കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ടുവരികയായിരുന്ന ആംബുലന്‍സ് അപകടത്തിൽ പെട്ടു

5 / 100

 


കാസര്‍കോട്: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ടുവരികയായിരുന്ന ആംബുലന്‍സ് അപകടത്തിൽ പെട്ട് മറിഞ്ഞു. ജനറല്‍ ആശുപത്രിക്ക് സമീപം ശനിയാഴ്ച രാവിലെയാണ് തലകീഴായി മറിഞ്ഞത്. പൊയിനാച്ചി ചെറുകരയിലെ പരേതനായ അബ്ദുല്‍ഖാദറിന്റെ ഭാര്യ അസ്മാബി(75)യുടെ മൃതദേഹം കയറ്റിയ ആംബുലന്‍സ് ആണ് അപകടത്തില്‍ പെട്ടത്.

വാഹനം മുന്നോട്ട് നീങ്ങി ആശുപത്രി സൂപ്രണ്ട് ഓഫീസിന് സമീപത്തെ ഇറക്കത്തില്‍ മറിയുകയായിരുന്നു. വീട്ടില്‍വെച്ച് തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് അസ്മാബിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും പരിയാരത്തേക്ക് കൊണ്ടുപോവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

പരിയാരത്തേക്ക് കൊണ്ടുപോകുന്നതിനിടെ കാഞ്ഞങ്ങാടിന് സമീപം വെച്ച് മരണപ്പെട്ടു. ഇതേ തുടര്‍ന്ന് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. തുടര്‍ന്ന് നടപടികള്‍ക്ക് ശേഷം രാവിലെ ആംബുലന്‍സിലേക്ക് കയറ്റിയതായിരുന്നു. അതിനിടെയാണ് ആംബുലന്‍സ് മുന്നോട്ട് നീങ്ങി മറിഞ്ഞത്. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ആംബുലന്‍സ് ഉയര്‍ത്താനുള്ള ശ്രമത്തിലാണ്.

കൊവിഡ് ആശങ്കയുള്ളതിനാല്‍ നാട്ടുകാരും മുന്നോട്ട് വന്നില്ല. അപകടത്തില്‍ പെട്ട ആംബുലന്‍സ് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍. ആംബുലന്‍സ് ഡ്രൈവര്‍ ഹസന് നിസാര പരിക്കേറ്റു. മരിച്ച അസ്മാബിയുടെ മക്കള്‍: ഹനീഫ്, അബ്ദുല്‍സലാം, സാദിഖ്, ഫൗസിയ. മരുമക്കള്‍: ആയിഷ, റംല, ഹാജറ, പരേതനായ കുഞ്ഞഹമ്മദ്. സഹോദരങ്ങള്‍: ജമീല, സുബൈര്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: