പ്രളയക്കെടുതിയിലെനാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

കണ്ണൂർ : കണ്ണൂർ ജില്ലയില്‍ പ്രളയത്തിന് ശമനം ഉണ്ടായിതുടങ്ങിയതോടെ കാര്യക്ഷമമായ പുനരധിവാസ നടപടികള്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു. വെള്ളം കയറിയ വീടുകള്‍, കിണറുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ ശുചീകരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മറ്റ് വകുപ്പുകളെയും തദ്ദേശസ്ഥാപനങ്ങളെയും ഏജന്‍സികളെയും ചേര്‍ത്ത് പ്രത്യേക സംഘങ്ങളെ നിയോഗിക്കും.

പത്ത് വീടുകള്‍ക്ക് ഒരാള്‍ക്ക് മേല്‍നോട്ട ചുതല നിശ്ചയിച്ചായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ശുചിത്വ മിഷന്‍, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും. ഇതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഞായറാഴ്ച പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ശുചീകരണത്തിന് ആവശ്യമായ ഹെല്‍ത്ത് കിറ്റ് തയ്യാറാക്കി നല്‍കാനും ജില്ലാതല യോഗത്തില്‍ ധാരണയായി. ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിച്ച സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവയും ശുചീകരിക്കാന്‍ നടപടിയെടുക്കും. തദ്ദേശസ്ഥാപന മേധാവികളും റവന്യുവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ഈ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.

വെള്ളം കയറി വൈദ്യുത ഉപകരണങ്ങളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും തകരാറിലായിട്ടുള്ള വീടുകളില്‍ സ്വന്തം ചെലവില്‍ റിപ്പേര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അവ റിപ്പേര്‍ ചെയ്യുന്നതില്‍ സഹായിക്കുന്നതിനായി സന്നദ്ധസേന രൂപീകരിക്കാനും നടപടിയെടുക്കും. എഞ്ചിനീയറിംഗ് കോളേജ്, പോളിടെക്‌നിക്, ഐടിഐ വിദ്യാര്‍ഥികള്‍, ട്രെയിനികള്‍, സന്നദ്ധരായ വയര്‍മെന്‍, ഇലക്ട്രീഷ്യന്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവരെയും ഇതിനായി ഉപയോഗപ്പെടുത്തും.

ക്യാമ്പുകളില്‍ സേവനത്തിന്
സ്‌പെഷ്യല്‍ മെഡിക്കല്‍ ടീം
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ പരിശോധനക്കായി പരിയാരം ഗവ. മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ പ്രത്യേക സംഘവും രംഗത്ത്. ഞായറാഴ്ച വിവിധ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരടങ്ങിയ സംഘം വിവിധ ക്യാമ്പുകളിലെത്തി പരിശോധന നടത്തി.

കൗണ്‍സലിംഗ് ടീമിനെ
നിയോഗിക്കും
പ്രളയ ദുരിതം നേരിട്ട് സ്വന്തം വീടുകളിലേക്ക് തിരികെ പോകുന്നവര്‍ക്ക് ഉണ്ടാകാനിടയുള്ള മാനസിക സംഘര്‍ഷങ്ങള്‍ പരിഗണിച്ച് ഇത്തരം ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി പ്രത്യേക ആരോഗ്യ-കൗണ്‍സലിംഗ് സംഘത്തെ സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. സേവനം ആവശ്യമുള്ളവര്‍ 18004250717 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: