ആതിരയെ കാണാതായിട്ട് 15 ദിവസം, മകൾ എവിടെയെന്നറിയാതെ അച്ഛനും അമ്മയും

മലപ്പുറം: എടരിക്കോട് കുറുകപ്പറമ്പിൽ നാരായണന്റെ മകൾ ആതിര(18)യെ കാണാതായിട്ട് 15 ദിവസം. കഴിഞ്ഞ 27-നാണ് കോട്ടയ്ക്കലിലെ

കംപ്യൂട്ടർ സെന്ററിലേക്കെന്നു പറഞ്ഞ് ആതിര വീട്ടിൽനിന്നിറങ്ങിയതെന്ന് പിതാവ് കെ.പി. നാരായണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനാൽ വീട്ടുകാർ കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതിനൽകി. സംഭവദിവസം ഉച്ചയ്ക്ക് 1.15-ന് ഗുരുവായൂർ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിലെ സി.സി.ടി.വി.യിൽ ആതിര ഒറ്റയ്ക്ക് നടന്നുപോവുന്ന ദൃശ്യങ്ങളുണ്ട്. രാത്രി 7.30 മുതൽ 12 വരെ തൃശ്ശൂർ റെയിൽവേസ്റ്റേഷനിലെ വനിതകളുടെ വിശ്രമമുറയിൽ കുട്ടിയെ കണ്ടവരുണ്ട്. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞതിനുശേഷം കോട്ടയ്ക്കലിലെ ഐ.ടി.പി.സി.യിൽ കംപ്യൂട്ടർ കോഴ്‌സിന് പഠിക്കുകയായിരുന്നു ആതിര. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ ബിരുദത്തിന് പ്രവേശനം കിട്ടിയിട്ടുണ്ടെന്നും കംപ്യൂട്ടർ സെന്ററിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങിവരാമെന്നും പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. ആതിരയുടെ കയ്യിൽ മൊബൈൽ ഫോണില്ല. സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളുമടങ്ങിയ ബാഗും കൊണ്ടുപോയിട്ടുണ്ട്. ആതിരയുടെ പുസ്തകങ്ങൾക്കിടയിൽനിന്ന് അറബിയിലുള്ള പേപ്പറുകൾ കിട്ടിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു. രണ്ടാഴ്ചയായിട്ടും മകളെ കണ്ടെത്താനാവാത്തതിനാൽ അന്വേഷണം പ്രത്യേക സംഘത്തെയേൽപ്പിക്കണമെന്ന് കെ.പി. നാരായണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം എസ്.പിക്കും മുഖ്യമന്ത്രി, പട്ടികജാതി വികസന മന്ത്രി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. മാതാവ് പ്രജിത, കുടുംബാംഗങ്ങളായ എം.പി. പ്രസാദ്, കെ.പി. ഉണ്ണിക്കൃഷ്ണൻ, ടി.പി. ജിനേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: