ഇനി ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ

കണ്ണൂർ: ജില്ലയിലെ പോലീസ് ഇനി ആധുനികസംവിധാനങ്ങളുള്ള പുതിയ വാഹനങ്ങളിൽ ചീറിപ്പായും. വിവിധ പോലീസ് സ്റ്റേഷനുകൾക്കായുള്ള 25 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ റേഞ്ച് ഡിഐജി കെ. സേതുരാമൻ നിർവഹിച്ചു. ഇതോടെ ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും രണ്ടു വാഹനങ്ങളായി.

കാമറകളും വയർലസും ഘടിപ്പിച്ച ജീപ്പുകളിൽ വാഹനം എവിടെയാണുള്ളതെന്നത് കൺട്രോൾ റൂമിലിരുന്ന് മനസിലാക്കാൻ കഴിയുന്ന എംഡിടിഎസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൺട്രോൾ റൂമിലെയും എസ്പി ഓഫീസിലെയും കംപ്യൂട്ടറുമായി ഇതിനെ ബന്ധിപ്പിക്കും. വാഹനം എവിടെ കൊണ്ടുപോയാലും പോലീസ് കൺട്രോൾ റൂമിലിരുന്ന് കാണാമെന്നു സാരം. എംഡിടിഎസിൽ ഘടിപ്പിച്ച പ്രത്യേക ചിപ്പ് വഴിയാണ് കൺട്രോൾ റൂമിൽ ജീപ്പിന്‍റെ ലൊക്കേഷന്‍റെ വിവരങ്ങൾ ലഭിക്കുക.

ആറളം, ചക്കരക്കൽ, ചെറുപുഴ, ചൊക്ലി, ധർമടം, എടക്കാട്, ഇരിക്കൂർ, കതിരൂർ, കണ്ണപുരം, കണ്ണവം, കണ്ണൂർസിറ്റി, കണ്ണൂർ ടൗൺ, കരിക്കോട്ടക്കരി, കേളകം, കൊളച്ചേരി, മാലൂർ, മയ്യിൽ, ന്യൂമാഹി, പാനൂർ, പയ്യാവൂർ, പഴയങ്ങാടി, പെരിങ്ങോം, പിണറായി, ഉളിക്കൽ എന്നീ പോലീസ് സ്റ്റേഷുകളിലേക്കും ഡോഗ് സ്ക്വാഡിനുമാണ് പുതുതായി ജീപ്പ് അനുവദിച്ചിരിക്കുന്നത്.

കൃത്യനിർവഹണത്തിനായി പോലീസുകാർക്ക് എത്തിച്ചേരാൻ വാഹനങ്ങളുടെ കുറവ് പ്രധാന പ്രശ്നമായി കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ പുതിയ ജീപ്പുകൾ അനുവദിച്ചത്. കാസർഗോഡ് ജില്ലയ്ക്ക് എട്ടു ജീപ്പുകളും നൽകിയിട്ടുണ്ട്. കണ്ണൂരിന്‍റെ പ്രത്യേക രാഷ്‌ട്രീയ അന്തരീക്ഷത്തിൽ സംഘർഷമേഖലയിൽ വേഗം എത്തിച്ചേരാനും മറ്റു ക്രമസമാധാനപാലത്തിനും പുതിയ ജീപ്പുകൾ സഹായിക്കും. ഫ്ലാഗ് ഓഫ് ചടങ്ങിൽ എഎസ്പി വി.ഡി. വിജയൻ, എസ്ഐ കെ. മഹേഷ് കുമാർ എന്നിവരും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: