ഇരിട്ടി താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗികൾക്കുള്ള ട്രയാജിങ് സംവിധാനം ഇന്ന് മുതൽ

ഇരിട്ടി : ഇരിട്ടി താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗികൾക്കുള്ള പരിശോധനയും ചികിത്സ യുമായി ബന്ധപ്പെട്ടുള്ള ട്രയാജിങ് സംവിധാനം ബുധനാഴ്ചമുതൽ പ്രവർത്തനമാരംഭിക്കും. താലൂക്ക് ആശുപത്രി പഴയ ബ്ലോക്കിലെ അഡ്മിഷൻ വാർഡിനോടനുബന്ധിച്ച് ഉച്ചക്ക് 1 മണിമുതൽ രാവിലെ 8 മണിവരെയാണ് ഇതിന്റെ പ്രവർത്തനം നടക്കുക. കോവിഡ് രോഗികൾ, ക്വാറന്റീനിൽ ഇരിക്കുന്നവർ, കോവിഡ് സംശയിക്കുന്ന രോഗികൾ എന്നിവർക്ക് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
പ്രസ്തുത വിഭാഗത്തിൽ പെട്ടവർ അതാത് പഞ്ചായത്ത് , മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന മെഡിക്കൽ ഓഫിസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജെ പി എച്ച് എൻ, കൗൺസിലർ, വാർഡ് മെമ്പർ , ആശാ വർക്കർ എന്നിവരെ ആരെയെങ്കിലും അറിയിച്ച ശേഷം അവർ മുഖാന്തിരം താലൂക്ക് ആശുപത്രി കോവിഡ് ട്രയാജ് സെന്ററിലെ 6235108250 എന്ന നമ്പറിൽ വിളിച്ച് അറിയിച്ച ശേഷം അവർ തരുന്ന സമയ നിർദ്ദേശങ്ങൾക്കനുസരിച്ച് എത്തണം. വരുന്നവർ സ്വകാര്യ വാഹനമോ സ്വന്തം വാഹനമോ ഉപയോഗിക്കരുത്‌ . അതാത് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോവിഡ് രോഗികൾക്ക് സഞ്ചരിക്കാനായി അഞ്ച് വാഹനം ഒരുക്കണം എന്നതാണ് ഗവർമെന്റിന്റെ നിർദ്ദേശം. ഇതുപ്രകാരം അവരുമായി ബന്ധപ്പെട്ട് ഇവർ ഒരുക്കിയിരിക്കുന്ന വാഹന സൗകര്യം ഉറപ്പാക്കി വേണം എത്താൻ. അധികൃതർ തരുന്ന സമയ നിഷ്ഠയും പാലിച്ചിരിക്കണം. കോവിഡ് പോസിറ്റിവ് ആയ രോഗികൾ ട്രയാജ് സെന്ററിൽ എത്തുമ്പോൾ കോവിഡ് പോസിറ്റിവ് ടെസ്റ്റ് റിപ്പോർട്ട് കയ്യിൽ കരുതിയിരിക്കണം.
അതേസമയം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ പനിക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് രോഗികൾ, ക്വാറന്റീനിൽ കഴിയുന്നവർ , കോവിഡ് സംശയിക്കുന്നവർ എന്നീ വിഭാഗത്തിലുള്ളവർ അതാതു സ്ഥലങ്ങളിലെ ഇത്തരം കേന്ദ്രങ്ങളുടെ സേവനം തേടാനും ശ്രദ്ധിക്കേണ്ടതാണെന്ന് ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രൻ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: