ഒടുവിൽ കാട്ടാന ഇരിട്ടി നഗരസഭയിലേക്ക് – വനം വകുപ്പിന്റെ വാഹനം തകർത്തു – അത്തിട്ടത്തിലെ ജനങ്ങൾ പത്ത് മണിക്കൂറോളം നിന്നത് ഭീതിയുടെ മുൾമുനയിൽ

ഇരിട്ടി: ഇരിട്ടി നഗരസഭാ പ്രദേശത്തും ഒടുവിൽ കാട്ടാന എത്തി . ബുധനാഴ്ച നഗരസഭയിൽ പെട്ട അത്തിത്തട്ട് പ്രദേശവാസികൾ ഉണർന്നത് കാട്ടാനയെ കണികണ്ട് കൊണ്ടായിരുന്നു. പിന്നീട് ഒരു പകൽ മുഴുവൻ ഇവിടുത്തെ ജനവാസ മേഖലയിൽ ഭീതി വിതച്ച കാട്ടാന ഭീതി ഒഴിഞ്ഞുപോയത് 10 മണിക്കൂറിനു ശേഷം. ജീപ്പും തകർത്താണ് ഒടുവിൽ അന മടങ്ങിയത്. ജീപ്പിൽ ഉണ്ടായിരുന്ന കൊട്ടിയൂർ റെയിഞ്ചറും ഡ്രൈവറും ആനയുടെ അക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.
ആറളം വനത്തിൽ നിന്നും ഇരുപത് കിലോമീറ്ററിലധികം സഞ്ചരിച്ചാണ് സൂചികൊമ്പൻ എന്ന് വിളിക്കുന്ന കൊമ്പനാന ഇരിട്ടി ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള ജനവാസ മേഖലയെ ഒരു പകൽ മുഴുവൻ ആശങ്കയുടെ മുൾമുനയിൽ നിർത്തിയത് . പത്ത് മണിക്കൂറിന് ശേഷം ഇതിനെ ഇവിടെ നിന്നും കാട്ടിലേക്ക് തുരത്തി വിടുന്നതിനിടെയാണ് കൊട്ടിയൂർ റെയിഞ്ചർ സുധീർ നരോത്തും ഡ്രൈവറും ഇരുന്ന ജീപ്പ് തകർത്തത്. സമീപം ഉണ്ടായിരുന്നവരുടെ ബഹളത്തിനിടിയിൽ ആനയുടെ ശ്രദ്ധമാറിയതാണ് ഇരുവർക്കും രക്ഷയായത്. അന വരുന്ന വഴിക്ക് സമീപത്തുണ്ടായിരുന്ന ഇരട്ടി എസ്ഐ ഉൾപ്പെടെ പോലീസും വനപാലക സംഘവും ഓടിരക്ഷപ്പെട്ടു.

ഇരിട്ടി നഗരസഭയുടെയും മുഴക്കുന്ന് പഞ്ചായത്തിന്റെയും അതിർത്തി പ്രദേശമായ ഊവാപ്പള്ളിയിൽ ബുധാനാഴ്ച്ച രാവിലെ ആറുമണിയോടെയാണ് ആദ്യം കൊമ്പനെ കാണുന്നത്. നിരവധി ഞങ്ങൾ തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലയാണ് ഇവിടം. വനം വകുപ്പ് അധികൃതർക്ക് വിവരം ലഭിക്കുമ്പൊഴെക്കും ആന ജനവാസമേഖകൾ ഒന്നൊന്നായി താണ്ടി അത്തിത്തട്ട് ക്രിസ്ത്യൻ പള്ളിക്ക് സമീപം എത്തി നിലയുറപ്പിച്ചു . ഇതിനിടയിൽ പലരും ആനയെകണ്ട് അമ്പരന്നോടി. രാവിലെ റബർ പാൽ എടുത്ത് വീട്ടുമുറ്റത്തു നിന്നും കൈ കഴുകുന്നതിനിടിയിൽ ചെങ്ങനാം കുഴി ജിജി ആനയുടെ മുന്നിൽ നിന്നും രക്ഷപ്പെട്ടു. സമീപത്ത് ടാപ്പിംങ്ങ് ചെയ്യുകയായിരുന്ന എൻ.പി. ചന്ദ്രൻ നാട്ടുകാർ വിളിച്ചു കൂവിയതിനാലാണ് ആനയുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെട്ടു. നിരവധി വീടുകൾ നിറഞ്ഞ പ്രദേശത്തോട് ചേർന്ന വാര്യർ മാസ്റ്ററുടെ മൂന്ന് ഏക്കറോളം വരുന്ന കാടുനിറഞ്ഞ പറമ്പിൽ കൊമ്പൻ നിലയുറപ്പിച്ചു. ചൂട് കനത്തതും ജലലഭ്യതയും ഇല്ലാത്തതും, ആൾ സാന്നിധ്യം നിറഞ്ഞതും മൂലം ആന പറമ്പിൽ അങ്ങോട്ടും ഇങ്ങോട്ടും ചിന്നം വിളിച്ച് നടന്ന് പ്രദേശത്തെ അകെ ഭിതിയിലാക്കി.
ആറളം ഡി എഫ് ഒ വി.സന്തോഷ്, കൊട്ടിയൂർ റെയിഞ്ചർ സുധീർ നരോത്ത്, ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ കെ. ജിജിൽ എന്നിവരുടെ നേതൃത്വത്തിൽ 50തോളം വരുന്ന വനപാലക സംഘവും രാവിലെ തന്നെ സ്ഥലത്ത് വിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചു. ഇരിട്ടി, മുഴക്കുന്ന് പോലീസും നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലത, വാർഡ് അംഗം എൻ.കെ. ഇന്ദുമതി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി. പോലീസും വനം വകുപ്പും മൈക്കിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പും നൽകി.
തുടർന്നു പത്ത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ജനവാസ മേഖലയിൽ നിന്നും ആനയെ തുരത്താനുള്ള നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇരിട്ടി- പേരാവൂർ റോഡിൽ പായം മുക്കിലും ഊവ്വാപളളിയിലുമായി ഗതാഗതം തടഞ്ഞു. അത്തിത്തട്ടിൽ നിന്നും റോഡ് കടത്തി ഊവ്വാപ്പള്ളി, അയ്യപ്പൻക്കാവ് വഴി ആറളം പുഴ കടത്തി ആറളം ഫാമിലേക്ക് കടത്തി വിടാനായിരുന്നു ശ്രമം. ആളൊഴിഞ്ഞ പറമ്പിൽ നിന്നും കുറച്ച് ദൂരം തുരത്തിയെങ്കിലും ആന വനപാലക്ക് നേരെ ചിന്നം വിളിച്ച് പാഞ്ഞടുത്തതോടെ സംഘം വിവിധ ഭാഗങ്ങളിലേക്ക് തിരിഞ്ഞോടി. കുറെ പേർ സമീപത്തെ കല്ലുവെട്ടു കുഴിയിൽ ചാടിയതുകൊണ്ടാണ് ആനയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടത്. ആന അക്രമകാരിയാകുമെന്ന് കണ്ടതോടെ തുരത്തൽ നടപടി തത്കാലം നിർത്തിവെച്ചു. മണിക്കൂറുകളോളം പറമ്പിന്റെ നാലു ഭാഗങ്ങളിലുമായി നാട്ടുകാരും പോലീസും വനപാലകരും ആനയുടെ ചലനങ്ങൾ നിരീക്ഷിച്ച് നിന്നു.
വൈകിട്ട് നാലുമണിയോടെ പ്രദേശത്താകെ മുന്നറിയിപ്പും കനത്ത സുരക്ഷയും ഒരുക്കി ആനയെ തുരത്താൻ തുടങ്ങി. ഇരിട്ടി- പേരാവൂർ റോഡിൽ ഇരു ഭാഗത്തുനിന്നും ഗതാഗതം തടഞ്ഞു. ആളൊഴിഞ്ഞ പറമ്പിൽ നിന്നും പടക്കം പൊട്ടിച്ച് ആനയെ വന്ന വഴിയെ തുരത്താനായിരുന്നു ശ്രമം. അത്തിത്തട്ട് റോഡിൽ നിന്നും ഇരിട്ടി- പേരാവൂർ റോഡ് കടത്തി ചാക്കാട് റോഡ് വഴി പുഴയിലേക്ക് കടത്താനായിരുന്നു പദ്ധതി തെയ്യാറാക്കിയത്. പ്രധാന വഴികളെല്ലാം അടച്ച് കാവലും ഏർപ്പെടുത്തി. മെയിൻ റോഡിൽ എത്തിയപാടെ ആന ചാക്കാട് റോഡിൽ പ്രവേശിക്കാതെ ഊവ്വാപ്പള്ളി ഭാഗത്തേക്ക് തിരിഞ്ഞു. ഇതിനിടയിലാണ് റോഡരികിൽ നിർത്തിയ വനം വകുപ്പിന്റെ ജീപ്പ് അക്രമിച്ചത്. ആ സമയം ജീപ്പിൽ സുരക്ഷാ നിർദ്ദേശം നൽകി കൊട്ടിയൂർ റെയിഞ്ചർ സുധീർ നരോത്തും ഡ്രൈവറും ഉണ്ടായിരുന്നു. ജീപ്പിന്റെ മുൻഭാഗം ആന കുത്തി പൊക്കി അവിടെ തന്നെ ഇട്ടു. രണ്ടാമതും കുത്താനുള്ള ശ്രമത്തിനിടയിൽ വനപാലക്കാരുടെയും മറ്റും ബഹളം കേട്ട് ആനയുടെ ശ്രദ്ധതിരിഞ്ഞു. ഇതാണ് ഇരുവർക്കും രക്ഷയായത്. അവിടെ ഉണ്ടായിരുന്ന ഇരിട്ടി എസ് ഐ ദിനേശൻ കൊതേരിയും മറ്റ് പോലീസുകാരും വാനപാലകരും ഓടിക്ഷപ്പെട്ടു. വീണ്ടും ആന റോഡിലൂടെ ഇരിട്ടി ഭാഗത്തേക്ക് തിരിഞ്ഞ് സമീപത്തെ വീട്ടുറമ്പിലൂടെ പായം കടവ് റോഡ് വഴി പുഴയിലേക്ക് ഇറങ്ങി. അവിടെ നിന്നും ചാക്കാട് വഴി ആറളം പാലത്തിനിനടിയിലൂടെ ആറളം ഫാമിലേക്ക് കടന്നു പോവുകയും ചെയ്തു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: