യുവാവിനെ തട്ടികൊണ്ടു പോയി വധിക്കാൻ ശ്രമിച്ച സംഭവം, മൂന്ന് പേർ അറസ്റ്റിൽ.

കൊണ്ടോട്ടി: തേഞ്ഞിപ്പാലം സ്വദേശിയായ യുവാവിനെ തട്ടികൊണ്ടു പോയി മാരകമായി മർദ്ദിച്ച് വധിക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേരെ കൊണ്ടോട്ടി ഡി.വൈ.എസ്.പി. കെ. അഷറഫിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. പുളിക്കൽ ചെറുകാവ് കൂണ്ടേരിയാലുങ്ങൽ കോഡം വീട്ടിൽ നൗഷാദ് (36), പള്ളിക്കൽ റൊട്ടി പീടിക പുള്ളിശ്ശേരി കുണ്ട് മുസ്തഫ (40), ആണൂർ പള്ളിക്കൽബസാർ ചാലൊടി സഹീർ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 20 ന് രാത്രിയാണ് ഇയാളെ തേഞ്ഞിപ്പാലം പള്ളിക്കൽ ഉള്ള വീട്ടിൽ നിന്നും കൊണ്ടു പോയി കരിപ്പൂരിലെ SDPI യുടെ ഒരു പ്രമുഖ നേതാവിൻ്റെ വീട്ടിൽ എത്തിച്ച് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ മാരകമായി പരിക്കേറ്റ ഇയാളെ പുലർച്ചെ ഇയാളുടെ വീട്ടിൽ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. ഈ സംഭവം പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. തുടർന്ന് പേടിച്ച് പരാതി നൽകിയില്ല. തുടർന്ന് ഈ മാസം 8 ന് അർദ്ധരാത്രി മുഖം മൂടി ധരിച്ച അഞ്ചംഗ സംഘം മാരകായുധങ്ങളുമായി ഇയാളുടെ വീട്ടിൽ എത്തി വധഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് ഇയാൾ പരാതി നൽകിയതിന തുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ നീക്കത്തിലാണ് മുഖ്യ പ്രതിയടക്കം 3 പേരെ പിടികൂടിയത്. മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതികൾക്കു വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി. ഇയാളെ തട്ടികൊണ്ടു പോയി വധിക്കാൻ ശ്രമിച്ചതിനുള്ള കാരണം അന്വേഷിച്ചു വരികയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി DySP കെ. അഷറഫിൻ്റെ നേതൃത്വത്തിൽ തേഞ്ഞിപ്പാലം ഇൻസ്പക്ടർ എൻ.ബി. ഷൈജു, കരിപ്പൂർ ഇൻസ്പക്ടർ ഷിബു, കൊണ്ടോട്ടി ഇൻസ്പക്ടർ എം.സി.പ്രമോദ് ,പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, രതീഷ്, എസ്.ഐ. ദിനേശൻ, എ.എസ്.ഐ. രവി എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: