പഴശ്ശിസാഗർ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഇന്ന്.

 

പഴശ്ശിസാഗര്‍ ചെറുകിട ജലവൈദ്യുത പദ്ധതി (7.5 മെഗാവാട്ട്‌) പവർഹൗസിന്റെയും ഇലക്ട്രോമെക്കാനിക്കല്‍ പ്രവൃത്തികളുടേയും നിര്‍മ്മാണോദ്ഘാടനം ബഹു. വൈദ്യുതി മന്ത്രി എം എം മണി നിർവ്വഹിക്കും. ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ ബഹു വ്യവസായ മന്ത്രി ശ്രീ. ഇ പി ജയരാജൻ അദ്ധ്യക്ഷത വഹിക്കും

കണ്ണൂര്‍ ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ്‌ 7.50 മെഗാവാട്ട്‌ സ്ഥാപിത ശേഷിയുള്ള പഴശ്ശിസാഗര്‍ ജലവൈദ്യുത പദ്ധതി. ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള പഴശ്ശി ബാരേജില്‍ നിന്നും അധികമായി ഒഴുക്കികളയുന്ന ജലം ഉപയോഗിച്ചു കൊണ്ട്‌ ഊർജ്ജോത്പ്പാദനം നടത്താന്‍ വിഭാവനം ചെയ്ത പദ്ധതിയാണിത്‌. പഴശ്ശി ബാരേജിന്റെ വലത്കരയില്‍ തുരങ്കം നിർമ്മിച്ച് അതിലൂടെ ജലം പ്രവഹിപ്പിച്ച്‌ വലത്കരയുടെ താഴ്‌ന്ന ഭാഗത്ത് 2.5 മെഗാ വാട്ട് വീതം സ്ഥാപിത ശേഷിയുള്ള മൂന്ന്‌ ജനറേറ്ററുകളില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കാനാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്‌. പദ്ധതിയുടെ വാര്‍ഷിക ഉല്‍പ്പാദനശേഷി 25.16 ദശലക്ഷം യൂണിറ്റാണ്‌.

പഴശ്ശി റിസര്‍വോയറിന്റെ വലതുകരയില്‍, ജലപ്രവേശന മാര്‍ഗ്ഗത്തിനുള്ള നിര്‍മ്മിതികള്‍, 245 മീറ്റര്‍ ആകെ നീളം വരുന്ന മൂന്ന്‌ ശാഖകളുള്ള തുരങ്കം, 2.5 മെഗാവാട്ട്‌ ശേഷിയുള്ള മൂന്ന്‌ ഹോറിസോണ്ടല്‍ കപ്ലാന്‍ ടര്‍ബയിനുകളും ജനറേറ്ററുകളും, അരകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രസരണ സംവിധാനം
എന്നിവയാണ്‌ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌.

ഈ പദ്ധതിയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി മട്ടന്നൂര്‍-കുയിലൂര്‍ 33കെ വി പ്രസരണ സംവിധാനത്തിലൂടെ പ്രവഹിപ്പിക്കുന്നതിനാണ്‌ വിഭാവനം ചെയ്തിട്ടുള്ളത്‌.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: