വിമാനത്താവളറോഡ് നാലുവരിപ്പാതയാക്കൽമമ്പറം പള്ളിയെ ഒഴിവാക്കാൻ പ്രതിഷേധസംഗമം ഇന്ന്

കൂത്തുപറമ്പ്: തലശ്ശേരി-കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി-കണ്ണൂർ വിമാനത്താവള റോഡ് നാലുവരി പാതയാക്കുന്നതിന്റെ അലൈൻമെന്റിൽനിന്ന് മമ്പറം പള്ളിയെയും മദ്രസയെയും ഒഴിവാക്കണമെന്ന ആവശ്യവുമായി മമ്പറം പള്ളി സംരക്ഷണസമിതി പ്രതിഷേധം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് നാലിന് മമ്പറം ടൗണിൽ പ്രതിഷേധസംഗമം നടക്കും. സംഗമം എസ്.എം.എഫ്. ജില്ലാ സെക്രട്ടറി അബ്ദുൽബാഖി ഉദ്ഘാടനം ചെയ്യും. അഡ്വ. ഹനീഫ ഹുദവി കാസർക്കോട് മുഖ്യപ്രഭാഷണം നടത്തും. നിലവിലെ അലൈൻമെന്റ് അശാസ്ത്രീയമാണെന്ന് പള്ളി സംരക്ഷണസമിതി ആരോപിച്ചു.
130 വർഷത്തോളം പഴക്കമുള്ളതും നിരവധി വിശ്വാസികൾക്ക് ആരാധന നിർവഹിക്കാൻ പര്യാപ്തവുമായ ഏക പള്ളിയാണ് മമ്പറത്തേത്. ഏറെ വികസനസാധ്യതയുള്ളതും കൂടുതൽ സ്വീകാര്യമായതുമായ ആദ്യത്തെ അലൈൻമെന്റ് മാറ്റുകയും അതിനുശേഷം വന്ന രണ്ടും മൂന്നും അലൈൻമെന്റ് പരിഗണിക്കാതെ പള്ളിയും മദ്രസയും മുഴുവനായും നഷ്ടപ്പെടുന്ന അലൈൻമെന്റാണ് തിരഞ്ഞെടുത്തതെന്നും ഇവർ ആരോപിച്ചു.
75 വർഷത്തോളം പഴക്കമുള്ള ആരാധനാലയങ്ങൾ സംരക്ഷിക്കണമെന്ന കോടതിനിയമം കാറ്റിൽ പറത്തിയാണ് പുതിയ അലൈൻമെൻറ് പ്രകാരം കുറ്റിയടിച്ചിട്ടുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ മമ്പറം ജുമാമസ്ജിദ് വൈസ് പ്രസിഡന്റ് അബൂട്ടി ഹാജി, സെക്രട്ടറി ടി.പി. ഷമീർ, പള്ളി സംരക്ഷണസമിതി ചെയർമാൻ കെ.പി. മുഹമ്മദ് ഹാജി, കൺവീനർ നിസാർ മമ്പറം, മമ്പറം ജുമാമസ്ജിദ് ഖത്തീബ് മുസ്തഫ ലത്തീഫി എന്നിവർ പങ്കെടുത്തു.