റേഷന്‍ കടകളില്‍ ഇനി വെട്ടിപ്പ് നടക്കില്ല:തൂക്കത്തില്‍ വെട്ടിപ്പ് നടത്തുന്നുവെന്ന പരാതിക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ നടപടി

കണ്ണൂര്‍: റേഷന്‍ കടകളില്‍ തൂക്കത്തില്‍ വെട്ടിപ്പ് നടത്തുന്നുവെന്ന പരാതിക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇ-പോസ് മെഷീന്‍ ഡിജിറ്റല്‍ ത്രാസുമായി ബന്ധിപ്പിക്കാനുള്ള നടപടി നടന്നുവരികയാണ്. തൂക്കം ശരിയാകാതെ ബില്ല് വരില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ബില്ലില്‍ എല്ലാ വിവരങ്ങളും ലഭ്യമാക്കും. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ബില്ലില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ചാല്‍ റേഷന്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ കഴിയും.
ആധാര്‍ കാര്‍ഡുമായി റേഷന്‍ കാര്‍ഡ് ലിങ്ക് ചെയ്ത ആര്‍ക്കും ഏത് റേഷന്‍ കടയില്‍ നിന്നു വേണമെങ്കിലും സാധനങ്ങള്‍ വാങ്ങിക്കാം. ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഈമാസം 31 ആണ്. ഭക്ഷ്യ ഭദ്രതാ സുരക്ഷാ നിയമത്തിലൂടെ ഭക്ഷണം അവകാശമായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ ചെലവില്‍ തന്നെയാണ് റേഷന്‍ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. 18,000 രൂപ മുതല്‍ 70,000 രൂപ വരെ റേഷന്‍ കടയുടമകള്‍ക്ക് ഇപ്പോള്‍ കമ്മീഷന്‍ ലഭിക്കുന്നുണ്ട്. റേഷന്‍ കടകളില്‍ ശബരി ഉല്‍പന്നങ്ങളും കുടിവെള്ളവും വിതരണം ചെയ്യാനുള്ള പദ്ധതികളും നടപ്പാക്കും.
EPose-machine
കടകളില്‍ നിന്ന് സധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ നിര്‍ബന്ധമായി വാങ്ങണമെന്നാണ് ഭക്ഷ്യ വിതരണ വകുപ്പ് പറയുന്നത്. വാങ്ങിയ സാധനങ്ങളുടെ വിവരം, വാങ്ങാന്‍ ബാക്കിയുള്ളത്, വില എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അംഗങ്ങളുടെ ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധപ്പിക്കുന്നതിലൂടെ റേഷന്‍ സാധനങ്ങള്‍ അവകാശപ്പെട്ടവരില്‍ തന്നെ എത്തുന്നുവെന്ന് ഉറപ്പ് വരുത്താന്‍ കഴിയും.
റേഷന്‍ സംവിധാനത്തിന്റെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി പരമാവധി വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രതിമാസ റേഷന്‍ വിഹിതം, വാങ്ങിയവരുടെ വിവരങ്ങള്‍, സംസ്ഥാനത്ത് തുറന്നിരിക്കുന്ന റേഷന്‍ കടകള്‍ എത്ര, അവയിലെ സ്റ്റോക്ക് വിവരങ്ങള്‍ തുടങ്ങിയവ അറിയാന്‍ epo-s.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. കേരളത്തിലെ ഭൂരിഭാഗം റേഷന്‍ കടകളിലും സ്ഥാപിച്ച ഇപോസ് മെഷീനിലൂടെ ആധാര്‍ അധിഷ്ഠിതമായാണ് റേഷന്‍ വിതരണം നടത്തുന്നത്. എന്നാല്‍, റേഷന്‍ കാര്‍ഡുമായി ചേര്‍ത്തില്ലെന്ന കാരണം കൊണ്ട് ആര്‍ക്കും റേഷന്‍ നിഷേധിച്ചിട്ടുമില്ല. മൊബൈല്‍ ഫോണ്‍, ഒ ടി പി, ഓഫ്‌ലൈന്‍ സംവിധാനങ്ങളിലൂടെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും റേഷന്‍ വിഹിതം ഉറപ്പ് വരുത്തിയിട്ടുണ്ട്. ആധാര്‍ അധിഷ്ഠിതമായി ഗുണഭോക്താവിനെ തിരിച്ചറിയുന്നതിനാല്‍ റേഷന്‍ വിഹിതത്തിന്റെ വകമാറ്റം പൂര്‍ണമായും തടയാന്‍ കഴിഞ്ഞിട്ടുണ്ട്.
റേഷന്‍ വാങ്ങാന്‍ പകരക്കാരെ നിയോഗിക്കാന്‍ പ്രോക്‌സി സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റേഷന്‍ വാങ്ങാന്‍ നേരിട്ട് കടകളില്‍ എത്താന്‍ കഴിയാത്ത അവശരായ വ്യക്തികള്‍ക്ക് ആ റേഷന്‍ കടയുടെ പരിധിയില്‍ വരുന്ന റേഷന്‍ വ്യാപാരിയുമായി ബന്ധമില്ലാത്ത ഒരാളെ പകരക്കാരനായി നിയോഗിക്കാം. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസിലോ സിറ്റി റേഷനിംഗ് ഓഫീസിലോ അപേക്ഷ നല്‍കാം.
സര്‍ക്കാറിനാല്‍ നിശ്ചയിക്കപ്പെടുന്ന ഭക്ഷ്യവിഹിതം ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍ തുടങ്ങിയവരുടെ പിഴവുകള്‍ മുഖേന പൊതുവിതരണ സംവിധാനത്തിലെ മറ്റേതെങ്കിലും വീഴ്ച കൊണ്ടോ മറ്റോ ഗുണഭോക്താവിന് ലഭിക്കാതെ വന്നാല്‍ ആ വ്യക്തിക്ക് ഭക്ഷ്യ ഭദ്രതാ ബത്തയ്ക്ക് അവസരമുണ്ടാകും. അതാത് പ്രദേശത്തെ റേഷനിംഗ് ഇന്‍സ്‌പെക്ടറാണ് ഭക്ഷ്യഭദ്രതാ സംവിധാനത്തിന്റെ നോഡല്‍ ഓഫീസര്‍. അനുവദിക്കപ്പെട്ട ഭക്ഷ്യ ധാന്യ വിഹിതത്തിന് ആനുപാതികമായ തുകയായിരിക്കും ബത്തയായി ലഭിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: