ഓപ്പറേഷൻ സാഗർ റാണി; പിടികൂടിയത് 1 ലക്ഷം കിലോ കേടായ മത്സ്യം!

മായം ചേർത്ത മത്സ്യം വിൽക്കുന്നതിനെതിര ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടന്ന എട്ടു ദിവസത്തെ പരിശോധനകളിൽ 1,00,508 കിലോ ഉപയോഗ ശൂന്യമായ മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഈസ്റ്റർ ദിവസത്തിൽ സംസ്ഥാനത്താകെ 117 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. നാല് വ്യക്തികൾക്ക് നോട്ടീസ് നൽകി. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വിൽക്കുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം കുറ്റകരമാണ്. മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിന് രാസവസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ അതത് ജില്ലകളിലെ അസി. ഭക്ഷ്യസുരക്ഷ കമ്മീഷണർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടുന്ന ഈ ലോക് ഡൗൺ കാലത്ത് അവരുടെ ആരോഗ്യത്തെ പോലും ഗുരുതരമായി ബാധിക്കുന്നതാണ് ഇത്തരം മത്സ്യങ്ങൾ. അതിനാലാണ് ഓപ്പറേഷൻ സാഗർ റാണി വീണ്ടും ശക്തിപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

ഏപ്രിൽ 4ന് ആരംഭിച്ച ഓപ്പറേഷൻ സാഗർ റാണിയിൽ ആദ്യദിനം 2866 കിലോ മത്സ്യവും ഏപ്രിൽ 6ന് 15641 കിലോയും ഏപ്രിൽ 7ന് 17018 കിലോയും ഏപ്രിൽ 8ന് 7558 കിലോയും ഏപ്രിൽ 9ന് 7755 കിലോയും ഏപ്രിൽ 10ന് 11756 കിലോയും ഏപ്രിൽ 11ന് 35,7856 കിലോയും ഏപ്രിൽ 12ന് 2128 കിലോയും പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷൻ സാഗർ റാണിയിലൂടെ ഈ സീസണിൽ 1,00,508 കിലോ മത്സ്യമാണ് പിടികൂടിയത്.

തിരുവനന്തപുരം 13, കൊല്ലം 12, പത്തനംതിട്ട 4, ആലപ്പുഴ 12, കോട്ടയം 3, എറണാകുളം 12, തൃശൂർ 10, മലപ്പുറം 14, കോഴിക്കോട് 8, വയനാട് 2, കണ്ണൂർ 14 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ പരിശോധനകൾ നടത്തിയത്.

കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിൽ 2043 കിലോ കേടായ ചൂര, കേര മത്സ്യവും എറണാകുളത്ത് നിന്നും 67 കിലോഗ്രാം കേടായ മത്സ്യവും മലപ്പുറത്ത് നിന്നും 18 കിലോ കേടായ മത്സ്യവുമാണ് പിടിച്ചെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: