ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധന

പടിയൂർ പഞ്ചായത്തിലെ കല്യാട് മേഖലയിലെ ചെങ്കൽ ഖനനമേഖലയിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം മിന്നൽ പരിശോധന നടത്തി. മേഖലയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികളെപ്പറ്റി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ സബ് കളകടർ ആസിഫ് കെ. യൂസഫ് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. പടിയൂർ പഞ്ചായത്തിലെ അനധികൃത ചെങ്കൽ ക്വാറികളുടെ പ്രവർത്തനത്തെക്കുറിച്ച് പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. മിച്ചഭൂമിയായി പതിച്ചു നൽകിയ പ്രദേശത്തു ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലാതെ നടക്കുന്ന അനധികൃത ഖനനവും അധികൃതർ കണ്ടെത്തി.ക്വാറി നടത്തുന്നവരുടെ വിവരങ്ങളും ഒരാഴ്ചയ്ക്കകം ശേഖരിക്കുമെന്ന് കല്യാട് വില്ലേജ് ഓഫീസർ വി.വി. ആനന്ദൻ പറഞ്ഞു.മേഖലയിൽ നിന്ന് പത്തോളം ലോറികൾ പിടികൂടി. പിന്നീട് താക്കീതു നൽകി വിട്ടയച്ചു.പിടികൂടിയ വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാലാണ് വിട്ടയച്ചത്.ഒരാഴ്ച മുൻപ് റവന്യൂ അധികൃതർ 3 മണ്ണുമാന്തി യന്ത്രങ്ങളും 9 ലോറികളും പിടികൂടിയിരുന്നു.അനധികൃത ക്വാറികൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും വീണ്ടും ഖനനം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: