മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ല; പുതുമുഖങ്ങള്‍ വരും – കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മൂന്ന് തവണ മത്സരിച്ചവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്ഥാനാർഥി മാനദണ്ഡത്തിൽ യാതൊരു ഇളവുകളും നൽകില്ല. ആരെയും മാറ്റി നിർത്താനല്ല ഈ തീരുമാനമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

സ്ഥാനാർഥികളായി പുതുമുഖങ്ങൾക്ക് അവസരം നൽകും. സംഘടനാ ചുമതലയുള്ളവർ മത്സരിച്ചാൽ പാർട്ടിസ്ഥാനം ഒഴിയണം. മണ്ഡലത്തിലെ ജയസാധ്യത എന്നത് ആപേക്ഷികമാണ്. അതിനാൽതന്നെ ആപേക്ഷികമായ കാര്യങ്ങൾ സ്ഥാനാർഥി നിർണയ തീരുമാനത്തിന് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റിൽ ഇത്തവണ മത്സരിക്കാൻ കഴിയില്ല. പുതിയ കക്ഷികളെത്തി മുന്നണി വിപുലപ്പെടുത്തുമ്പോൾ സീറ്റുകൾ കുറയും. ഇത് സർവസാധാരണമാണ്. സീറ്റ് നൽകുന്നത് സംബന്ധിച്ച കാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും കാനം വ്യക്തമാക്കി.

എൻ.സി.പി ഇടതുമുന്നണി വിടുമെന്ന് കരുതുന്നില്ലെന്നും ഇക്കാര്യത്തിൽ എൻ.സി.പി നേതൃത്വം അന്തിമ തീരുമാനം അറിയിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: