ഇന്നത്തെ (12/5/2020) മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ പൂർണ രൂപം വായിക്കാം

കോവിഡ് 19 വൈറസ് ബാധ രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് നമ്മുടെ സംസ്ഥാനത്താണ്. തുടര്‍ന്ന് രോഗവ്യാപനം പിടിച്ചുനിര്‍ത്താനാണ് നാം ശ്രമിച്ചത്. നമുക്ക് അതിനു കഴിഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് നാം കടക്കുകയാണ്.
മറ്റ് രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും പ്രവാസികളായ നമ്മുടെ സഹോദരങ്ങള്‍ തിരിച്ചെത്തിത്തുടങ്ങി. ഈയാഴ്ച മുതല്‍ കൂടുതല്‍ പേര് നാട്ടിലേക്ക് തിരിച്ചെത്തുകയാണ്. രോഗബാധിത മേഖലകളില്‍നിന്നു വരുന്നവരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിച്ചുനിര്‍ത്തുക; സമൂഹവ്യാപനമെന്ന ഭീഷണിയെ അകറ്റിനിര്‍ത്തുക എന്ന ലക്ഷ്യമാണ് നമുക്കു മുന്നിലുള്ളത്.
ഇപ്പോള്‍ ആകെ 32 രോഗബാധിതരാണ് സംസ്ഥാനത്തുള്ളത്. ഇവരില്‍ 23 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിനു പുറുത്തുനിന്നാണ്. ചെന്നൈയില്‍നിന്നു വന്ന 6 പേര്‍ക്കും മഹാരാഷ്ട്രയില്‍നിന്നു വന്ന 4 പേര്‍ക്കും നിസാമുദീനില്നിന്നു വന്ന 2 പേര്‍ക്കും വിദേശത്തുനിന്നു വന്ന 11 പേര്‍ക്കുമാണ് രോഗബാധയുണ്ടായത്.
സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ച 9 പേരില്‍ ആറുപേര്‍ വയനാട്ടിലാണ്. ചെന്നൈയില്‍ പോയിവന്ന ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ മൂന്നുപേര്‍ക്കും സഹഡ്രൈവറുടെ മകനും സമ്പര്‍ക്കം പുലര്‍ത്തിയ മറ്റു രണ്ടുപേര്‍ക്കുമാണ് രോഗബാധയുണ്ടായത്. വയനാടിനു പുറത്ത് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായ മറ്റു മൂന്നുപേര്‍ ഗള്‍ഫില്‍നിന്ന് വന്നവരുടെ ഉറ്റവരാണ്.
സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തോത് സങ്കല്പാതീതമാണ്. കാസര്‍കോട് ഒരാളില്‍നിന്ന് 22 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കണ്ണൂരില്‍ 9. വയനാട്ടിലെ ട്രക്ക് ഡ്രൈവറില്‍നിന്നും 6 പേര്‍ക്ക് രോഗം പടര്‍ന്നു. കാര്യങ്ങള്‍ എളുപ്പമല്ല. നിയന്ത്രണം പാളിയാല്‍ കൈവിട്ടുപോകും. പ്രതീക്ഷിക്കാത്ത രീതിയിലുള്ള വിപത്ത് നാം നേരിടേണ്ടിവരും. അതുകൊണ്ടാണ് ആവര്‍ത്തിച്ചുപറയുന്നത്.
ഇതുവരെ രോഗബാധ വേഗത്തില്‍ കണ്ടെത്താനും ആവശ്യമായ സുരക്ഷയൊരുക്കാനും നമുക്ക് സാധിച്ചു. കൂടുതല്‍ ആളുകള്‍ സംസ്ഥാനത്തേക്ക് എത്തുമ്പോള്‍ അവര്‍ക്കും സുരക്ഷയൊരുക്കാന്‍ കഴിയണം. ഇത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. റോഡ്, റെയില്‍, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആളുകള്‍ എത്തുന്നുണ്ട്. ഇതുവരെ സംസ്ഥാനത്ത് റോഡു വഴി 33,116 പേരും വിദേശരാജ്യങ്ങളില്‍നിന്ന് വിമാനങ്ങള്‍ വഴി 1,406 പേരും കപ്പലുകളില്‍ 831 പേരും എത്തിയിട്ടുണ്ട്. നാളെ ട്രെയിന്‍ സര്‍വീസ് നാളെ ആരംഭിക്കുകയാണ്.
