സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബസ് സര്‍വ്വീസ് ആരംഭിച്ചു

സര്‍ക്കാര്‍ ജീവനക്കാരെ ഓഫീസുകളില്‍ എത്തിക്കുന്നതിനായി ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് ഏര്‍പ്പെടുത്തിയ ബസ് സൗകര്യത്തിന് വന്‍ സ്വീകാര്യത. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും ആവശ്യമായ ജീവനക്കാരെ ഓഫീസുകളില്‍ എത്തിക്കുന്നതിനായാണ് ജില്ലാ ഭരണകൂടം ബസ് സൗകര്യം ഏര്‍പ്പെടുത്തിയത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലിക്ക് എത്തിച്ചേരാനാകാതിരുന്ന നിരവധി പേര്‍ക്ക് ഇതാശ്വാസമായി. ആദ്യദിനം 106 പേരാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. പയ്യന്നൂര്‍-31, കരിവെള്ളൂര്‍-32, ഇരിട്ടി-9, പാനൂര്‍-8 ശ്രീകണ്ഠാപുരം-13, കൂത്തുപറമ്പ്-13 എന്നിങ്ങനെയാണ് ആദ്യദിനം ബസുകളില്‍ യാത്ര ചെയ്തവരുടെ എണ്ണം. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളാണ് സര്‍വീസിനായി ഉപയോഗപ്പെടുത്തിയത്. രാവിലെ 8.30ന് ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെട്ട ബസ് വൈകിട്ട് അഞ്ചിന് ജീവനക്കാരുമായി തിരികെ യാത്ര തിരിച്ചു. കൂടിയ ചാര്‍ജായി 50 രൂപയും കുറഞ്ഞത് 25 രൂപയുമാണ് ഈടാക്കിയത്.

ഒരേസമയം ബസില്‍ 30 പേര്‍ക്ക് മാത്രമാണ് യാത്രചെയ്യാന്‍ അനുമതി. ബന്ധപ്പെട്ട വകുപ്പുകളുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള സര്‍ക്കാര്‍ ജീവനക്കാരെ മാത്രമാണ് വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരുന്നു ജീവനക്കാരെത്തിയത്. ബസ് സര്‍വ്വീസിന്റെ ഫ്‌ളാഗ് ഓഫ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് കലക്ടര്‍ ടി വി സുഭാഷ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, എഡിഎം ഇപി മേഴ്‌സി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ബസ് റൂട്ട് ഫോണ്‍ നമ്പര്‍ സഹിതം

1. പയ്യന്നൂര്‍ – പഴയങ്ങാടി – കണ്ണപുരം – ചെറുകുന്ന് വഴി കണ്ണൂര്‍. 8.30 മണി, ഫോണ്‍: 99 61 96 57 74. 2. കരിവെള്ളൂര്‍ – പയ്യന്നൂര്‍ -പിലാത്തറ – തളിപ്പറമ്പ് – പുതിയതെരു വഴി കണ്ണൂര്‍ 8.30 മണി. ഫോണ്‍: 70 12 97 77 21. 3. ഇരിട്ടി -മട്ടന്നൂര്‍-ചാലോട് – വഴി കണ്ണൂര്‍ 8.30 മണി. ഫോണ്‍:96 05 74 76 01. 4. പാനൂര്‍ പൂക്കോട്-തലശ്ശേരി- താഴെ ചൊവ്വ-വഴി കണ്ണൂര്‍ 8.30 മണി. ഫോണ്‍: 97 47 59 86 79. 5. ശ്രീകണ്ഠപുരം – മയ്യില്‍- കമ്പില്‍ – പുതിയ തെരു- വഴി കണ്ണൂര്‍ 8.30 മണി. ഫോണ്‍: 96 45 60 97 87 6. കൂത്തുപറമ്പ് – മമ്പറം – അഞ്ചരക്കി – ചക്കരക്കല്‍ – താഴെചൊവ്വ വഴി കണ്ണൂര്‍ – 8.30 മണി. ഫോണ്‍: 94 46 77 77 67.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: