കതിരൂര്‍ പഞ്ചായത്തില്‍ പയര്‍ഗ്രാമം പദ്ധതിക്ക് തുടക്കം

തരിശുരഹിത പഞ്ചായത്തിനായി കൈകോര്‍ത്ത് കതിരൂര്‍ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ആദ്യഘട്ടമായി പഞ്ചായത്തില്‍ പയര്‍ഗ്രാമം പരിപാടിക്ക് തുടക്കം കുറിച്ചു. തരിശ് ഭൂമിയായിരുന്ന ചുണ്ടക്കാപൊയില്‍ തെക്കെവയലില്‍ വിത്തെറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ഷീബ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നൈട്രജന്റെ അളവ് കൂട്ടി മണ്ണിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് പയര്‍കൃഷി ചെയ്യുന്നതിലൂടെ സാധ്യമാകും.

പഞ്ചായത്തിലെ 50 ഏക്കറോളം വരുന്ന സ്ഥലങ്ങളില്‍ നെല്‍കൃഷി ചെയ്യുന്നതിന്റെ മുന്നോടിയായാണ് പയര്‍കൃഷി ചെയ്യുന്നത്. ഇതില്‍ പൊന്ന്യം തെക്കെവയലിലാണ് കൂടുതല്‍ സ്ഥലങ്ങള്‍ തരിശായിക്കിടക്കുന്നത്. ഇവിടെ കൃഷി ചെയ്യുന്നതിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചെറുപയര്‍, ഉഴുന്ന്, കോട്ടപ്പയര്‍ എന്നീ പയറുവര്‍ഗ്ഗങ്ങളാണ് കൃഷി ചെയ്യുന്നത്. വിളവെടുക്കുന്നതോടെ പഞ്ചായത്തിലെ സ്ഥിരം വിപണനകേന്ദ്രത്തിലൂടെയും, പൊന്ന്യം ആഗ്രോ സൊസൈറ്റിയിലൂടെയും ഇവ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.        കതിരൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ സംഗീത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി സതി,  ഗ്രാമപഞ്ചായത്ത് അംഗം വി കെ ലഹിജ,് കൃഷി ഓഫീസര്‍ അര്‍ച്ചന ശ്യാം, കെ നൂറുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: