ഗസ്സയിലെ ഇസ്രായേൽ ഭീകരത: 36 മരണം, 220ലേറെ പേർക്ക് പരിക്ക്

ടെൽ അവീവ്​: ഫലസ്​തീനിൽ മസ്​ജിദുൽ അഖ്​സയിലും ജറൂസലമിലും തുടരുന്ന പൊലീസ്​ ഭീകരതക്കൊപ്പം ഗസ്സയെയും ചോരയിൽ മുക്കി ഇസ്രായേൽ. ചുറ്റും ഉപരോധവലയിൽ കഴിയുന്ന ഗസ്സയിൽ തുടരുന്ന വ്യോമാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 12 കുട്ടികളുൾപെടെ 36 ആയി. 250 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. 2014നു ശേഷം ഗസ്സയിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണത്തിൽ ഗസ്സയിലെ ബഹുനില ജനവാസ ​കെട്ടിടം പൂർണമായി തകർത്തു. അപ്പാർട്ട്​മെന്‍റുകൾക്ക്​ പുറമെ മെഡിക്കൽ ഉൽപാദന സ്​ഥാപനങ്ങൾ, ഡെന്‍റൽ ക്ലിനിക്​ എന്നിവയും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ്​ തകർത്തത്​. സമാനമായി, ഹമാസ്​ ഉ​േദ്യാഗസ്​ഥരുടെ വീടുകളും ഓഫീസുകളും പ്രവർത്തിച്ച 13 നില കെട്ടിടവും ​ഇസ്രായേൽ ബോംബിട്ടുതകർത്തു. നിരവധി മാധ്യമ സ്​ഥാപനങ്ങളുടെ ഓഫീസുകളും ഇവിടെ പ്രവർത്തിച്ചിരുന്നു.

ഹെബ്രോണിൽ ഫലസ്​തീനികൾ താമസിച്ചുവന്ന അൽഫവാർ അഭയാർഥി ക്യാമ്പും ഇസ്രായേൽ തകർത്തു. ബുധനാഴ്​ച രാവിലെയും ഗസ്സക്കു മേൽ ഇസ്രായേൽ ബോംബറുകൾ ആക്രമണം തുടരുകയാണ്​. ആക്രമണങ്ങളിൽ ഹമാസ്​ രഹസ്യാന്വേഷണ വിഭാഗം മേധാവി ഹസൻ ക​ഓഗി, മുതിർന്ന ഉദ്യോഗസ്​ഥൻ വാഇൽ ഇസ്സ എന്നിവരെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു.

ഹമാസ്​ ​ഇസ്രായേലിൽ നടത്തിയ റോക്കറ്റാക്രമണത്തിൽ മൂന്നു മരണവും സ്​ഥിരീകരിച്ചിട്ടുണ്ട്​. അഞ്ചു പേർ മരിച്ചതായി ഇസ്രായേലി പത്രം ഹാരെറ്റ്​സ്​ റിപ്പോർട്ട്​ ചെയ്​തു. ഒരു കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്​. തിരിച്ചടി തുടരുമെന്ന്​ ഹമാസും അറിയിച്ചു.


ബുധനാഴ്ച പുലർച്ചെ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നതിലൂടെ ടവർ കെട്ടിടം തകർന്നതിനെ തുടർന്ന് ഫലസ്തീനികളെ ഒഴിപ്പിച്ചു 

ജറൂസലമിൽ ദിവസങ്ങളായി ഇസ്രായേൽ പൊലീസ്​ തുടരുന്ന ഭീകരതയിൽ ഇതുവരെ 700ലേറെ ഫലസ്​തീനികൾക്ക്​ പരിക്കേറ്റിട്ടുണ്ട്​. മസ്​ജിദുൽ അഖ്​സയിൽ കടന്നുകയറി വ്യാപകമായി ആക്രമണം തുടരുന്നതിൽ ലോകമെങ്ങും പ്രതിഷേധം ശക്​തമാണെങ്കിലും അവസാനിപ്പിക്കാനില്ലെന്ന നിലപാടിലാണ്​ ഇസ്രായേൽ. ദിവസങ്ങൾക്കിടെ ആറു തവണയാണ്​ ഇസ്രയേൽ പൊലീസ്​ മസ്​ജിദിനകത്തുകയറി വിശ്വാസികൾക്കു നേരെ അതിക്രമം നടത്തിയത്​. റമദാൻ 27ന്​ ലൈലതുൽ ഖദ്​ർ പ്രതീക്ഷിച്ച്​ ഒത്തുകൂടിയ വിശ്വാസികൾക്കു നേരെയും അതിക്രമമുണ്ടായി.

മസ്​ജിദുൽ അഖ്​സയോടു ചേർന്നുള്ള ശൈഖ്​ ജർറാഹ്​ പ്രദേശത്ത്​ ജൂത കുടിയേറ്റ വീടുകളും പാർക്കുകളും നിർമിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി താമസക്കാരായ ഫലസ്​തീനികളെ കുടിയിറക്കുന്നതി​ൽ പ്രതിഷേധിച്ചാണ്​ പള്ളിയിൽ താമസക്കാരും അവരെ അനുകൂലിക്കുന്നവരും ഒരുമിച്ചുകൂടിയത്​. പള്ളിക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാതെ റോക്കറ്റാക്രമണം അവസാനിപ്പിക്കില്ലെന്ന്​ ഹമാസ്​ നേതാവ്​ ഇസ്​മാഈൽ ഹനിയ്യ പറഞ്ഞു. തിങ്കളാഴ്ച ഹമാസ്​ ഇസ്രായേലിന്​ അന്ത്യശാസനം നൽകിയിരുന്നു. മസ്​ജിദുൽ അഖ്​സയിലെ ​പൊലീസ്​ സാന്നിധ്യം അവസാനിപ്പിച്ചില്ലെങ്കിൽ ആക്രമണമുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്​. സമയം അവസാനിച്ചിട്ടും പൊലീസ്​ നടപടികൾ അവസാനികാതെ വന്നതോടെ ഗസ്സയിൽ നിന്ന്​ റോക്കറ്റാക്രമണം നടത്തുകയായിരുന്നു.

അതിനിടെ, ഭരണകൂടം നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ഇസ്രായേലിനകത്തും പ്രതിഷേധം ശക്​തമായത്​ നെതന്യാഹു സർക്കാറിന്​ ഭീഷണിയായിട്ടുണ്ട്​. ഫലസ്​തീനികൾ താമസിക്കുന്ന ലോദ്​ ഉൾപെടെ പ്രദേശങ്ങളിൽ ഇസ്രായേൽ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചു​. ആക്രമണം അവസാനിപ്പിക്കണമെന്ന്​ ലോക രാഷ്​ട്രങ്ങൾ ഇസ്രായേലിനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

ഇസ്രായേൽ ഭീകരതക്കെതിരെ ശക്​തമായി രംഗത്തുവരണമെന്ന്​ ഹമാസ്​ ഫലസ്​തീനികളോട്​ ആവശ്യപ്പെട്ടു.

എന്നാൽ, ഗസ്സയിൽ ആക്രമണം ശക്​തമാക്കുമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു പറഞ്ഞു. ആക്രമണത്തിനായി 80 യുദ്ധവിമാനങ്ങ​ളും ടാങ്കുകളും വിന്യസിച്ചതിനു പുറമെ കാലാൾപടയുടെ അധിക സേവനവും ലഭ്യമാക്കിയതായി ഇസ്രായേൽ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: