കണ്ണൂർ: ആയിക്കര ഉപ്പാലവളപ്പ് ഭവന സമുച്ഛയത്തിന്റെ നിര്‍മാണം വേഗത്തിലാക്കണം: മന്ത്രി

കണ്ണൂർ: ആയിക്കര ഭൂരഹിതരും ഭവനരഹിതരുമായ മല്‍സ്യത്തൊഴിലാളികള്‍ക്കായി

ആയിക്കര ഉപ്പാലവളപ്പില്‍ തറക്കല്ലിട്ട ഭവന സമുച്ഛയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഇതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ എത്രയും വേഗം നീക്കണമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക പരിശീലനം നല്‍കുന്നതിനായി മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സില്‍ നിര്‍മിക്കുന്ന ഫിഷര്‍മെന്‍ ട്രെയിനിംഗ് സെന്ററിന്റെ തറക്കല്ലിടലും കണ്ണൂര്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പൊതുശുചിമുറി േേബ്ലാക്കിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള വീട് നിര്‍മാണത്തിന് തീരദേശ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട അനുമതി വലിയ പ്രശ്‌നമല്ല. ഇത്തരം പദ്ധതികളെ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാവും. ഇതുമായി ബന്ധപ്പെട്ട തീരുമാനം രണ്ടു മാസം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഫിഷറീസ് പരിശീലന കേന്ദ്രം യാഥാര്‍ഥ്യമാകുന്നതോടെ കണ്ണൂരിനു പുറമെ കോഴിക്കോട്, വയനാട്, കാസര്‍ക്കോട് ജില്ലകളിലെ മല്‍സ്യത്തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ മികച്ച പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിക്കും. കരാര്‍ പ്രകാരമുള്ള 10 മാസത്തിനകം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു. 736 ചതുരശ്ര മീറ്ററില്‍ രണ്ടു കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഇരുനില ട്രെയിനിംഗ് കോംപ്ലക്‌സില്‍ രണ്ട് ട്രെയിനിംഗ് ഹാളുകള്‍ക്കു പുറമെ, ഓഫീസ് മുറി, താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇതിനകം 30 കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും അവയില്‍ 18 കോടിയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞതായും മന്ത്രി പറഞ്ഞു. കണ്ടല്‍ക്കാടുകളും ജലാശയങ്ങളും ധാരാളമുള്ള കണ്ണൂര്‍ ജില്ലയില്‍ മല്‍സ്യകൃഷി പ്രോല്‍സാഹനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതായും അവര്‍ അറിയിച്ചു.

മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ് പരിസരത്ത് നടന്ന ചടങ്ങില്‍ മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ എംഡി പി ഐ ഷെയ്ക്ക് പരീത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, കണ്ടോണ്‍മെന്റ് ബോര്‍ഡ് അംഗം ഷീബ ഫെര്‍ണാണ്ടസ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍, ഉത്തരമേഖല ഫിഷറീസ് ജോയിന്റ് ഡയരക്ടര്‍ കെ കെ സതീഷ് കുമാര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിജി കെ തട്ടാംപുറം, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ എം ശ്രീകണ്ഠന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: