കണ്ണൂരിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപര്യന്തം തടവുശിക്ഷ

2 / 100

പറശ്ശിനിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച സ്വന്തം അച്ഛന് ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു. 2018 ൽ കേരളമാകെ ചർച്ച ചെയ്യപ്പെട്ടതും പറശ്ശിനി പീഡനം എന്ന പേരിൽ അറിയപ്പെട്ടതുമായ പോക്സോ കേസിൽ ഇന്നാണ് തലശ്ശേരി പോക്സോ കോടതി വിധി പ്രസ്താവിച്ചത്. പ്രതിയെ ഇരട്ടജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച സ്വന്തം പിതാവിനെതിരെ വളപട്ടണം പൊലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിയ കേസിലാണ് വിധി പറഞ്ഞത്. ഡിസംബർ മാസത്തിലായിരുന്നു ഏറെ കോളിളക്കം സൃഷ്ടിച്ച പറശ്ശിനി പീഡന കേസുകൾ റിപ്പോർട്ടാവുന്നത്. പതിനാറ് വയസ്സു മാത്രം പ്രായമായ പെൺകുട്ടിയെ പറശ്ശിനിക്കടവ് ലോഡ്ജിൽ വെച്ച് കൂട്ടബലാൽസംഗത്തിന് വിധേയമാക്കിയതിനെത്തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ അന്നത്തെ തളിപ്പറമ്പ് ഡി.വൈ.എസ്.പി വേണുഗോപാലായിരുന്നു ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. പ്രസ്തുത കേസിൽ പെൺകുട്ടിയെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് നാടിനെ ഞെട്ടിച്ച പീഡനകഥകൾ പുറത്തു വന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ ആക്റ്റ് പ്രകാരം അന്ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പതിനെട്ടോളം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കേസുകൾക്കാസ്പദമായ സംഭവങ്ങൾ നടന്നത് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ, അന്വേഷണം നടത്തുന്നതിനായി അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ച് കൊടുക്കുകയായിരുന്നു. അതിൽ ഏറ്റവും കൂടുതൽ കേസുകൾ നടന്നത് വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്ന് ആറു കേസുകളായിരുന്നു വളപട്ടണം പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചിരുന്നത്. വളപട്ടണം പൊലീസ് ഇൻസ്പെക്ടറായ എം.കൃഷ്ണനായിരുന്നു ആറു കേസുകളും അന്വേഷിച്ചിരുന്നത്. അതിൽ ആറു കേസുകളും സമർത്ഥമായി അന്വേഷിച്ച് എല്ലാ കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്ത് പോക്സോ കേസിൽ പറഞ്ഞിരിക്കുന്ന സമയപരിധിക്കുള്ളിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. അതിൽ ഒരു കേസിലാണ് ഇന്നു വിധി വന്നിരിക്കുന്നത്. പെൺകുട്ടിയുടെ അച്ഛൻ തന്നെയാണ് കേസിലെ പ്രതി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിരുന്നതിനാൽ പ്രതി ജയിലിൽ കഴിയുകയാണ് . ജാമ്യത്തിനായി ഹൈക്കോടതിയിൽ പല തവണ ശ്രമിച്ചിരുന്നെങ്കിലും പൊലീസിൻറയും, പ്രോസിക്യൂഷന്റെയും ശക്തമായ എതിർപ്പ് മൂലം ഇയാൾക്ക് ജാമ്യം കിട്ടിയിരുന്നില്ല . പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബീന കാളിയത്താണ് കോടതിയിൽ ഹാജരായിരുന്നത്. അന്വേഷണ സംഘത്തിൽ അന്നത്തെ വളപട്ടണം പൊലീസ് സബ് ഇൻസ്പെക്ടർ ലതീഷ്, എ.എസ്‌.ഐ ഫ്രാൻസിസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, ശിവദാസൻ, റോജ, സിന്ധു എന്നിവരുമുണ്ടായിരുന്നു . മറ്റു കേസുകളിലും വിചാരണ നടപടികൾ നടന്നുവരികയാണ് . അടുത്ത് തന്നെ പ്രസ്തുത കേസുകളിലെ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . വളപട്ടണം പൊലീസ് സ്റ്റേഷനിൽ മൂന്നു വർഷം പൂർത്തിയാക്കി മട്ടന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫറായി പോകുന്ന ഇൻസ്പെക്ടർ എം.കൃഷ്ണന്റെ അന്വേഷണ മികവിന് പൊൻതൂവലായിരിക്കുകയാണ് ഇന്നത്ത വിധി. 2018 മുതൽ വരെയുള്ള കാലയളവിൽ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് എം.കൃഷ്ണൻ. അടുത്ത കാലത്തായി പതിനഞ്ചുകാരിയെ നാട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ബന്ധുവീടുകളിലും മറ്റും രഹസ്യമായി പാർപ്പിച്ച് പീഡനത്തിന് വിധേയമാക്കിയ കേസിൽ പ്രതിയെയും കൂട്ടു നിന്ന സ്ത്രീകളുൾപ്പടെയുള്ള ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: