2-18 വയസ് വരെയുള്ള കുട്ടികളില്‍ കോവാക്‌സിന്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി

ക്ലിനിക്കൽ പരീക്ഷണത്തിനാണ് അനുമതി നൽകിയത്
രണ്ടോ, മൂന്നോ മാസത്തിനകം പരീക്ഷണം പൂർത്തിയാകും

ന്യൂഡൽഹി: ഇന്ത്യയിൽ കുട്ടികളിൽ കോവാക്സിന്റെ രണ്ട്, മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി. രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിനാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) അനുമതി നൽകിയത്.

കോവാക്സിന്റെ ഒന്നാംഘട്ട പരീക്ഷണ ഫലങ്ങൾ പരിശോധിച്ച ശേഷമാണ് രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയിലെ വിദഗ്ധ സമിതി അനുമതി നൽകിയത്. മൂന്നാംഘട്ട പരീക്ഷണത്തിന് മുമ്പ് രണ്ടാംഘട്ട പരീക്ഷണത്തിലെ സുരക്ഷാ വിവരങ്ങൾ സമർപ്പിക്കണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്.

എയിംസ് ഡൽഹി, എയിംസ് പാട്ന, നാഗ്പുർ മെഡിട്രിന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടെയുള്ള ആശുപത്രികളിലാണ് ക്ലിനിക്കൽ പരീക്ഷണം നടക്കുക. നിലവിൽ 18 വയസിന് മുകളിലുള്ളവർക്ക് ഇന്ത്യയിൽ കോവാക്സിനും കോവിഷീൽഡ് വാക്സിനുമാണ് നൽകുന്നത്. ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെകാണ് കോവാക്സിൻ വികസിപ്പിച്ചത്.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ വരുന്ന മൂന്നാംതരംഗം കുട്ടികളെയാകും സാരമായി ബാധിക്കുകയെന്ന് നേരത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള നടപടികൾക്ക് വേഗത വർധിപ്പിച്ചത്. രണ്ടോ, മൂന്നോ മാസത്തിനകം പരീക്ഷണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് സൂചന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: