കൊറോണ വൈറസ്: വിമാനത്താവളത്തിൽ യാത്രക്കാരെ മൂന്ന് ഘട്ടങ്ങളിലായി പരിശോധിക്കും

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി. യാത്രക്കാരെ മൂന്ന് ഘട്ടങ്ങളിലായി പരിശോധനയ്ക്ക് വിധേയമാക്കും. ആഭ്യന്തര ടെർമിനൽ, അന്താരാഷ്ട്ര ടെർമിനൽ എന്നിവിടങ്ങളിൽ രണ്ട് ഹെൽപ്പ് ഡെസ്കുകളിലായി യാത്രക്കാരെ 24 മണിക്കൂറും സ്ക്രീൻചെയ്യും. ഇതിനായി ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരടങ്ങിയ രണ്ട് മെഡിക്കൽ സംഘത്തെ നിയോഗിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) എന്നിവയുടെ നേതൃത്വത്തിലാണ് ആരോഗ്യസുരക്ഷാക്രമീകരണം ഒരുക്കിയത്.

കളക്ടർ ടി.വി.സുഭാഷിന്റെ നിർദേശപ്രകാരം അസി. കളക്ടർ ഡോ. ഹാരിഷ് റഷീദ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.നാരായണ നായ്ക്, ജില്ലാ സർവെയ്ലൻസ് ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒ.യുമായ ഡോ. എം.കെ.ഷാജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.വി.ലതീഷ് എന്നിവർ വിമാനത്താവളം സന്ദർച്ചു. കിയാൽ എം.ഡി. വി.തുളസീദാസ്, കിയാൽ ചീഫ് ഓപ്പറേഷൻ ഓഫീസർ താരിഖ് ഹുസൈൻ ഭട്ട് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനം വിലയിരുത്തുന്നതിനായി മന്ത്രി കെ.കെ.ശൈലജ വിമാനത്താവളം സന്ദർശിച്ചിരുന്നു.

ആദ്യഘട്ടത്തിൽ യാത്രാവിവരം, യാത്രചെയ്ത രാജ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി യാത്രക്കാരിൽനിന്ന് സെൽഫ് ഡിസ്ക്ലോസിങ് പ്രൊഫോർമയിൽ വിവരങ്ങൾ ശേഖരിക്കും. ഇക്കാര്യങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർമാർ പരിശോധിക്കും. രോഗബാധിതപ്രദേശങ്ങളിൽ യാത്രചെയ്തവരെ രണ്ടാംഘട്ട സ്ക്രീനിങ്ങിന് വിധേയമാക്കും. മറ്റുള്ളവർക്ക് വീടുകളിലേക്ക് പോകുന്നതിനുള്ള അനുവാദം നൽകും.

രണ്ടാംഘട്ടത്തിൽ രോഗബാധിത പ്രദേശങ്ങളിൽ യാത്രചെയ്തവരെ ‘തെർമൽ സ്കാനിങ്’ സംവിധാനം ഉപയോഗിച്ച് പരിശോധിക്കും. രോഗലക്ഷണമില്ലാത്തവർക്ക് ത്രീലെയർ മാസ്ക് നൽകും. ഇവർക്ക് സ്വകാര്യ വാഹനത്തിൽ യാത്രചെയ്യാനും 28 ദിവസം വീട്ടുനിരീക്ഷണത്തിൽ (ഹോം ക്വാറന്റൈൻ) കഴിയാനുള്ള നിർദേശം നൽകും.

രണ്ടാംഘട്ട പരിശോധനയിൽ രോഗലക്ഷണമുള്ളവരെ കണ്ടെത്തുകയാണെങ്കിൽ തുടർനടപടികൾ സ്വീകരിക്കും. ഇവരെ ഡോക്ടർ പരിശോധിക്കുകയും എൻ-95 മാസ്ക് നൽകി ആരോഗ്യ വകുപ്പിന്റെ ‘കനിവ് 108’ ആംബുലൻസിൽ ജില്ലയിൽ തയ്യാറാക്കിയിട്ടുള്ള ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുകയുംചെയ്യും.

വിമാനത്താവളത്തിലെ രണ്ട് ഹെൽപ്പ് ഡെസ്കുകളിലായി ഇതുവരെ 5200 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. കൂടാളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സോനു ബി. നായർക്കാണ് ഹെൽപ്പ് ഡെസ്കിന്റെ ചുമതല. യാത്രക്കാരിൽ കൊറോണയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് വിമാനത്താവളത്തിൽ ഏഴുപ്രദർശന ബോർഡുകൾ സ്ഥാപിച്ചു. യാത്രക്കാർക്ക് ലഘുലേഖകളും വിതരണംചെയ്യുന്നു. കിയാലിന്റെ നേതൃത്വത്തിൽ ടെയ്ക്ക് ഓഫ്, ലാൻഡിങ് സമയങ്ങളിൽ ഫ്ളൈറ്റ് അനൗൺസ്മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: