സി.ഐ.ടി.യു മുൻനിരനേതാവ്‌ പൂക്കോടന്‍ ചന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍ : പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും കേരള ദിനേശ് ബീഡി കേന്ദ്രസംഘം മുന്‍ ഡയറക്ടറുമായിരുന്ന പൂക്കോടന്‍ ചന്ദ്രന്‍(78) അന്തരിച്ചു. കണ്ണൂര്‍ തളാപ്പിനടുത്ത തുളിച്ചേരിയിലെ വീട്ടില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം.
ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നതിനെതുടര്‍ന്ന് ഏതാനും മാസമായി ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്ച പകല്‍ 11ന് പയ്യാമ്ബലത്ത്. മൃതദേഹം രാവിലെ 10 മുതല്‍ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ദിനേശ് ബീഡി രൂപീകരണത്തിലേക്കുനയിച്ച ഗണേഷ് ബീഡി തൊഴിലാളി പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാക്കളിലൊരാളാണ്. മംഗളൂരുവില്‍ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ചിറക്കല്‍ പനങ്കാവാണ് സ്വദേശം.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച പൂക്കോടന്‍ ചെറുപ്പത്തിലേ സിപിഐ എമ്മിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി. ദീര്‍ഘകാലം സിപിഐ എം ചിറക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം. പീന്നീട് കണ്ണൂര്‍ ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു.
നിലവില്‍ കാനത്തൂര്‍ ബ്രാഞ്ചംഗമാണ്. സിഐടിയു ജില്ലാ കമ്മിറ്റി അംഗം, കണ്ണൂര്‍ ഏരിയാ പ്രസിഡന്റ്, ടുബാക്കോ വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു) സെക്രട്ടറി, ബീഡിത്തൊഴിലാളി ഫെഡറേഷന്‍(സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ലോട്ടറിത്തൊഴിലാളി യൂണിയന്‍, വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍, ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയന്‍ തുടങ്ങി നിരവധി യൂണിയനുകളിലും സജീവമായിരുന്നു. ദിനേശ് ബീഡി ചിറക്കല്‍ പ്രാഥമിക സംഘം പ്രസിഡന്റ്, കേന്ദ്ര സംഘം ഡയറക്ടര്‍ എന്നീ നിലകളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
പരേതരായ പുന്നക്കല്‍ ഗോവിന്ദന്റെയും പൂക്കോടന്‍ മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: ശോഭ. മക്കള്‍: അഭിലാഷ്, സഫല. മരുമക്കള്‍: റോഷ്ന (എളയാവൂര്‍), അജയന്‍ (മയ്യില്‍). സഹോദരങ്ങള്‍: കാര്‍ത്യായനി (അഴീക്കോട്), പരേതരായ കൃഷ്ണന്‍, മാധവന്‍. പൂക്കോടന്‍ ചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുശോചിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: