മെഗാ തൊഴിൽ മേള ഇന്ന് തുടങ്ങും;
100 സ്ഥാപനങ്ങൾ 5000 ഒഴിവുകൾ

ധർമശാല: നിരവധി പേർക്ക് തൊഴിൽ കണ്ടെത്തി നൽകുന്ന മെഗാതൊഴിൽ മേളകൾ വ്യാഴം വെള്ളി ദിവിസങ്ങളിൽ ധർമ്മശാലയിലെ കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജിൽ നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കേരള നോളജ് ഇക്കോണമി മിഷന്റെ കീഴിൽ കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെഡിസ്‌ക്), കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് (കെയ്‌സ്) എന്നിവയാണ് തൊഴിൽ മേളകൾ നടത്തുന്നത്. കെഡിസ്‌ക് തൊഴിൽ മേള പകൽ 2-30 ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷയാവും.
നൂറിലേറെ സ്ഥാപനങ്ങൾ പങ്കെടുക്കും. നേരിട്ടും ഓൺലൈനായും അഭിമുഖം നടക്കും. അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള കെഡിസ്‌ക് പദ്ധതിയുടെ ഭാഗമാണ് ഇന്നത്തെ മേള. രാവിലെ എട്ട് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് സമയം.
രജിസ്റ്റർ ചെയ്യുന്ന തൊഴിലന്വേഷകരുടെ യോഗ്യതയ്ക്കും അഭിരുചിക്കും അനുസൃതമായി കമ്പനികൾ ഉദ്യോഗാർഥികളെ തെരഞ്ഞെടുത്താണ് അഭിമുഖത്തിന് അവസരം നൽകുക. രജിസ്റ്റർ ചെയ്തവർക്ക് ഇന്റർവ്യൂ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ പരിശീലനം നൽകിയിട്ടുണ്ട്. ആദ്യ തൊഴിൽ മേളയിൽ തെരഞ്ഞെടുക്കപ്പെടാത്തവർക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നൽകി അവരെ തൊഴിൽ സജ്ജരാക്കാനുള്ള പദ്ധതികളും കേരള നോളജ് ഇക്കോണമി മിഷൻ നടപ്പിലാക്കും.
ഉദ്ഘാടന ചടങ്ങിൽ എം.പിമാരായ കെ. സുധാകരൻ, ഡോ. വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ എന്നിവർ വിശിഷ്ടാതിഥികളാവും. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, കേരള നോളജ് ഇക്കോണമി മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എം. സലിം തുടങ്ങിയവർ സംബന്ധിക്കും.
കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടവും, ജില്ലാ നൈപുണ്യ സമിതിയുടെയും ആഭിമുഖ്യത്തിൽ സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായുള്ള കെയ്സ് ജോബ് ഫെയർ ജനുവരി 14ന് രാവിലെ ഒമ്പത് മുതൽ കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജിൽ നടക്കും. വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. ഒരാൾക്ക് അഞ്ച് കമ്പനി ഒഴിവുകൾ അപേക്ഷിക്കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: