കാഞ്ഞിരക്കൊല്ലിയിൽ ‘ടെയ്ക്ക് എ ബ്രേക്ക്’

ശ്രീകണ്ഠപുരം: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരക്കൊല്ലിയിൽ നിർമിക്കുന്ന ടെയ്ക്ക് എ ബ്രേക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റോബർട്ട് ജോർജ് നിർവഹിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. ബേബി തോലാനി, ഒ.എസ്. ലിസി, ബി.ഡി.ഒ. ആർ. അബു, സ്ഥലം സൗജന്യമായി നൽകിയ ജിജി പൂവത്തുംമണ്ണിൽ എന്നിവർ സംസാരിച്ചു. രണ്ടുനിലകളിലായാണ് കെട്ടിടമൊരുക്കുന്നത്. താഴത്തെ നിലയിൽ ശൗചാലയ സമുച്ചയവും കഫ്റ്റീരിയയും രണ്ടാം നിലയിൽ വിശ്രമമുറികളും ഉൾപ്പെടെയുള്ള സംവിധാനമാണ് ഒരുക്കുന്നത്. 25 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. കാഞ്ഞിരക്കൊല്ലി, ശശിപ്പാറ എന്നിവിടങ്ങളിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് അവരുടെ പ്രാഥമികകാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമില്ലാതെ ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിന് പരിഹാരമായാണ് വിവിധ സൗകര്യങ്ങളോടെ കെട്ടിടം ഒരുങ്ങുന്നത്.