ഇതുവരെയുള്ള പോസിറ്റീവായ കേസുകളില്‍ 70 ശതമാനം പുറമേനിന്ന് വന്നവരാണ്. 30 ശതമാനം അവരില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ലഭിച്ചവരും. രോഗവ്യാപന നിരക്ക് ഒന്നില്‍ താഴെയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മരണനിരക്കും വളരെ കുറയ്ക്കാന്‍ നമുക്ക് കഴിഞ്ഞു. ബ്രേക്ക് ദി ചെയിനും ക്വാറന്റൈന്-റിവേഴ്സ് ക്വാറന്റൈനും വിജയിപ്പിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് നമുക്കീ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞത്. ഇത് നമുക്ക് ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും നല്‍കുന്നുണ്ട്.
ഇനിയുള്ള ഘട്ടത്തില്‍ സ്ഥിതിഗതികളില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കണം. ഇതുവരെ വിദേശത്തുനിന്നുള്ളവര്‍ കേരളത്തിലേക്ക് വരുന്ന അവസരത്തില്‍ വിദേശരാജ്യങ്ങളില്‍ രോഗവ്യാപനം കുറവായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയും അതായിരുന്നു. ഇപ്പോള്‍ ഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രോഗവ്യാപനം ശക്തമായി തുടരുകയാണ്. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് അതത് രാജ്യങ്ങളില്‍ ആന്റിബോഡി ടെസ്റ്റ് നടത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപന തോത് കുറയ്ക്കാന്‍ ഇതു സഹായിക്കും.
ഒരേസമയം നമുക്ക് അനേകം പേരെ സ്വീകരിക്കേണ്ടിവരും. ഒരു സംശയവുമില്ല; അവര്‍ എല്ലാവരും ഇങ്ങോട്ടു വരേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരുമാണ്. ഇവരെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുക, രോഗബാധയുള്ളവര്‍ക്ക് പ്രത്യേക പരിചരണം നല്‍കുക, വൈറസ് വ്യാപനം തടയുക എന്നീ ഉത്തരവാദിത്തങ്ങള്‍ സംസ്ഥാനം ഏറ്റെടുക്കുകയാണ്. ഇതിന് എല്ലാ ആളുകളുടെയും സഹായവും സഹകരണവും വേണം. അതുകൊണ്ടുതന്നെ രോഗവ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് എത്തുന്നവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിര്‍ബന്ധമായും ശേഖരിച്ചിരിക്കണം എന്ന തീരുമാനമെടുത്തത്. അതിന്റെ ഭാഗമായി തന്നെയാണ് കോവിഡ് ജാഗ്രത 19 വെബ് പോര്‍ട്ടലില്‍ രജിസ്ട്രേഷനും പാസും നിര്‍ബന്ധമാക്കിയത്. നമ്മുടെ സഹോദരങ്ങള്‍ മറ്റ് പല സ്ഥലത്തും അനുഭവിക്കേണ്ടിവരുന്ന പ്രയാസത്തെക്കുറിച്ച് എല്ലാവര്ക്കും നല്ല ബോധ്യമുണ്ട്. സുരക്ഷിതമല്ലാതെ സംസ്ഥാനത്തേക്കുള്ള യാത്രകള്‍ ആ പ്രയാസം വര്‍ധിപ്പിക്കാന്‍ മാത്രമേ ആത്യന്തികമായി ഉപകരിക്കൂ. ഓരോരുത്തരുടെയും സുരക്ഷ ഈ നാടിന്റെ സുരക്ഷയാണ് എന്ന് എല്ലാവരും, അത് പുറത്തുനിന്ന് വരുന്നവരായാലും ഇവിടെയുള്ളവരായാലും ഓര്‍ക്കേണ്ടതുണ്ട്.
അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്ക്ക്ഹോം ക്വാറന്റൈന് ഇപ്പോള്‍ അനുവദിക്കുന്നുണ്ട്. ഹോം ക്വാറന്റൈന് എന്നത് ഫലത്തില്‍ റൂം ക്വാറന്റൈന് എന്നതായി മാറണം. വീട്ടില്‍ മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണം. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദേശിക്കുന്നതിനപ്പുറത്തേക്ക് ഈ ഘട്ടങ്ങളില്‍ ആരും പെരുമാറാന്‍ പാടില്ല. കുട്ടികള്‍, പ്രായമായവര്‍, ഗുരുതരമായ രോഗമുള്ളവര്‍ എന്നിവരുമായി ഒരു തരത്തിലും ബന്ധമുണ്ടാകാന്‍ പാടില്ല എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകരുത്.
വരുന്നവര്‍ മാത്രമല്ല, ഇവിടെയുള്ളവരും അക്കാര്യത്തില്‍ ജാഗ്രത കാട്ടണം. കഴിഞ്ഞ ഘട്ടത്തില്‍ എങ്ങനെയായിരുന്നോ നമ്മുടെ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത് ആ സൂക്ഷ്മതയോടു കൂടി തന്നെ വരും ദിവസങ്ങളിലും പ്രവര്‍ത്തിച്ചേ മതിയാകൂ. ആരോഗ്യവകുപ്പ് തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവരുമായി സഹകരിക്കാന്‍ എല്ലാവരും തയ്യാറാകണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീട്ടില്‍ തന്നെ ഉണ്ട് എന്ന് ഉറപ്പു വരുത്തല്‍ പോലീസിന്റെ കൂടി ബാധ്യതയായി നിര്‍ദേശിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ പൂര്‍ണമായി എല്ലാവരും സഹകരിക്കണം.
സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മാറിവരുന്നുണ്ട്. എങ്കിലും നാം പൂര്‍ണമായി സുരക്ഷിതരാണ് എന്ന ബോധ്യത്തോടെ മുമ്പത്തേതു പോലെ തന്നെ പെരുമാറാന്‍ ആരും തുനിയരുത്.
ഇന്നത്തെ പരിശോധനാ ഫലം 5 പേര്‍ക്ക് പോസിറ്റീവാണ്. നെഗറ്റീവ് ആരുമില്ല. മലപ്പുറം 3, പത്തനംതിട്ട, കോട്ടയം ജില്ല ഓരോന്ന് എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഇന്ന് പോസിറ്റീവായവരില്‍ നാലുപേര്‍ വിദേശത്തുനിന്ന് വന്നവരും ഒരാള്‍ ചെന്നൈയില്‍ വിന്ന് വന്നയാളുമാണ്.
ഇതുവരെ 524 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 32 പേര് ഇപ്പോള്‍ ചികിത്സയിലാണ്. 31,616 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 31,143 പേര് വീടുകളിലും 473 പേര് ആശുപത്രികളിലുമാണ്. ഇന്നു മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 38,547 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 37,727 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 3914 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3894 നെഗറ്റീവായിട്ടുണ്ട്. 34 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇപ്പോള്‍ ആരും കൊറോണ ബാധിച്ച് ചികിത്സയിലില്ല. മലപ്പുറം സ്വദേശിയായ വ്യക്തിയാണ് കോഴിക്കോട് ചികിത്സയിലുള്ളത്.
നഴ്സസ് ദിനം
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനമാണ്. സമൂഹത്തിനാകെ നഴ്സുമാര്‍ നല്കുന്ന സംഭാവനകളെ പൊതുവില്‍ ആദരിക്കാനാണ് നാം നഴ്സസ് ദിനം ആചരിക്കുന്നത്.
കേരളത്തിലെ നഴ്സുമാര്‍ നടത്തുന്ന മാതൃകാപരമായ സേവനങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. സേവനത്തിന്റെ പേരില്‍ സ്വന്തം ജീവന് വരെ അര്‍പ്പിച്ച ലിനിയുടെ ഓര്‍മ്മ നമ്മുടെയൊക്കെ മനസ്സിലുണ്ട്. വയോധികരെ ശുശ്രൂഷിച്ച് കോവിഡ് ബാധിച്ച രേഷ്മയും, കോവിഡ് ബാധയെ അതിജീവിച്ച് തിരികെ വീണ്ടും കോവിഡ് ബാധിതരെ ശുശ്രൂഷിക്കാന്‍ ഡ്യൂട്ടിക്കെത്തിയ മറ്റു നഴ്സുമാരും ഒക്കെ ഈ നാടിന്റെ അഭിമാനമാണ്.
നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ നഴ്സുമാര്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ലോകമാദരിക്കുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കീര്‍ത്തിയുടെ വലിയൊരു പങ്കും നമ്മുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ നഴ്സുമാര്‍ക്കും അവകാശപ്പെട്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിലാകട്ടെ കേരള സര്‍ക്കാര്‍ വലിയ നിഷ്കര്‍ഷയാണ് പുലര്‍ത്തിപ്പോരുന്നത്.
കേരളത്തില്‍ മാത്രമല്ല, ലോകത്തെമ്പാടും മലയാളി നഴ്സുമാരുടെ സേവനം പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. പല സര്‍ക്കാരുകളും അവരുടെ സേവനങ്ങളെ പ്രത്യേകമായി തന്നെ അഭിനന്ദിച്ചിട്ടുണ്ട്. ഈ മഹാമാരിയെ ചെറുക്കുന്നതില്‍ ലോക രാജ്യങ്ങളെ സഹായിക്കുന്നത് അവിടങ്ങളിലെ മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് എന്നതില്‍ നമുക്ക് അഭിമാനമുണ്ട്. ഈ ദുരിത നാളുകളിലും കേരളത്തിന്റെ അംബാസ്സഡര്‍മാരായി നിലകൊണ്ട് ധീരമായ സേവനങ്ങളാണ് അവര്‍ കാഴ്ചവെക്കുന്നത്.
ഈ അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍, ലോകത്താകെയുള്ള നഴ്സുമാര്‍ക്ക്, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവര്‍ക്ക്, അഭിവാദനം അര്‍പ്പിക്കുന്നു. നിങ്ങള്‍ നടത്തുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ഈ നാടും ലോകവും നിങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നു.
പ്രവാസികളുടെ തിരിച്ചുവരവ്
ഇതുവരെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് റോഡ് വഴി മുപ്പത്തിമൂവായിരത്തിലധികം പേര് നാട്ടിലെത്തിയിട്ടുണ്ട്. ഇതില്‍ 19,000 പേരും റെഡ്സോണ്‍ ജില്ലകളില്‍ നിന്നാണ് വന്നത്. ആകെ പാസിനുവേണ്ടി അപേക്ഷിച്ച 1.33 ലക്ഷം പേരില്‍ 72,800 പേര് റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. 89,950 പാസുകളാണ് ഇതുവരെ നല്‍കിയത്. അതിലും 45,157 പേര് റെഡ്സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. മെയ് 7 മുതല്‍ വിദേശത്തുനിന്ന് വന്ന 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതുകൊണ്ടുതന്നെ ആ വിമാനങ്ങളില്‍ യാത്ര ചെയ്ത മുഴുവന്‍ പേരെയും പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കയാണ്. അവരുടെ കാര്യത്തില്‍ വലിയ ജാഗ്രത ആരോഗ്യവിഭാഗം പുലര്‍ത്തുന്നുണ്ട്.
ഹോം ക്വാറന്റൈനായാലും സര്‍ക്കാര്‍ ഒരുക്കുന്നെ ക്വാറന്റൈനായാലും അതിന്റെ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. അതിനാല്‍, ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും കൃത്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി എന്ന് ഉറപ്പാക്കണം.
വാര്‍ഡുതല സമിതികള്‍ ഉണ്ടെങ്കിലും ക്വാറന്റൈനില്‍ കഴിയുന്നവരുടെ കാര്യത്തില്‍ പൊലീസിന്റെ പ്രത്യേക ശ്രദ്ധ ഉണ്ടാകും. വിമാനത്താവളത്തിലോ റെയില്‍വെ സ്റ്റേഷനിലോ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ റോഡ് വഴിയോ എത്തുന്നവര്‍ വീടുകളിലോ സര്‍ക്കാര്‍ ക്വാറന്റൈനിലോ എത്തിയെന്ന് ഉറപ്പാക്കുന്ന ചുമതല പൊലീസിനാണ്. ഒരാള്‍ കടന്നെത്തുന്ന പോയിന്റ് മുതല്‍ ക്വാറന്റൈനില്‍ പ്രവേശിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കാന്‍ പൊലീസ് ഉണ്ടാകും. വീട്ടിലേക്ക് പോകുന്നവര്‍ ഒരു കാരണവശാലും വഴിക്ക് എവിടെയും ഇറങ്ങാന്‍ പാടില്ല.
സ്പെഷ്യല്‍ ട്രെയിനിലെത്തുന്നവരുടെ സുരക്ഷാപരിശോധന ഏകോപിപ്പിക്കുന്നതിന് ഡിഐജി എ അക്ബറിന് ചുമതല നല്കി. പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയമിച്ചു.
റെയില്‍വെ ടിക്കറ്റ് എടുക്കുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍നിന്ന് പാസ് വാങ്ങണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതുവരെ പാസിന് അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. എത്തിയാല്‍ വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണം. ഹോം ക്വാറന്റൈന് പാലിക്കാത്തവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ മാറ്റും. രോഗലക്ഷമുള്ളവരെ തുടര്‍പരിശോധനകള്‍ക്ക് വിധേയരാക്കും.
റെയില്‍വെ സ്റ്റേഷനില്‍നിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. റെയില്‍വെ സ്റ്റേഷനില്‍നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ പോകേണ്ടിവരും.
അതിര്‍ത്തിയിലൂടെ റോഡ് മാര്‍ഗം ആളുകള്‍ ധാരാളമായി വരുന്നതുകൊണ്ട് ചെക്ക്പോസ്റ്റുകളില്‍ കൂടുതല്‍ സൗകര്യവും സജ്ജീകരണവും ഉണ്ടാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒരു വഴിക്ക് ഒരു ദിവസം കടന്നുവരാവുന്ന ആളുകളുടെ എണ്ണം കൃത്യമായി കണക്കാക്കി പരമാവധി ആളുകളെ ആ വഴിക്ക് കടത്തികൊണ്ടുവരാനാണ് ശ്രമിക്കുക. വളരെ കൂടുതല്‍ ആളുകള്‍ വന്നാല്‍ സാധാരണ ഗതിയില്‍ പിറ്റെ ദിവസത്തേക്ക് പാസ് അനുവദിക്കുന്ന നിലയാണുണ്ടാകുക. ഒരു ചെക്ക് പോസ്റ്റില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ആളുകള്‍ക്കാണ് ഒരു ദിവസം പാസ് അനുവദിക്കുക. ട്രെയിനില്‍ റെയില്‍വെ ഓപ്പണ്‍ ബുക്കിങ്ങാണ് ആരംഭിച്ചിട്ടുള്ളത്. അതിനാല്‍ ഇവിടെ ഇറങ്ങുന്ന മുഴുവന്‍ പേരെയും പരിശോധിക്കുകയും ക്വാറന്റൈന് ചെയ്യുകയും വേണം. വിമാനത്താവളങ്ങളിലെ പോലെ വിപുലമായ സംവിധാനം ട്രെയിന്‍ നിര്‍ത്തുന്ന സ്റ്റേഷനിലും ഏര്‍പ്പെടുത്തും.
തിരുവനന്തപുരത്തേക്ക് വരുന്ന വണ്ടിക്ക് കോഴിക്കോട്ടും എറണാകുളത്തും മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. കാസര്‍കോട് എത്തേണ്ടവര്‍ സമീപ സ്റ്റേഷനായ മംഗലാപുരത്ത് ഇറങ്ങി കേരളത്തിലേക്ക് വരുന്ന സാഹചര്യമുണ്ടാകും. ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് രാജധാനി എക്സ്പ്രസ് നിര്‍ത്തുന്ന എല്ലാ സ്റ്റോപ്പുകളിലും ഈ ട്രെയിനുകളും നിര്‍ത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്.
എസി ട്രെയിനുകളിലെ യാത്ര രോഗം പരത്താന്‍ കൂടുതല്‍ സാധ്യത നല്‍കുന്നതാണെന്ന് വിവിധ രാജ്യങ്ങളിലെ അനുഭവം തെളിയിച്ചിട്ടുണ്ട്. ട്രെയിനുകള്‍ മാത്രമല്ല, എയര്‍കണ്ടീഷന്‍ വാഹനങ്ങളിലുള്ള സഞ്ചാരം അപകടം വരുത്തുമെന്ന് ഇന്ത്യയ്ക്കകത്തും അനുഭവമുണ്ട്. പഞ്ചാബില്‍ ഹസൂര്‍ സാഹിബില്‍നിന്ന് എസി ബസുകളില്‍ എത്തിയ 4198 പേരെ പരിശോധിച്ചപ്പോള്‍ 1217 പേര്‍ക്ക് വൈറസ് ബാധയുണ്ട് എന്നാണ് കണ്ടെത്തിയത്. യാത്രയ്ക്കിടയിലാണ് വന്‍തോതില്‍ രോഗം പടര്‍ന്നത്. അതുകൊണ്ട് നോണ്‍ എസി ട്രെയിനുകളും ഇതര വാഹനങ്ങളുമാണ് ഇപ്പോള്‍ അഭികാമ്യം. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വെയുടെയും ശ്രദ്ധയില്‍പെടുത്തും.
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരാന്‍ പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ രോഗലക്ഷണമില്ലെങ്കില്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ല.
ഗള്‍ഫ് നാടുകളില്‍ കൊറോണ ഭീതിയില്‍ കഴിയുന്ന ഗര്‍ഭിണികളെയും കുട്ടികളെയും ഇതര രോഗബാധിതരായ വയോധികരെയും നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇപ്പോള്‍ വരുന്നവരില്‍ 20 ശതമാനമാണ് ഗര്‍ഭിണികള്‍. തിരിച്ചുവരാനാകാതെ നിരവധി ഗര്‍ഭിണികള്‍ ഗള്‍ഫ് നാടുകളില്‍ കഴിയുന്നുണ്ട്. അവര്‍ക്ക് സവിശേഷ പരിഗണന നല്‍കണം. നിലവില്‍ ചാര്‍ട്ട് ചെയ്ത വിമാനങ്ങളില്‍ കൂടുതല്‍ സീറ്റ് അവര്‍ക്കായി നീക്കിവെക്കണമെന്നും വിദേശമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഗര്‍ഭിണികളില്‍ തന്നെ പ്രസവ തീയതി അടുത്തവരെ ഏറ്റവും മുന്‍ഗണന നല്കി എത്തിക്കാന്‍ ശ്രദ്ധിക്കണം.
അതിഥി തൊഴിലാളികളുമായി 26 ട്രെയിനുകള്‍ കേരളത്തില്‍നിന്ന് പോയിട്ടുണ്ട്. ആകെ 29,366 പേര് തിരിച്ചുപോയിട്ടുണ്ട്. ബീഹാറിലേക്കാണ് കൂടുതല്‍ ട്രെയിനുകള്‍ പോയത് 9 എണ്ണം.
പ്രധാനമന്ത്രിയുമായി ഇന്നലെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തിന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ സംബന്ധിച്ചും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ 15-നു മുമ്പ് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ നിര്‍ദേശങ്ങള്‍ ഇന്നു തന്നെ കേന്ദ്രത്തിന് സമര്‍പ്പിക്കുന്നതാണ്.
*കേന്ദ്രത്തിന് സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍*
സംസ്ഥാനത്ത് ആഭ്യന്തര വിമാന യാത്ര ആരോഗ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് അനുവദിക്കണം. സംസ്ഥാനത്തിനകത്ത് പാസഞ്ചര്‍ ട്രെയിനുകളും അനുവദിക്കണം. കര്‍ശനമായ സുരക്ഷാ നിബന്ധനകളോടെ മെട്രോ റെയില്‍ സര്‍വീസ് പുനരാരംഭിക്കാം. എന്നാല്‍ അന്തര്‍സംസ്ഥാന ട്രെയിന്‍ സര്‍വ്വീസിന് സമയമായിട്ടില്ല. അതേസമയം, മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദ്രബാദ്, ചെന്നൈ, ബാംഗളുരൂ മുതലായ നഗരങ്ങളില്‍ നിന്ന് നോണ്‍ സ്റ്റോപ്പ് സ്പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് അനുവദിക്കണം.
ജില്ലയ്ക്കകത്ത് ബസ് സര്‍വ്വീസാകാം. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകുയം ചെയ്തുകൊണ്ട് ബസ് സര്‍വീസ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ നിര്‍ദേശം. എന്നാല്‍, ജില്ല വിട്ടുള്ള ബസ് സര്‍വീസിന് സമയമായിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ ബസ് ഉടമകള്‍ കര്‍ശനമായി പാലിക്കണം. ഇത് ലംഘിക്കുന്നവരുടെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ വേണ്ടിവരും. യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതുകൊണ്ട് ടിക്കറ്റ് നിരക്കില്‍ അല്പം വര്‍ധന വേണ്ടിവരും.
വ്യാവസായിക-വ്യാപാര പ്രവര്‍ത്തനങ്ങള്‍ കണ്ടയിന്മെന്റ് സോണില്‍ ഒഴികെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ അനുവദിക്കണം. ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ പുനരാരംഭിക്കണം. ശാരീരിക അകലം പാലിച്ചുകൊണ്ട് റെസ്റ്റോറണ്ടുകള്‍ അനുവദിക്കാവുന്നതാണ്. സീറ്റുകള്‍ അതനുസരിച്ച് ക്രമീകരിക്കണം. കര്‍ശനമായ വ്യവസ്ഥകളോടെ ഓട്ടോറിക്ഷ അനുവദിക്കണം. യാത്രക്കാരുടെ എണ്ണം ഒന്ന് എന്ന് നിജപ്പെടുത്താം. കുടുംബാംഗങ്ങള്‍ സഞ്ചരിക്കുകയാണെങ്കില്‍ മാത്രം ഇതില്‍ ഇളവ് നല്‍കാം.
നിര്‍മാണ പ്രവര്‍ത്തനം നല്ല വേഗത്തില്‍ നടക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിനാവശ്യമായ വസ്തുക്കള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കും. മഴയ്ക്കു മുമ്പ് കഴിയുന്നത്ര നിര്‍മാണ പ്രവര്‍ത്തനം നടക്കേണ്ടതുണ്ട്. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി, കാര്‍ഷികവൃത്തിക്കു കൂടി ബാധകമാക്കണം.
ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് ആരോഗ്യവിഭാഗം അയക്കുന്നവരെ അവിടെ പ്രവേശിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. പഞ്ചായത്ത് മാറി എന്ന പേരില്‍ ആരേയും പ്രവേശിപ്പിക്കില്ല എന്നു പറയാന്‍ പറ്റില്ല. കാരണം സര്‍ക്കാരാണ് ക്വാറന്റൈന് കേന്ദ്രങ്ങള്‍ തീരുമാനിക്കുന്നതും നടത്തുന്നതും.
പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്ക് ധരിക്കണമെന്ന നിര്‍ദേശം ജനങ്ങള്‍ നല്ല നിലയില്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ചുരുക്കം ചിലര്‍ മാസ്കില്ലാതെ പുറത്തിറങ്ങുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി പോലീസ് സ്വീകരിക്കും. ചിലയിടത്ത് റോഡരികില്‍ മാസ്ക് വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സുരക്ഷിതമല്ലാത്ത വില്‍പ്പന അനുവദിക്കില്ല. മാസ്ക് മുഖത്തു വെച്ചുനോക്കി മാറ്റിയെടുക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ മാസ്ക് വില്‍പ്പന സംബന്ധിച്ച് മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. മാസ്കിന്റെ ഉല്പാദനം വലിയ തോതില്‍ വര്‍ധിച്ചുവെന്നത് സ്വാഗതാര്‍ഹമാണ്.
കേരളത്തിനകത്ത് ജില്ല വിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന് നിര്‍ബന്ധിക്കേണ്ടതില്ല.
ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്ന് തുറന്ന മാര്‍ക്കറ്റുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നില്ല എന്നു വരരുത്. ശാരീരിക അകലവും മറ്റു നിബന്ധനകളും കര്‍ശനമായി പാലിച്ചുകൊണ്ടുമാത്രമേ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.
*ദേശീയപാത*
ഒരു പ്രതിസന്ധി കാലമാണ് ഇതെങ്കിലും സംസ്ഥാനത്തിന്റെ പൊതു വികസനം കൂടി തടസ്സമില്ലാതെ മുന്നോട്ടുപോകണം എന്ന കാര്യത്തില്‍ നിശ്ചയദാര്‍ഢ്യം സര്‍ക്കാരിനുണ്ട്. കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്ന ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകാന്‍ പോവുകയാണ്.
ആദ്യഘട്ടമായി തലപ്പാടി-ചെങ്ങള റീച്ചിന്റെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഭാരത്മാല പരിയോജന പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് ആന്യുറ്റി മോഡില്‍ ആണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിക്ക് സ്റ്റാന്‍ഡിങ് ഫിനാന്‍സ് കമ്മിറ്റി അംഗീകാരം നല്കി. ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവിറങ്ങിയാല്‍ ബിഡ് ഓപ്പണ്‍ ചെയ്ത് ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയും.
ദേശീയപാതാ വികസനത്തിനായി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നതാണ്. ഇതിന് സഹായകരമായ നിലപാടെടുത്ത കേന്ദ്രമന്ത്രി ശ്രീ. നിധിന് ഗഡ്കരിക്ക് നന്ദി രേഖപ്പെടുത്തുന്നു.
തലപ്പാടി മുതല്‍ ചെങ്ങള വരെയുള്ള 39 കി.മീ 45 മീറ്റര്‍ വീതിയില്‍ 6 വരി ആക്കി വികസിപ്പിക്കുന്നതാണ് പദ്ധതി. മൊത്തം ചിലവ് 1968.84 കോടി രൂപയാണ്. രണ്ടര വര്‍ഷം കൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കാനുദ്ദേശിക്കുന്നത്. 35.66 ഹെക്റ്റര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കലിന് 683.09 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ തുകയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
തലപ്പാടി മുതല്‍ കഴക്കൂട്ടം വരെ 521.81 കിലോ മീറ്റര്‍ ദേശീയപാതാ വികസനത്തിനാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഇതില്‍ 266.22 കിലോ മീറ്റര്‍ ദൂരം വികസിപ്പിക്കാനുള്ള എട്ട് പദ്ധതികള്‍ ഈ വര്‍ഷം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 18 കിലോ മീറ്റര്‍ ദൂരമുള്ള തലശേരി-മാഹി ബൈപാസ് പ്രവര്‍ത്തി പുരോഗമിക്കുകയാണ്. 28.6 കിലോമീറ്റര്‍ ദൂരത്തിലുള്ള കോഴിക്കോട് ബൈപാസ് ആറു വരിയാക്കി വികസിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്
ഭൂമി ഏറ്റെടുക്കലടക്കം ഇരുപതിനായിരം കോടിയോളം രൂപ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കപ്പെടും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ പ്രവൃത്തികള്‍ തൊഴില്‍സാധ്യത കൂടി വര്‍ധിപ്പിക്കുന്ന ഒന്നായി മാറും. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ദേശീയപാതാ വികസനം മുതല്‍ക്കൂട്ടാകും. വ്യവസായ വാണിജ്യ മേഖലകളിലെ വികസനവും ത്വരിതപ്പെടുത്താന്‍ ഈ പദ്ധതികള്‍ പ്രയോജനകരമാകും. തുടര്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുകയും ചെയ്യും.
ഉന്നതവിദ്യാഭ്യാസ വകുപ്പിലെ വിവിധ പ്രവേശന പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
കീം ( (KEAM) ജൂലൈ 16ന് രാവിലെയും ഉച്ചയ്ക്കുമായി 2 പേപ്പര്‍.
ജൂണ്‍ 13, 14 തീയതികളില്‍ മൂന്നും അഞ്ചും വര്‍ഷ എല്‍എല്‍ബി (ഓണ്‍ലൈന്‍ മുഖേന)
ജൂണ്‍ 21ന് എംബിഎ (ഓണ്‍ലൈന്‍ മുഖേന)
ജൂലൈ 4ന് എംസിഎ എന്നിങ്ങനെയാണിത്.
പോളിടെക്നിക്കിനു ശേഷം ലാറ്ററല്‍ എന്‍ട്രി വഴി എഞ്ചിനീയറിങ് പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. പകരം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഓഫ് എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് മുഖേനയാണ് ഈ വര്‍ഷത്തെ അഡ്മിഷന് നടത്തുക.
KEAM പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളവരും ഇപ്പോള്‍ കേരളത്തിന് പുറത്തുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ ഒരു അവസരം കൂടി ജൂണ്‍ മാസത്തില്‍ നല്‍കും.
സംസ്ഥാനത്തെ പോളിടെക്നിക്ക് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വീടിനടുത്തുള്ള പോളിടെക്നിക്കുകളില്‍ പരീക്ഷ എഴുതാനുള്ള ക്രമീകരണം സജ്ജീകരിക്കും. പോളിടെക്നിക്ക് കോളേജുകളിലെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
*വിദ്യാഭ്യാസ സ്ഥാപനങ്ങള്‍:*
ജൂണ്‍ ഒന്നിനു തന്നെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. സാധാരണ നിലയിലുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതിനെ കുറിച്ച് പിന്നീട് തീരുമാനമെടുക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാനങ്ങളുടെ കാര്യത്തിലും ഉടനെ തീരുമാനമെടുക്കും.
*സഹായം*
വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നവരില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാന്‍ വിവിധ സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ടുവരുന്നുണ്ട്.
‘കൈകോര്‍ത്ത് കൈരളി’ എന്ന പരിപാടി കൈരളി ടിവി പ്രഖ്യാപിച്ചിട്ടുണ്ട്. ഗള്‍ഫില്‍നിന്ന് നാട്ടിലെത്താന്‍ അനുമതി കിട്ടിയിട്ടും യാത്രക്കൂലിക്ക് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനാണിത്. ആദ്യഘട്ടത്തില്‍ ആയിരം സൗജന്യ ടിക്കറ്റ് നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്.
‘മിഷന് വിങ്സ് ഓഫ് കംപാഷന്‍’ എന്ന പേരില്‍ 600 പേര്‍ക്ക് വിമാനടിക്കറ്റ് നല്‍കുമെന്ന് ഗള്‍ഫ് മാധ്യമം ദിനപത്രവും മീഡിയ വണ്‍ ചാനലും അറിയിച്ചിട്ടുണ്ട്.
ബഹ്റൈനില്‍ യാത്രാനുമതി ലഭിച്ച സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന നൂറ് മലയാളികള്‍ക്ക് ടിക്കറ്റ് നല്‍കുമെന്ന് നോര്‍ക്ക റൂട്ട്സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ള അറിയിച്ചിട്ടുണ്ട്.
*ദുരിതാശ്വാസ നിധി*
പിഎസ്സി ചെയര്‍മാനും അംഗങ്ങളും ഒരുമാസത്തെ ശമ്പളം 29,43,866 രൂപ.
കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണബാങ്ക് 33,55,000 രൂപ
പനത്തടി സര്‍വീസ് സഹകരണ ബാങ്ക് 16,10,000 രൂപ
പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്ക് 20,41,560 രൂപ
മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് 20 ലക്ഷം രൂപ
നാട്ടിക സര്‍വീസ് സഹകരണ ബാങ്ക് 19,54,659 രൂപ
എല്‍ഐസി ഏജന്റ്സ് ഓര്ഗനൈസേഷന് (സിഐടിയു) സംസ്ഥാന കമ്മിറ്റിയുടെ ആദ്യ ഗഡു 15 ലക്ഷം.
തൃശൂരിലെ ദി ഗ്ലോബല്‍ ഡിന്നര്‍ റസ്റ്റോറെന്റ് 10 ലക്ഷം രൂപ
പറശ്ശിനിക്കടവ് മുത്തപ്പന് മടപ്പുര ക്ഷേത്രം 1 ലക്ഷം.
തൃപ്പൂണിത്തുറ ശ്രീ പൂര്ണത്രേയീശ ക്ഷേത്രം ഉപദേശകസമിതി അംഗങ്ങള്‍ 1,03,000 രൂപ.