ദേശീയപാതാ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു; ആദ്യഘട്ടമായി തലപ്പാടി-ചെങ്ങള റീച്ച്

കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യമായിരുന്ന ദേശീയപാതാ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ആദ്യഘട്ടമായി തലപ്പാടി-ചെങ്ങള റീച്ചിന്റെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഭാരത്മാല പരിയോജന പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് ആന്യുറ്റി മോഡിൽ ആണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിക്ക് സ്റ്റാൻഡിങ് ഫിനാൻസ് കമ്മിറ്റി അംഗീകാരം നൽകി. ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവിറങ്ങിയാൽ ബിഡ് ഓപ്പൺ ചെയ്ത് ടെണ്ടർ നടപടി പൂർത്തിയാക്കാൻ കഴിയും.

ദേശീയപാതാ വികസനത്തിനായി സർക്കാർ അധികാരമേറ്റതു മുതൽ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിന് സഹായകരമായ നിലപാടെടുത്ത കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്ക് നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

തലപ്പാടി മുതൽ ചെങ്ങള വരെയുള്ള 39 കി.മീ 45 മീറ്റർ വീതിയിൽ ആറു വരി ആക്കി വികസിപ്പിക്കുന്നതാണ് പദ്ധതി. മൊത്തം ചെലവ് 1968.84 കോടി രൂപയാണ്. രണ്ടര വർഷം കൊണ്ടാണ് നിർമാണ പ്രവർത്തനങ്ങൾ തീർക്കാനുദ്ദേശിക്കുന്നത്. 35.66 ഹെക്റ്റർ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കലിന് 683.09 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ തുകയുടെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കും.

തലപ്പാടി മുതൽ കഴക്കൂട്ടം വരെ 521.81 കിലോ മീറ്റർ ദേശീയപാതാ വികസനത്തിനാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഇതിൽ 266.22 കിലോ മീറ്റർ ദൂരം വികസിപ്പിക്കാനുള്ള എട്ട് പദ്ധതികൾ ഈ വർഷം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 18 കിലോമീറ്റർ ദൂരമുള്ള തലശേരി-മാഹി ബൈപാസ് പ്രവർത്തി പുരോഗമിക്കുകയാണ്. 28.6 കിലോമീറ്റർ ദൂരത്തിലുള്ള കോഴിക്കോട് ബൈപാസ് ആറു വരിയാക്കി വികസിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കലടക്കം ഇരുപതിനായിരം കോടിയോളം രൂപ ഈ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കപ്പെടും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ പ്രവൃത്തികൾ തൊഴിൽസാധ്യത കൂടി വർധിപ്പിക്കുന്ന ഒന്നായി മാറും. സംസ്ഥാനത്തിൻറെ അടിസ്ഥാന സൗകര്യ വികസനത്തിനും ദേശീയപാതാ വികസനം മുതൽക്കൂട്ടാകും. വ്യവസായ വാണിജ്യ മേഖലകളിലെ വികസനവും ത്വരിതപ്പെടുത്താൻ ഈ പദ്ധതികൾ പ്രയോജനകരമാകും. തുടർ പദ്ധതികൾക്ക് അംഗീകാരം ലഭ്യമാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: