മുഖ്യമന്ത്രി നാളെ തളിപ്പറമ്പിൽ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

തളിപ്പറമ്പ്: മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി കണ്ണൂരിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. തളിപ്പറമ്പ് മുതൽ പൊക്കുണ്ട് വരെയാണ് ഗതാഗത നിയന്ത്രണം.തളിപ്പറമ്പ് കില ക്യാംപസ് ഉദ്ഘാടനത്തിനാണ് കണ്ണൂരിലെത്തുന്നത്. ഇന്ന് കോഴിക്കോട്ടെ പരിപാടികള്‍ക്കു ശേഷം രാത്രിയോടെ പിണറായിയിലെ വീട്ടിലെത്തുന്ന മുഖ്യമന്ത്രി പിണറായിയിലെ വീട്ടില്‍ നിന്നും റോഡുമാര്‍ഗമാണ് തളിപ്പറമ്പിലെത്തുക.
കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഡിഐജി രാഹുല്‍ ആര് നായര്‍ക്കാണ്. കണ്ണൂര്‍ സിറ്റി- റൂറല്‍ എസ്പിമാര് കരിമ്പത്ത് എത്തി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. ദേശീയപാതയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിപക്ഷ സംഘടനകള്‍ കരിങ്കൊടി കാണിക്കാനുള്ള സാധ്യത പോലീസ് കണക്കിലെടുക്കുന്നുണ്ട്.
കരിമ്പത്ത് പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ പ്രത്യേക പാസ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ കര്‍ശന പരിശോധനയോടെ മാത്രമാണ് പൊതുജനങ്ങളെ ഉള്‍പ്പെടെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടുകയെന്നാണ് സൂചന.