പയ്യാമ്പലത്ത് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലങ്ങളെ ബന്ധിപ്പിച്ച് നടപ്പാത വരുന്നു

കണ്ണൂർ: പയ്യാമ്പലത്ത് പഴയ പാലത്തെയും പുതിയ പാലത്തെയും ബന്ധിപ്പിച്ച് നടപ്പാത നിർമിക്കുന്നു. ഇരിപ്പിടങ്ങളും വൈദ്യുത വിളക്കുകളും ടൈൽ വിരിച്ച നിലവും

ഉൾപ്പെടെയുള്ള നടപ്പാത അമൃത് പദ്ധതി വഴിയാണ് നടപ്പാക്കുന്നത്. പയ്യാമ്പലത്ത് എത്തിച്ചേരുന്ന തോടിന് അഭിമുഖമായിട്ടായിരിക്കും പാത. അമൃത് പദ്ധതിവഴി കോർപ്പറേഷൻ പരിധിയിലെ പാർക്കുകൾ നവീകരിക്കുകയും പുതുതായി നിർമിക്കുകയും ചെയ്യുന്നുണ്ട്. മൊത്തം ഏഴെണ്ണമാണ് പദ്ധതിയിലുള്ളത്. അതിൽ ഉൾപ്പെട്ടതാണ് പയ്യാമ്പലത്തെ നടപ്പാത. എല്ലാ പാർക്കുകൾക്കും കൂടി 4.62 കോടിയാണ് ചെലവഴിക്കുന്നത്. കേന്ദ്രത്തിൽനിന്നുള്ള 50 ശതമാനം തുകയും സംസ്ഥാന സർക്കാരിന്റെ 30 ശതമാനം തുകയും കോർപ്പറേഷന്റെ 20 ശതമാനം തുകയും ചേർന്നതാണ് അമൃതം പദ്ധതിയുടെ ഫണ്ട്. പയ്യാമ്പലത്ത് ശ്മശാനത്തിനു പിറകിൽ നടപ്പാത വരുന്നതോടെ ആളുകൾക്ക് ശ്മശാനം വഴി പോകാതെ പാർക്കിൽനിന്ന്‌ പുതിയപാലം ഭാഗത്തേക്ക് നടന്നുപോകാനാകും.
നേരത്തേ ഈ ഭാഗത്ത് ഒരു നടവഴി ഉണ്ടായിരുന്നു. ഇപ്പോൾ ഈ ഭാഗം കാടുപിടിച്ചുകിടക്കുകയാണ്. പയ്യാമ്പലത്ത് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഹാർബർ എൻജിനീയറിങ് വിഭാഗവും കടലിന് അഭിമുഖമായി വെവ്വേറെ നടപ്പാതകൾ പണിയുന്നുണ്ട്. 2017 ജൂണിലാണ് ഡി.ടി.പി.സി. നടപ്പാതയുടെ പണി ആരംഭിച്ചത്. ഒരു കിലോമീറ്റർ ദൂരത്തിലാണ് ഈ നടപ്പാത. ജോലി ഡിസംബറോടെ പൂർത്തിയാകും. 2013-ൽ തുടങ്ങിയ ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ പണി മന്ദഗതിയിലാണ്. 400 മീറ്റർ നീളത്തിലുള്ള നടപ്പാതയാണ് അവർ നിർമിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: