കൊട്ടിയൂരിൽ ഇന്ന് രോഹിണി ആരാധന

വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള നാല് ആരാധനകളിൽ അവസാനത്തേതായ

രോഹിണി ആരാധന ഇന്ന് നടക്കും. രോഹിണി ആരാധനാ ദിവസമാണ് ആലിംഗന പുഷ്പാഞ്ജലി നടക്കുക. ആലിംഗന പുഷ്പാഞ്ജലിയാണ് രോഹിണി ആരാധനയുടെ പ്രധാന ചടങ്ങ് . കോപതാപ വിവശനായ ശിവഭഗവാനെ വിഷ്ണു ദേവൻ നെഞ്ചോടു ചേർത്ത് ആലിംഗനം ചെയ്ത് പ്രസാദിപ്പിച്ച പവിത്ര സ്മരണയാണ് ആലിംഗന പുഷ്പാഞ്ജലി എന്നാണ് വിശ്വാസം,
കുറുമാത്തൂർ ഇല്ലത്തെ മൂത്തകാരണവരാണ് ആലിംഗന പുഷ്പാഞ്ജലി നടത്തുക. മറ്റുള്ള ആരാധനകളിൽ നിന്നും വ്യത്യസ്തമായി, ആലിംഗന പുഷ്പാഞ്ജലി എന്ന അപൂർവ്വ ചടങ്ങ് നടക്കുന്നത് രോഹിണി ആരാധന ദിവസമാണ് കുറുമാത്തൂർ ഇല്ലത്തെ ബ്രാഹ്മണ ശ്രേഷ്ഠന് മാത്രമെ ആലിംഗനപൂജ ചെയ്യാൻ അധികാരമുള്ളൂ. എന്തെങ്കിലും കാരണവശാൽ അദ്ദേഹത്തിന് സന്നിധിയിൽ വരാൻ കഴിഞ്ഞില്ലെങ്കിൽ ആ വർഷം ആലിംഗനപൂജ നടക്കാറില്ല.
കാർത്തിക നാളായ ഇന്നലെ കുറുമാത്തൂർ നമ്പൂതിരി മണത്തണ എത്തി കുണ്ഠേൻ വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി.അവിടെ നിന്ന് ഊരാള തറവാടുകളിൽ ഒന്നായ ആക്കൽ തറവാട്ടിൽ എത്തി, അതിഥിയായി അവിടെ താമസിക്കുന്നു. പിറ്റേ ദിവസം രാവിലെ യാഗ സന്നിധിയിലേക്ക് പുറപ്പെടുന്നു. സന്നിധിയിലെത്തിയാൽ ആക്കൽ കയ്യാലയിലാണ് കുറുമാത്തൂരിന് താമസവും, സദ്യയും ഒരുക്കേണ്ടത്. ആരാധനയോടനുബന്ധിച്ച് പൊന്നിൻ ശീവേലി ഉണ്ടാകും. ശീവേലിക്ക് സ്വർണ്ണം, വെള്ളി പാത്രങ്ങൾ എഴുന്നള്ളിക്കും. കുടിപതികൾ, വാളശന്മാർ, കാര്യത്ത് കൈക്കോളൻ, പട്ടാളി എന്നിവർക്കായി കോവിലകം കയ്യാലയിൽ തയ്യാറാക്കിയ പ്രഥമൻ അടക്കമുള്ള സദ്യയുമുണ്ടാവും .
സന്ധ്യയോടെ കരോത്ത് നായർ തറവാട്ടിൽ നിന്ന് എഴുന്നള്ളിച്ചുകൊണ്ടു വരുന്ന പഞ്ചഗവ്യം സ്വയംഭൂവിൽ അഭിഷേകം ചെയ്യും. നവകം, കളഭം എന്നീ അഭിഷേകങ്ങളും നടക്കും.കോട്ടയം രാജവംശത്തിലെ പടിഞ്ഞാറെ കോവിലകം വകയായാണ് രോഹിണി ആരാധന നടക്കുന്നത്. 18 ന് മകം നാൾ ഉച്ചശീവേലിക്ക് ശേഷം സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനം ഉണ്ടാവില്ല.

%d bloggers like this: