ഇരിട്ടി പാലത്തിന്റെ മേൽത്തട്ട് തകർത്ത് വീണ്ടും വാഹനങ്ങൾ ;അപകടം ഒഴിവാക്കി പോലീസ്

1 / 100

 

ഇരിട്ടി : ഇരിട്ടി പാലത്തിന്റെ മേൽത്തട്ടിലെ ഉരുക്ക് പാളികൾ തകർത്ത് വീണ്ടും വാഹനങ്ങൾ. വാഹനം കുടുങ്ങിയതിനെത്തുടർന്ന് പൊട്ടി താണനിലയിൽ അപകടാവസ്ഥയിലായ പാളികൾ പുതിയ പാലം നിർമ്മാണത്തിൽ ഏർപ്പെട്ട കരാറുകാരുടെ സഹായത്തോടെ ജെ സി ബി ഉപയോഗിച്ച് മുകൾ തട്ടിലേക്ക് വലിച്ചുകെട്ടിയാണ് തത്ക്കാലം അപകടം ഒഴിവാക്കിയത്.
വ്യാഴാഴ്ച രാവിലെയാണ് പാലത്തിന്റെ മദ്ധ്യ ഭാഗത്തോട് ചേർന്ന മേൽത്തട്ടിലെ ഉരുക്ക് പാളികൾ അപകടകരമാം വിധം താഴേക്ക് തൂങ്ങി നിൽക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. ബുധനാഴ്ച രാത്രിയിൽ ഏതോ വലിയ ചരക്കു വാഹനം കടന്നു പോയപ്പോൾ മുകൾ തടത്തിൽ തട്ടി കൊളുത്തി വലിച്ചതാവാം ഇവ പൊട്ടി താഴേക്ക് തൂങ്ങി നിൽക്കുന്ന നിലയിലായതിനു കാരണം എന്നാണ് കരുതുന്നത്. ബസ്സുകളും വലിയ കലോറികളും കടന്നു പോകുമ്പോൾ ഇവയിൽ തട്ടി അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഉടനെ ഇരിട്ടി പോലീസ് ഇടപെടുകയായിരുന്നു. പാലത്തിന്റെ ഇരു ഭാഗത്തും, ഉരുക്കു പാളി പൊട്ടിയമാർന്ന ഭാഗത്തും നിന്ന് പോലീസിനെ ഏർപ്പെടുത്തി ഉടനെ പാലക്ക് വഴി കടന്നുപോകുന്ന വാഹനങ്ങളെ പോലീസ് നിയന്ത്രിച്ചു. പുതിയപാലം നിർണമ്മാണത്തിലേർപ്പെട്ട കരാർ കമ്പനിയുമായി ബന്ധപ്പെട്ട് അവരുടെ ജെ സി ബി യും തൊഴിലാളികളെയും ഉപയോഗിച്ച് തകർന്ന ഉരുക്ക് പാളികൾ പൂർവ സ്ഥിതിയിൽ കെട്ടിയാണ് അപകടം ഒഴിവാക്കിയത് .
ഇതിനു മുൻപും പലതവണ വലിയ ചരക്കു വാഹനങ്ങൾ ഈ പാലത്തിന്റെ മേൽത്തട്ടിൽ കുടുങ്ങി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 1933ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ പാലം ഇരിട്ടിയുടെ മുഖമാണെന്ന് പറയാം . കാലപ്പഴക്കം കൊണ്ടും നിർമ്മാണ വൈദഗ്ധ്യത്താലും ശ്രദ്ധേയമായ പാലം പുതിയ പാലം വരുന്നതോടെ ഒരു ചരിത്ര ശേഷിപ്പായി നിലനിർത്തണം എന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ പുതിയ പാലം നിർമ്മാണം തുടങ്ങിയതിനുശേഷം നാലു വർഷത്തിലേറെയായി ഒരു തരത്തിലുള്ള അറ്റകുറ്റ പണിയും പാലത്തിൽ നടന്നിട്ടില്ല. പാലത്തിന്റെ നിർമ്മിതിക്കായി ഉപയോഗിച്ച കൂറ്റൻ ഉരുക്ക് ബീമുകളടക്കം ഇതുമൂലം തകർച്ചയിലേക്ക് നീങ്ങുകയാണ്. പുതിയ പാലം യാഥാർഥ്യ മാകുന്നതോടെ ഈ പാലവും അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കണം എന്നാണ് മേഖലയിലെ ജനങ്ങളുടെ ആഗ്രഹം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: