തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്കു നേട്ടം, ആറളം പഞ്ചായത്ത് ഭരണം എൽ ഡി എഫ് നിലനിർത്തി

ഇരിട്ടി: ആറളം പഞ്ചായത്ത് വീര്‍പ്പാട് വാര്‍ഡ് ഉപതെരഞ്ഞെപ്പില്‍ എല്‍.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.കെ സുധാകരന്‍ 137 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ സുരേന്ദ്രന്‍ പാറക്കത്താഴത്തിനെ പരാജയപ്പെടുത്തി 17ല്‍ തുല്യ സീറ്റുകള്‍ ഇരു മുന്നണികളും നേടി. നറുക്കെടുപ്പില്‍ എല്‍.ഡി.എഫ് ഭരിക്കുന്ന ആറളം പഞ്ചായത്തില്‍ വീര്‍പ്പാട് വിജയത്തോടെ ഭരണം സുസ്ഥിരമാവും. പോള്‍ ചെയ്ത 1097 വോട്ടുകളില്‍ എല്‍.ഡി.എഫിന് 608 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യു.ഡി.എഫിന് 471 വോട്ട് കിട്ടി. ബി.ജെ.പി 11 വോട്ടില്‍ ഒതുങ്ങി. സ്വതന്ത്രര്‍ക്ക് ഏഴ് വോട്ടുകളും ലഭിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ വീര്‍പ്പാട് എത്തി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനം തള്ളി. നേരത്തെ എട്ട് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫിലെ സി.പി.എം ഏരിയാ കമ്മിറ്റി അംഗം ബേബി ജോണ്‍ പൈനാപ്പിള്ളില്‍ ജയിച്ചുവെങ്കിലും കോവിഡ് ബാധിച്ച് സത്യപ്രതിജ്ഞക്ക് മുന്നേ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നിയമസഭാ സമ്മേളനം ഒഴിവാക്കി സണ്ണി ജോസഫ് എം.എല്‍.എ ഉള്‍പ്പെടെ വീര്‍പ്പാട് കേന്ദ്രീകരിച്ചിട്ടും യു.ഡി.എഫിനെ ജനം നിരാകരിച്ചു.

വര്‍ഷങ്ങളായി യു.ഡി.എഫ് ഭരിച്ചുകൊണ്ടിരുന്ന പഞ്ചായത്താണ് ആറളം. ഉപതെരഞ്ഞെടുപ്പ് ഫലം പഞ്ചായത്ത് ഭരണത്തിന്റെ ഗതി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാല്‍ കടുത്ത മത്സരമാണ് വാര്‍ഡില്‍ നടന്നത്.

അതേ സമയം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് നേട്ടം. 15 തദ്ദേശ വാർ‌ഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 13 എണ്ണത്തിൽ ഫലം വന്നപ്പോൾ എട്ടിടത്ത് എൽ ഡി എഫും അഞ്ചിടത്ത് യു ഡി എഫും വിജയിച്ചു.

വയനാട് ബത്തേരി നഗരസഭയിൽ എൽ ഡി എഫ് തങ്ങളുടെ ഭൂരിപക്ഷം ഉയർത്തി. ബത്തേരി മുനിസിപാലിറ്റിയിലെ പഴേരി വാർഡിൽ 112 വോട്ടിന് സി പി എമ്മിലെ എസ് രാധാകൃഷ്ണൻ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു ഡി എഫ് ആയിരുന്നു ഇവിടെ വിജയിച്ചത്. ഇതോടെ ബത്തേരി നഗരസഭയിൽ എൽ ഡി എഫിന് 24 അംഗങ്ങളും യു ഡി എഫിന് 10 അംഗങ്ങളും ആയി. ഒരാൾ സ്വതന്ത്രനാണ്. കോഴിക്കോട് വളയം ഗ്രാമ പഞ്ചായത്തിലെ കല്ലുനിര വാർഡ് എൽ ഡി എഫ് നിലനിർത്തി. കെ ടി ഷബിന 196 വോട്ടിന് ഇവിടെ വിജയിച്ചു.

മലപ്പുറത്ത് തിരഞ്ഞെടുപ്പ് നടന്ന നാലു വാർഡുകളിൽ മൂന്നിടത്ത് യു ഡി എഫും ഒരിടത്ത് എൽ ഡി എഫും വിജയിച്ചു. ഇതിൽ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷൻ സി പി എമ്മിൽ നിന്ന് യു ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു. മുസ്ലീം ലീഗിലെ ഏലക്കാടൻ ബാബു 238 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. മലപ്പുറത്തെ മറ്റ് മൂന്ന് സീറ്റുകളും അവരവരുടെ സിറ്റിംഗ് സീറ്റുകൾ തന്നെയായിരുന്നു. ചെറുകാവ് പഞ്ചായത്തിലെ പത്താം വാർഡിലും വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലും യു ഡി എഫ് വിജയിച്ചു. തലക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയും വിജയിച്ചു.

എറണാകുളത്ത് നിർണായകമായ വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിൽ എൽ ഡി എഫിന്റെ പി വി പീറ്റർ 19 വോട്ടുകൾക്ക് വിജയിച്ചു. 15 വാര്‍ഡുകളുള്ള ഇവിടെ എല്‍ ഡി എഫിന് എട്ടും യു ഡി എഫിനും ഏഴും സീറ്റുകളാണ് ഉണ്ടായിരുന്നത്. യു ‌ഡി എഫ് ഇവിടെ വിജയിച്ചിരുന്നുവെങ്കിൽ അവർക്ക് ഭരണം ലഭിക്കുമായിരുന്നു. ഇടതുപക്ഷ അംഗം ടി സജി മരണമടഞ്ഞതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

എറണാകുളത്തെ കോതമംഗലം വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാർഡ് യു ഡി എഫ് ഇടതുപക്ഷത്തിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തു. യു ഡി എഫ് സ്ഥാനാർത്ഥി ഷജി ബെസി ഇവിടെ വിജയിച്ചു.

കോട്ടയം എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ യുഡിഎഫും പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ ഇരുപതാം വാർഡിൽ എൽ ഡി എഫും വിജയിച്ചു.

ആലപ്പുഴ മുട്ടാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഇരു കക്ഷികളും തുല്യവോട്ട് നേടി സമനില പാലിച്ചു. ഇതേ തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ എൽഡിഎഫിലെ ആൻ്റണി വിജയിച്ചതായി പ്രഖ്യാപിച്ചു. തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാർഡ് എൽഡിഎഫ് നിലനിർത്തി.സിപിഎമ്മിലെ വിദ്യാവിജയൻ 94 വോട്ടിന് ജയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: