ലങ്കയ്ക്കെതിരെ സഞ്ജു സാംസണിന് തകര്‍പ്പന്‍ സെഞ്ച്വറി
കൊൽക്കത്ത : ശ്രീലങ്കയ്ക്കെതിരായ ദ്വിദിന സന്നാഹ മല്‍സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവന് നായകന് സഞ്ജു സാംസണു സെഞ്ചുറി. ശ്രീലങ്ക ഉയര്‍ത്തിയ 411 റണ്‍സ് പിന്തുടരുന്ന ബോര്‍ഡ് പ്രസിഡന്റ് ഇലവന് ഒടുവില്‍ വിവരം ലഭിക്കുന്പോള്‍ 277/5 എന്ന നിലയിലാണ്.
തന്നെ ക്യാപ്റ്റനായി തിരഞ്ഞടുത്ത തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് മല്‍സരത്തില്‍ സഞ്ജു കാഴ്ചവച്ചത്. 128 റണ്‍സ് നേടി ബോര്‍ഡ് ഇന്നിംഗ്സ് മുന്നോട്ടുനയിച്ച സഞ്ജു 128 റണ്‍സ് നേടി പുറത്തായി. 143 പന്തില്‍നിന്നു 19 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും അകന്പടിയോടെയായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.
99/3 എന്ന നിലയില്‍ തകര്‍ന്ന ബോര്‍ഡിനെ നായകന്റെ ഉത്തരവാദിത്തമേറ്റു നയിച്ച സഞ്ജു, രോഹന് പ്രേമിനൊപ്പം 71 റണ്‍സും ബി.സന്ദീപിനൊപ്പം 85 റണ്‍സും കൂട്ടിച്ചേര്‍ത്തു.
നേരത്തെ, നാലു മുന്‍നിര ബാറ്റ്സ്മാന്മാരുടെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ശ്രീലങ്ക മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. സധീര സമരവിക്രമ (74), ദിമുത് കരുണരത്ന (50), എയ്ഞ്ചലോ മാത്യൂസ് (54), നിരോഷന്‍ ദിക്വെല്ല (73 നോട്ടൗട്ട്) എന്നിവരാണ് അര്‍ധസെഞ്ചുറി കണ്ടെത്തിയത്.