കൂടത്തായി കേസ് വെല്ലുവിളി നിറഞ്ഞത്; കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ഡി.ജി.പി

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്ബരയുടെ കേസന്വേഷണം വലിയ വെല്ലുവിളിയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിദഗ്ധരുടെ പങ്കാളിത്തം കേസില്‍ ആവശ്യമായതിനാല്‍ കൂടുതല്‍ മിടുക്കരായ ഉദ്യോഗസ്ഥരെ കേസന്വേഷണത്തിന് നിയോഗിക്കും. രാവിലെ പൊന്നാമറ്റം വീട്ടില്‍ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങള്‍ നീണ്ട കൊലപാതകപരമ്ബരയില്‍ തെളിവ് ശേഖരണമാകും കേരളാ പോലിസിന് മുന്നില്‍ വലിയ വെല്ലുവിളിയാകുകയെന്നും ബെഹ്‌റ വ്യക്തമാക്കി.വിഷാംശത്തിന്റെ വിശദാംശങ്ങള്‍ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തുമെന്നാണ് പ്രതീക്ഷ. ആവശ്യമെങ്കില്‍ സാംപിളുകള്‍ വിദേശത്തേയ്ക്കും അയക്കുമെന്നും ആവര്‍ത്തിച്ചു. ഏറ്റവും മിടുക്കരായ ഫൊറന്‍സിക് വിദഗ്ധരെക്കൊണ്ടാണ് സാംപിളുകള്‍ പരിശോധിപ്പിക്കുന്നത്.

ആറ് കൊലപാതകങ്ങളും ആറ് കേസുകളായിത്തന്നെ അന്വേഷിക്കും. ഓരോ കേസും അന്വേഷിച്ച്‌ കൃത്യമായ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്.17 വര്‍ഷങ്ങള്‍ മുമ്ബാണ് ആദ്യ കൊല നടന്നത്. അവസാന കൊലപാതകം 2016ലും. കേസില്‍ ദൃക്‌സാക്ഷികളില്ല. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കൃത്യമായി കോര്‍ത്തെടുത്ത് കേസില്‍ കുറ്റപത്രം തയ്യാറാക്കണം. ആറ് കേസുകള്‍ക്കും ആറ് ടീമുകളുണ്ട്. അതിന് മേല്‍നോട്ടം വഹിക്കാന്‍ മറ്റൊരു ടീമും വേണം. അതിനാല്‍ നിലവിലുള്ള എണ്ണം മതിയാകില്ല. അതിനാല്‍, കൂടുതല്‍ അംഗങ്ങളെ, അതും മിടുക്കരായ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: