കേരളം ഒപ്പമുണ്ട്, തിരിച്ച് വരും; പ്രതീക്ഷ കൈവിടാതെ കോവിഡ് ബാധിതനായ ചെറുവാഞ്ചേരി സ്വദേശിയായ 82കാരൻ

നമുക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യാന്ന് പിണറായി വിജയനെന്ന മുഖ്യമന്ത്രിയും ശൈലജ ടീച്ചറെന്ന ആരോഗ്യ മന്ത്രിയും. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 82 കാരനായ ചെറുവാഞ്ചേരി സ്വദേശി സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്. മുഖ്യമന്ത്രിയുടെയും കേരള സര്‍ക്കാരിന്റെയും കരുതലും സ്‌നേഹവും ഓര്‍ക്കാതെ ഞങ്ങളുടെ ഒരു ദിവസം പോലും ഇനി കടന്നു പോകില്ല.. മറ്റേത് ലോക രാജ്യങ്ങളെയും വെല്ലുന്ന ചികിത്സയാണ് അവര്‍ നമുക്ക് ചെയ്ത് തരുന്നത് – സര്‍ക്കാരിന് നന്ദി പറയാന്‍ തനിക്ക് വാക്കുകളില്ലെന്ന് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന അദ്ദേഹം പറഞ്ഞു.

ഇദ്ദേഹത്തിന്റെ കുടുംബത്തിലെ തന്നെ പത്തു പേര്‍ക്കും കോവിഡ് ബാധിച്ചതില്‍ ഒമ്പത് പേരും രോഗമുക്തരായി വീടുകളിലേക്കു മടങ്ങി. വീട്ടിലെ മുതിര്‍ന്ന അംഗമായ 82 കാരനാണ് ഇപ്പോള്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയും മെച്ചപ്പെട്ടു വരികയാണ്.

വിദേശത്തു നിന്നെത്തിയ മകളില്‍ നിന്നാണ് ഇദ്ദേഹത്തിന് കോവിഡ് രോഗം ബാധിക്കുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് പുറമെ ഹൃദ്രോഗി കൂടിയാണ് ഇദ്ദേഹം. ആരോഗ്യ മന്ത്രിയുടെ നിയോജക മണ്ഡലത്തില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് നാട്ടുകാരില്‍ നിന്നും മികച്ച സഹകരണമാണ് ലഭിച്ചത്. കുടുംബത്തില്‍ ഇത്രയും പേര്‍ക്ക് രോഗം ബാധിച്ചിട്ടും ഇതുവരെയും ഒരു തരത്തിലുള്ള വിവേചനവും നേരിടേണ്ടി വന്നിട്ടില്ല. കുടുംബാംഗങ്ങളില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോഴും രോഗക്കിടക്കയിലായിരുന്ന തന്നെ വീട്ടില്‍ വന്നു പരിചരിച്ച് കൊണ്ടിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ അതിന് മുടക്ക് വരുത്തിയിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.

ഒറ്റയ്ക്ക് നടക്കാന്‍ സാധിക്കാത്തതിനാല്‍ പരിയാരത്ത് ഐസിയുവില്‍ കഴിയുന്ന അദ്ദേഹത്തിന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. മക്കളും ബന്ധുക്കളും അടുത്തില്ലാത്തതിന്റെ പ്രയാസങ്ങള്‍ അറിയിക്കാതെ സ്വന്തം മക്കളെ പോലെയാണ് അവരോരോത്തരും പെരുമാറുന്നത്. ഭക്ഷണത്തിനോ ചികിത്സയ്‌ക്കോ സൗകര്യങ്ങള്‍ക്കോ ഒരു ബുദ്ധിമുട്ടും നേരിട്ടിട്ടില്ല. ഉടന്‍ തന്നെ അസുഖം മാറി വീട്ടിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ മുഖ്യ മന്ത്രിയെയും കേരളത്തെയും കുറിച്ച് വല്ലാത്ത അഭിമാനം തോന്നുന്നു. 82 വയസ്സിലും എനിക്ക് പ്രതീക്ഷ നല്‍കുന്നതും ആ കരുത്താണ്.. അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: