സത്യപ്രതിജ്ഞ 20 ന് ചടങ്ങിൽ 750 പേർ; ഔദ്യോഗിക വാഹനം തിരികെ ഏൽപിച്ച് 6 മന്ത്രിമാർ

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20നു മൂന്നരയ്ക്കു സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുമ്പോൾ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നത് 750 പേർ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു രണ്ടു മീറ്റർ അകലത്തിൽ ഇവർക്ക് ഇരിപ്പിട സൗകര്യം ഒരുക്കുന്നതിനു സെൻട്രൽ സ്റ്റേഡിയത്തിൽ വിശാലമായ പന്തൽ നിർമിക്കും.

പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങൾ, സ്ഥാനം ഒഴിയുന്ന മന്ത്രിമാർ, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളിൽനിന്നുള്ള പ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങി 750 പേരെയാണു ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുക. പൊതുജനങ്ങൾക്കു പ്രവേശനം ഇല്ല.

പഴയ മന്ത്രിസഭ കെയർടേക്കറായി തുടരുന്നുണ്ടെങ്കിലും മന്ത്രിമാരിൽ പലരും അപൂർവമായി മാത്രമേ ഇപ്പോൾ സെക്രട്ടേറിയറ്റിലെ ഓഫിസിൽ എത്തുന്നുള്ളൂ. ആറു മന്ത്രിമാർ തങ്ങളുടെ ഔദ്യോഗിക വാഹനം തിരികെ ഏൽപിച്ചു കഴിഞ്ഞു. പുതിയ മന്ത്രിമാരുടെ പട്ടിക ആകുമ്പോഴേക്കും മുഴുവൻ പേരും ഔദ്യോഗിക വാഹനം തിരികെ ഏൽപിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഇന്നോവ ക്രിസ്റ്റ വണ്ടികളാണു മന്ത്രിമാർക്കു നൽകിയിരിക്കുന്നത്. ഇതു തിരികെ വാങ്ങി അത്യാവശ്യം അറ്റകുറ്റപ്പണി നടത്തി പുതിയ മന്ത്രിമാർക്കു നൽകും. സത്യപ്രതിജ്ഞയ്ക്കുശേഷം ഈ വാഹനങ്ങളിൽ ആയിരിക്കും പുതിയ മന്ത്രിമാർ സെക്രട്ടേറിയറ്റിൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാനായി പോകുക.

കെയർടേക്കർ മന്ത്രിമാർ ആരും ഇതുവരെ ഓഫിസും ഔദ്യോഗിക വസതിയും ഒഴിഞ്ഞിട്ടില്ല. പുതിയ മന്ത്രിസഭയിലും ഇവരിൽ ചിലർ അംഗങ്ങളായി തുടരുകയാണെങ്കിൽ ഒഴിയേണ്ട കാര്യമില്ല. സ്ഥാനം ഒഴിയുന്ന മന്ത്രിമാർക്ക് ഓഫിസും വസതിയും ഒഴിയാൻ 15 ദിവസത്തെ സാവകാശം ലഭിക്കും.

മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ ചുമതല ടൂറിസം വകുപ്പിനും ഓഫിസിന്റെ ചുമതല സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിങ് വിഭാഗത്തിനുമാണ്. പഴയ മന്ത്രിമാർ വർഷങ്ങളായി ഉപയോഗിക്കുന്ന ഇവ മരാമത്തു വകുപ്പിനെ കൊണ്ട് അറ്റകുറ്റപ്പണി നടത്തിച്ചു വേണം പുതിയ മന്ത്രിമാർക്കു കൈമാറാൻ. ഇക്കാര്യത്തിൽ പുതിയ മന്ത്രിമാരുടെ താൽപര്യം കൂടി പരിഗണിച്ചായിരിക്കും പരിഷ്കാരം വരുത്തുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: