്തിറങ്ങിയ മെംബര്‍മാര്‍ വാതില്‍ പുറത്തുനിന്ന് പൂട്ടിയിടുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറിക്ക് ഉള്‍പ്പെടെ നല്‍കിയ പരാതിയില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. സല്‍മത്ത് കെ വി, മിഹ്‌റാബി, മൈമൂനത്ത്, റഹ്മത്ത്, നിഷ ,സൈഫുദ്ദീൻ നാറാത്ത്,മുഹമ്മദലി ആറാം പീടിക എന്നിവരാണ് പ്രതിഷേധത്തില്‍ പങ്കാളികളായത്. വിവരമറിഞ്ഞ് മയ്യില്‍ പോലിസ് സ്ഥലത്തെത്തി. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡണ്ട്, അംഗങ്ങള്‍, അസി. സെക്രട്ടറി തുടങ്ങിയവരെയാണ് മീറ്റിങ് ഹാളില്‍ പൂട്ടിയിട്ടത്.
വിവരമറിഞ്ഞ് സമീപപ്രദേശങ്ങളിലെ ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിലെത്തിയത് സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി. യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് മെംബര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. പോലിസും മെംബര്‍മാരും തമ്മില്‍ അല്‍പ്പനേരം ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഒരു വനിതാ മെംബറുടെ കൈക്ക് നിസാര പരിക്കേറ്റു. അല്‍പ്പസമയത്തിനു ശേഷം പ്രതിഷേധക്കാരായ വനിതാ മെംബര്‍മാര്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് അംഗങ്ങളെയും പോലിസ് വാഹനത്തില്‍ അറസ്റ്റ് ചെയ്തുനീക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: