വാജ്പേയിയുടെ നില ഗുരുതരം

ന്യൂഡൽഹി: എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയുടെ

നില അതീവഗുരുതരമെന്ന് സൂചന. ഇന്നലെ രാവിലെ 11.30 ഓടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാജ്പേയിയെ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ 45 മിനിട്ടോളം ചെലവിട്ടു. വാജ്പേയിയുടെ ആരോഗ്യവിവരങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഡോക്ടർമാരുമായി സംസാരിച്ചു. കുടുംബാംഗങ്ങളുമായും അദ്ദേഹം ആശയവിനിമയം നടത്തി. രാത്രി എട്ടുമണിയോടെയാണ് പ്രധാനമന്ത്രി ആശുപത്രിയിലെത്തിയത്. പിന്നീട് മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനിയും മുരളി മനോഹർ ജോഷിയും ആശുപത്രിയിലെത്തി.
വാജ്പേയിയെ പ്രവേശിപ്പിച്ചത് പതിവു പരിശോധനയുടെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും എയിംസ് അധികൃതർ ഉച്ചയോടെയിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. എന്നാൽ വൈകിട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആശുപത്രിയിലെത്തി. പിന്നാലെ ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ജെ.പി. നദ്ദ തുടങ്ങിയവരുമെത്തിയതോടെ വാജ്പേയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ പടർന്നു. തൊട്ടുപിന്നാലെ പ്രധാനമന്ത്രിയും എയിംസിലെത്തിയത് അഭ്യൂഹങ്ങൾ ശക്തമാക്കി.

അതിനിടെ പതിവ് പരിശോധനകൾക്കായി വാജ്പേയിയെ എയിംസിൽ പ്രവേശിപ്പിക്കാറില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. അതേസമയം 93 കാരനായ വാജ്പേയിക്ക് ഹൃദയാഘാതം ഉണ്ടായെന്ന റിപ്പോർട്ടുകൾ എയിംസ് തള്ളി. എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിരീക്ഷണത്തിലാണ് വാജ്പേയി.
എയിംസിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വാജ്പേയിയുടെ നില ത‌ൃപ്തികരമാണെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. വാജ്പേയിയുടെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് മുൻകേന്ദ്രമന്ത്രി പി. ചിദംബരം ട്വീറ്റ് ചെയ്തു. വേഗം അദ്ദേഹം സുഖംപ്രാപിക്കട്ടെയെന്ന് പഴയ സഹപ്രവർത്തകൻ യശ്വന്ത് സിൻഹയും ട്വീറ്റ് ചെയ്തു.
2009ൽ നാഗ്പൂരിൽ ബി.ജെ.പി നേതാക്കളുടെ യോഗം നടക്കുന്നതിന് 48 മണിക്കൂർ മുൻപ് പക്ഷാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വാജ്പേയി പിന്നീട് സംസാരിച്ചിട്ടില്ല. ഓർമ്മകൾ ഏതാണ്ട് നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു കഴിഞ്ഞിരുന്നത്. ഡൽഹിയിലെ വസതിയിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല.
മൂന്നു തവണ പ്രധാനമന്ത്രി പദത്തിലിരുന്ന വാജ്പേയിക്ക് 2015ൽ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന സമ്മാനിച്ചിരുന്നു

error: Content is protected !!
%d bloggers like this: