പയ്യന്നൂരിൽ തോക്കും തിരകളും കണ്ടെത്തിയ സംഭവത്തിൽ പാടിയോട്ടുചാൽ സ്വദേശി അറസ്റ്റിൽ

പയ്യന്നൂർ: പയ്യന്നൂർ അന്നൂരിൽ റോഡരികിൽനിന്ന് തോക്കും തിരകളും കണ്ടെത്തിയ സംഭവത്തിൽ പാടിയോട്ടുചാൽ സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. പാടിയോട്ടുചാൽ വങ്ങാട് സ്വദേശി ടി.കെ. രഞ്ജിത്തിനെ (30) ആണ് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ എസ്.ഐ. സർഫുദ്ദീൻ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒക്ടോബർ 18-ന് രാവിലെയാണ് അന്നൂർ കാറമേൽ പീപ്പിൾസ് ക്ലബ്ബിന്‌ സമീപത്തെ റോഡരികിൽ ബാഗിനുള്ളിൽ തോക്കും തിരകളും കണ്ടെത്തിയത്. ഫോറൻസിക് വിദഗ്‌ധരുടെ പരിശോധനയിൽ ഒരു വെടിമാത്രം പൊട്ടിച്ച 12 ബോറിന്റെ പുതിയ 1 നാടൻപിസ്റ്റളാണിതെന്നും ലോഡുചെയ്ത നിലയിലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചിരുന്നു.

പോലീസിന്റെ അന്വേഷണം പ്രതികളിലേക്കെത്തിയ ഘട്ടത്തിൽ രഞ്ജിത്ത് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടർന്ന് കോടതിയുടെ നിർദേശപ്രകാരം പോലീസ് കേസ് ഫയലുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകുന്നതിന് കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ എത്തിയപ്പോഴാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ സംഭവത്തിലെ കൂട്ടുപ്രതിയായ തളിപ്പറമ്പ് സ്വദേശി ഒളിവിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: