മീൻകുഴി വിനോദ സഞ്ചാര പദ്ധതി ഏപ്രിലിൽ

പയ്യന്നൂർ: പയ്യന്നൂർ മണ്ഡലത്തിലെ ടൂറിസം രംഗത്ത് മുന്നേറ്റം ഉണ്ടാക്കാൻ കഴിയുന്ന മീൻകുഴി വാട്ടർ റിക്രിയേഷൻ പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തി ഏപ്രിൽ ആദ്യവാരത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് ടി.ഐ. മധുസൂദനൻ എം.എൽ.എ അറിയിച്ചു. സ്ഥലം സന്ദർശിച്ച് അവലോകന യോഗം ചേർന്ന ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കായലരികിലൂടെ നടപ്പാത, കുട്ടികളുടെ പാർക്ക്, വിശ്രമ ബെഞ്ച്, കഫ്റ്റീരിയ, പടിപ്പുര എന്നിവയാണ് ഒന്നാംഘട്ടത്തിൽ പൂർത്തിയായത്. നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, കൗൺസിലർ ഭാസ്കരൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവൻ, ആർക്കിടെക്ട് മധുകുമാർ എന്നിവരും എം.എൽ.എയുടെ കൂടെയുണ്ടായിരുന്നു.