പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി നിയമിച്ചതു റദ്ദാക്കണമെന്ന്; യുജിസി സുപ്രീംകോടതിയിൽ

മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി നിയമിച്ചതു റദ്ദാക്കണമെന്ന ആവശ്യവുമായി യുജിസി സുപ്രീം കോടതിയെ സമീപിച്ചു. പ്രിയാ വർഗീസിന് അനുകൂലമായുള്ള വിധി അഖിലേന്ത്യാ തലത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രിയയുടെ നിയമനം ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിച്ചത്. പ്രിയാ വർഗീസിന് അനുകൂലമായ വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും യുജിസി ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. 2018-ലെ യുജിസി ചട്ടം നിഷ്‌കർഷിക്കുന്ന അദ്ധ്യാപന പരിചയം പ്രിയയ്ക്ക് ഇല്ലെന്നാണ് യുജിസി പറയുന്നത്.
ചട്ടപ്രകാരം നിഷ്കർഷിക്കുന്ന അദ്ധ്യാപന പരിചയത്തിൽ, പാഠ്യേതര രംഗത്തെ അവരുടെ ജോലികൾ പരിഗണിക്കാനാകില്ലെന്നും യുജിസി വ്യക്തമാക്കുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നു കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്കറിയ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലവിൽ അദ്ദേഹം ഇക്കാര്യത്തിൽ കോടതിയെ സമീപിച്ചിട്ടില്ല.
സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസർ നിയമത്തിനുള്ള റാങ്ക് പട്ടികയിൽ പ്രിയയുടെ അദ്ധ്യാപനപരിചയം യുജിസി ചട്ടപ്രകാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നേരത്തേ വിധിച്ചത്. എന്നാൽ ഇത് പിന്നീടു ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു