പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച: അന്വേഷണം ഊര്‍ജിതം

പഴയങ്ങാടിയില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ നടന്ന കവര്‍ച്ചയിലെ മുഖ്യ സൂത്രധാരനെ പോലീസ് തിരിച്ചറിഞ്ഞു. പഴയങ്ങാടി സ്വദേശിയായ

ഇയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പഴയങ്ങാടി ടൗണിലും പരിസരത്തുമുള്ള 30 ഓളം സിസിടിവി കാമറകള്‍ അന്വേഷണസംഘം പരിശോധിച്ചു കഴിഞ്ഞു.

ബസ് സ്റ്റാന്‍ഡിനു സമീപത്തെ അല്‍ഫത്തീബി ജ്വല്ലറിയില്‍ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും രണ്ടുലക്ഷം രൂപയും കവര്‍ന്ന സംഭവത്തിനു പിന്നില്‍ പഴയങ്ങാടി സ്വദേശിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. മുഖ്യപ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടതോടെ പഴയങ്ങാടി മേഖലയിലുള്ള ചിലര്‍ നാട്ടില്‍നിന്നും മുങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കവര്‍ച്ചാസംഘം മാടായിപ്പാറയില്‍ മണിക്കൂറുകളോളം ഒത്തുകൂടി അവസാനവട്ട ഒരുക്കം നടത്തിയതിനുശേഷമാണ് കവര്‍ച്ച നടത്തി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കവര്‍ച്ചാസംഘം മാടായിപ്പാറയില്‍ ഒത്തുകൂടിയ സ്ഥലത്തുനിന്നും ചില തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. വെങ്ങര റെയില്‍വേ ഗേറ്റ് വഴി കടന്ന് സ്വര്‍ണവുമായി സംഘം ട്രെയിനില്‍ മംഗളൂരുവിലേക്ക് കടന്നതായാണു സൂചന. കര്‍ണാടകയിലെ പുത്തൂരില്‍ രണ്ടു വര്‍ഷം മുമ്ബ് നടന്ന ഒരു ജ്വല്ലറി കവര്‍ച്ചയുമായി സമാന സ്വഭാവമുള്ളതായതിനാല്‍ അന്വേഷണസംഘം ഇക്കാര്യവും പരിശോധിക്കുന്നുണ്ട്.

കവര്‍ച്ച നടന്ന ദിവസത്തെയും അതിനുമുന്പും ശേഷവുമുള്ള പതിനാലായിരത്തിലേറെ ഫോണ്‍കോളുകളും പരിശോധിച്ചു വരികയാണ്. മുട്ടം, എട്ടിക്കുളം ഭാഗങ്ങളിലെ ടവറുകള്‍ വഴി കടന്നുപോയ ഫോണുകളിലെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കവര്‍ച്ചയ്ക്കുശേഷം ജ്വല്ലറിയിലെ നിരീക്ഷണ കാമറ സ്‌പ്രേ പെയിന്‍റ് അടിച്ചു നശിപ്പിക്കുകയും നിരീക്ഷണ കാമറയുടെ ഡിവിആര്‍ സംവിധാനം കടത്തിക്കൊണ്ടുപോയതും മോഷ്ടാക്കളെ തിരിച്ചറിയാനുള്ള സാധ്യത ഇല്ലാതാക്കിയിരുന്നു.

പഴയങ്ങാടിയിലെ ഗുഡ്‌സ് ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴിയാണു കേസില്‍ നിര്‍ണായകമായത്. ജ്വല്ലറിയില്‍ സാധനങ്ങള്‍ ഇറക്കാന്‍ വന്ന ഇയാള്‍ കടയുടെ മുന്നില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ട് അന്വേഷിച്ചപ്പോള്‍ ഷട്ടര്‍ നന്നാക്കുകയാണെന്നും കടയുടമയും ജീവനക്കാരും പള്ളിയില്‍ പോയതാണെന്നും പറഞ്ഞു.

ഗുഡ്സ് ഓട്ടോറിക്ഷാ ഡ്രൈവറില്‍ നിന്നും പ്രതി സംസാരിച്ച ഭാഷാശൈലി മനസിലാക്കിയ അന്വേഷണ സംഘം പഴയങ്ങാടി ഭാഗത്തുള്ളയാളാണ് പ്രതിയെന്ന് വിലയിരുത്തുകയും ഓട്ടോറിഷ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വട്ട മുഖമുള്ള മോഷ്ടാവിന്‍റെ രേഖാചിത്രം ചിത്രം തയാറാക്കുകയുമായിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന തളിപ്പറമ്ബ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ നല്‍കുന്ന സൂചന.

%d bloggers like this: