എടക്കാട്ട് വീണ്ടും കോൽക്കളിയുടെ ഇശൽച്ചുവടുകൾ

എടക്കാട്:   ഒരു പാട് കാലം നമ്മുടെ പ്രദേശത്തെ പുളകമണിയിച്ച തനത് മാപ്പിളകലയായ കോൽക്കളിയുടെ ശീലുകളും ചുവടുവയ്പുകളും വീണ്ടുമുണരുന്നു. ‘അൽ അമീൻ കോൽക്കളി സംഘം എന്ന പേരിൽ രൂപീകരിച്ച കളിക്കൂട്ടം മെയ് 11ന് വൈകീട്ട് എടക്കാട് ബസാറിലെ പൊതു സ്റ്റേജിൽ അരങ്ങേറ്റം കുറിച്ചു, പതിറ്റാണ്ടുകളോളം കല്യാണ വീടുകളെയും പൊതുചടങ്ങുകളെയും ഹൃദ്യമാക്കിയ ഈ നാടൻ കലാരൂപം അതിന്റെ പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്.

1950-80 കാലഘട്ടത്തിൽ നാട്ടിന്റെ സാംസ്കാരിക ജീവിതത്തിൽ പ്രധാനപ്പെട്ട ഒരിനമായിരുന്നു കോൽക്കളി. കീർത്തന ഗാനങ്ങളും  ഗീതങ്ങളുമെല്ലാം കോർത്തിണക്കി മെയ് വഴക്കത്തിന്റെ മൊഞ്ചുള്ള താളത്തിൽ അവതരിക്കപ്പെട്ട കോലുകൊണ്ടുള്ള കളി എല്ലാ വറുതികൾ ക്കുമിടയിൽ ആളുകൾക്ക് സന്തോഷവും ഉന്മേഷവും പകർന്നിരുന്നു. ‘കുരിക്കളും കുട്ട്യേളും’ പൊതുജനം ആദരവോടെയും അസൂയയോടെയും നോക്കിക്കണ്ടവരായിരുന്നു. കോൽക്കളിയുടെ വായ്ത്താരികൾ ഗ്രാമീണ ജീവിതത്തിലെ ഭാഷയിൽ വാക്കുകളും പ്രയോഗങ്ങളുമായി ഇടം നേടി.

നഗരവൽകരണത്തിലും ആധുനികവൽക്കരണത്തിലും പെട്ട് മറ്റ് പലതുമെന്ന പോലെ കോൽക്കളിയും പ്രതാപം മങ്ങിപ്പോയി.  രണ്ട് പതിറ്റാണ്ടുകളായി പ്രാദേശികമായി കോൽക്കളി പ്രേമം  ബാക്കി നിർത്തിയ ചുരുക്കം ചിലർക്കാകട്ടെ വേദികളും അവസരങ്ങളും വളരെ കുറവായിരുന്നു. ഗുരുക്കന്മാരുടെ ലഭ്യതക്കുറവും ഒരു പ്രശ്നമായി. അങ്ങനെ കോൽക്കളിയുടെ ആവേശം ഒരു ഓർമ്മ മാത്രമായിത്തീരുമെന്ന് തോന്നിപ്പിച്ച സന്ദർഭത്തിലാണ് കാര്യത്ത് മുസ്തഫയുടെ നേതൃത്വത്തിൽ മുതിർന്നവരും ചെറുപ്പക്കാരുമടങ്ങിയ കലാസ്നേഹികൾ വീണ്ടും പരിശീലനം ഏർപ്പെടുത്തി ഒടുവിൽ സുശക്തമായ ഒരു ടീമിനെ രൂപപ്പെടുത്തി രംഗത്തുവന്നത്. വടകര അബൂബക്കർ ഗുരുക്കളുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം.  അവതരണത്തിന് ധാരാളം വേദി ലഭിക്കുന്നതോടെ കോൽക്കളി എന്ന കലാരൂപം പ്രദേശത്തും പരിസരങ്ങളിലും കൂടുതൽ കരുത്ത് നേടുകയും പുതിയ തലമുറ ഈ രംഗത്തേക്ക് സജീവമായി കടന്നു വരികയും ചെയ്യും എന്ന പ്രതീക്ഷയിലാണ് അൽഅമീൻ സംഘം പ്രവർത്തകർ.

കോൽക്കളി അരങ്ങേറ്റം  എടക്കാട് ബസാറിൽ പി.ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയിൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ.ഗിരീശൻ ഉദ്ഘാടനം ചെയ്തു.എം.കെ.അബൂബക്കർ സ്വാഗതം പറഞ്ഞു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: