പാഴ്വസ്തുക്കളിൽ നിന്ന് മെസിയെ സൃഷ്ടിച്ച് കുട്ടി ആരാധകർ

ലോകകപ്പ് ആവേശവുമായി എങ്ങും താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളും ഫ്ളക്സ് ബോർഡുകളും നിറഞ്ഞ് കഴിഞ്ഞു. ഇതിൽ നിന്ന് വ്യത്യസ്തമാവുകയാണ് പയ്യന്നൂർ കാനായിയിലെ കുട്ടി കളിയാരാധകർ. ലോകകപ്പ് ആഘോഷങ്ങൾ പ്രകൃതി സൗഹൃദമായി മാറ്റുകയാണ് ഇവർ ചെയ്യുന്നത്.
ഇഷ്ടതാരമായ ലയണൽ മെസിയുടെ ശില്പമാണ് ഇവർ ഒരുക്കുന്നത്. എന്നാൽ, സാധാരണയിൽ നിന്ന് വ്യത്യസ്തമായി പാഴ്വസ്തുക്കളാണ് ഇവർ ശില്പ നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഏഴടി ഉയരമുള്ള ശില്പമാണ് മെസിയുടെ കടുത്ത ആരാധകരായ കുട്ടികൾക്കായി ഒരുങ്ങുന്നത്. ശില്പി ഉണ്ണി കാനായിയാണ് ശില്പത്തിന്റെ നിർമാതാവ്.
പഴയ പേപ്പർ, തുണി, ചകരി, മൈദ, പശ, മാസ്കിങ് ടേപ്പ്, പ്ലാസ്റ്റർ ഓഫ് പാരിസ് എന്നിവയാണ് ശില്പത്തിനായി ഉപയോഗിച്ചത്. രണ്ട് ദിവസം കൊണ്ടാണ് ശില്പത്തിന്റെ നിർമാണം നടത്തിയത്. രണ്ട് കൈയും അരയിൽ വെച്ച് ചെമ്പന്താടിയും ഇടതു കൈയിൽ ടാറ്റു കുത്തിയ ചിത്രവുമായി ഫ്രീകിക്ക് എടുക്കാൻ തയ്യാറായി നിൽക്കുന്ന മെസിയെയാണ് ശില്പ രൂപത്തിലാക്കിയത്. കുട്ടി കലാകാരന്മാരായ അർജുൻ, അലോഖ്, ഋതുരാം, ആഗ്നേയ്, അഭിജിത്ത്, നിഖിൽ എന്നിവരും ശില്പ നിർമാണത്തിന് ഉണ്ണി കാനായിക്കൊപ്പം ചേർന്നു.