സഞ്ജുവിന് അർധസെഞ്ചുറി; 100 കടന്ന് ബോർഡ് പ്രസിഡന്റ് ഇലവൻ

കൊൽക്കത്ത ∙ ശ്രീലങ്കയ്ക്കെതിരായ ദ്വിദിന സന്നാഹ മൽസരത്തിൽ ബോർഡ് പ്രസിഡന്റ് ഇലവന്റെ ക്യാപ്റ്റനായി തിരഞ്ഞടുത്ത തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. അർധസെഞ്ചുറി പൂർത്തിയാക്കി ക്രീസിൽ നിൽക്കുന്ന സഞ്ജുവിന്റെ പ്രകടനത്തിന്റെ മികവിൽ ഭേദപ്പെട്ട നിലയിലാണ് ബോർഡ് പ്രസിഡന്റ് ഇലവൻ. 34 ഓവറിൽ മൂന്നിന് 112 റൺസ് എന്ന നിലയിലാണ് ബോർഡ് ടീം.

67 പന്തുകൾ നേരിട്ട സഞ്ജു ഒൻപതു ബൗണ്ടറികളോടെ 51 റൺസെടുത്തു പുറത്താകാതെ നിൽക്കുകയാണ്. 12 പന്തിൽ മൂന്നു റൺസുമായി മലയാളി താരം രോഹൻ പ്രേമാണ് സഞ്ജുവിന് കൂട്ട്. ശ്രീലങ്ക ഉയർത്തിയ 411 റൺസ് പിന്തുടരുന്ന ബോർഡ് പ്രസിഡന്റ് ഇലവൻ, രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ രണ്ടിന് 89 റണ്‍സ് എന്ന നിലയിലായിരുന്നു.

ഒരു ഘട്ടത്തിൽ രണ്ടിന് 31 റൺസ് എന്ന നിലയിലായിരുന്ന ബോർഡ് പ്രസിഡന്റ് ഇലവനെ, സഞ്ജുവും ജിവൻജോതും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു. 99 പന്തിൽ മൂന്നു ബൗണ്ടറികൾ ഉൾപ്പെടെ 35 റൺസെടുത്ത ഓപ്പണർ ജിവൻജോതിനെ ദിൽറുവാൻ പെരേരയാണ് മടക്കിയത്.

തൻമയ് അഗർവാൾ, ആകാശ് ഭണ്ഡാരി എന്നിവരാണ് പുറത്തായ മറ്റ് ബോർഡ് പ്രസിഡന്റ് ഇലവൻ അംഗങ്ങൾ. 22 പന്തിൽ മൂന്നു ബൗണ്ടറിയുൾപ്പെടെ 16 റൺസെടുത്ത തൻമയ് അഗർവാളിനെ ലഹിരു തിരിമാന്നെ എൽബിയിൽ കുരുക്കി. അഞ്ചു പന്തിൽ മൂന്നു റൺസെടുത്ത ആകാശ് ഭണ്ഡാരിയെയും തിരിമാന്നെയാണ് മടക്കിയത്.
നേരത്തെ, നാലു മുൻനിര ബാറ്റ്സ്മാൻമാരുടെ അർധസെഞ്ചുറിയുടെ മികവിലാണ് ശ്രീലങ്ക മികച്ച സ്കോർ പടുത്തുയർത്തിയത്. ആദ്യദിനം ആറു വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടിയ ഇതേ സ്കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. സധീര സമരവിക്രമ (74), ദിമുത് കരുണരത്ന (50), എയ്ഞ്ചലോ മാത്യൂസ് (54), നിരോഷൻ ദിക്‌വെല്ല (73 നോട്ടൗട്ട്) എന്നിവരാണ് അർധസെഞ്ചുറി കണ്ടെത്തിയത്.

കേരളതാരം സന്ദീപ് വാരിയർ രണ്ടു വിക്കറ്റു നേടി. ടോസ് നേടിയ ബോർ‌ഡ‍് ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ ശ്രീലങ്കയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. സ‍ഞ്ജുവിനും സന്ദീപ് വാരിയർക്കും പുറമെ രോഹൻ പ്രേം, ജലജ് സക്സേന എന്നീ കേരള താരങ്ങളും ബോർഡ് പ്രസിഡന്റ് ഇലവനിലുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: